പ്രൊട്ടസ്റ്റൻ്റ് സഭകളിലെ ഏറ്റവും വലിയ സഭയായ ആംഗ്ലിക്കൻ സഭയുടെ തലവനും കാൻ്റർബറി ആർച്ച് ബിഷപ്പുമായ റവ ഡോ ജസ്റ്റിൻ വിൽബി ഒരു സംഘം ആംഗ്ലിക്കൻ ബിഷപ്പുമാരുമൊത്തു മേയ് 2ന് റോമിൽ മാർപാപ്പയെ സന്ദർശിച്ചു. “ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന് മാത്രമേ അകന്നു കഴിയുന്ന ക്രൈസ്തവരെ ചേർത്തു നിർത്താൻ കഴിയൂ” എന്നാണ് പാപ്പാ ഈ സന്ദർശനത്തിൽ പറഞ്ഞത്.
AD 2000-നു ശേഷം 22 ഓളം
ആംഗ്ലിക്കൻ ബിഷപ്പുമാരാണ് ഇതിനോടകം കത്തോലിക്കാ സഭയിൽ ചേർന്നത്. 2021-ൽ മാത്രം 5 ആംഗ്ലിക്കൻ മെത്രാന്മാർ കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങിയെത്തി. 400- ലേറെ ആംഗ്ലിക്കൻ വൈദികരും ലക്ഷക്കണക്കിന് വിശ്വാസികളുമാണ് പ്രൊട്ടസ്റ്റൻ്റിസം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിൻ്റെ ഭാഗമായിട്ടുള്ളത് എന്നാണ് കണക്കാക്കുന്നത്. ആഗോളതലത്തിൽ പ്രൊട്ടസ്റ്റൻ്റ് വിശ്വാസം ക്ഷയിച്ചില്ലാതാകുന്നതും കത്തോലിക്കാ വിശ്വാസം വ്യാപിക്കുന്നതും ആംഗ്ലിക്കൻ കമ്യൂണിയനെ കത്താലിക്കാ വിശ്വാസത്തോടു ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
19-ാം നൂറ്റാണ്ടിലെ പ്രമുഖ ആംഗ്ലിക്കൻ ദൈവശാസ്ത്രജ്ഞനും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വൈദികനുമായ കർദ്ദിനാൾ ന്യൂമാൻ്റെ സ്വാധീനമാണ് ആംഗ്ലിക്കൻ സഭാ വിശ്വാസികളിൽ കത്തോലിക്കാ വിശ്വാസത്തോട് ആഭിമുഖ്യം വർദ്ധിക്കാൻ കാരണമെന്നാണ് ആംഗ്ലിക്കൻ ചിന്തകന്മാർ കരുതുന്നത്. പ്രൊട്ടസ്റ്റൻ്റിസത്തെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ പ്രസ്താവന വളരെ പ്രസിദ്ധമാണ് “ഒരുവൻ പ്രൊട്ടസ്റ്റൻ്റാകുന്നത് തടയിടാൻ സഭാ ചരിത്രത്തിൽ ആഴപ്പെടണം” (To be deep in history is to cease to be Protestant) എന്നായിരുന്നു കർദ്ദിനാൾ ന്യൂമാൻ പ്രസ്താവിച്ചത്.
1915 മുതൽ ആംഗ്ലിക്കൻ സഭാ തലവൻമാരുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയോട് അടുക്കുവാനും ഒരുമിച്ചു നീങ്ങുവാനും താൽപര്യം പ്രകടിപ്പിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. 2001 മുതൽ International Anglican-Roman Catholic Commission for Unity and Mission (IARCCUM) എന്ന സംഘടനയാണ് സഭൈക്യശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നൽകുന്നത്. ഫ്രാൻസിസ് പാപ്പയുടെ കാലഘട്ടം മുതൽ ആംഗ്ലിക്കൻ സഭാ നേതൃത്വം കത്താലിക്കാ സഭയോടു അടുക്കുവാൻ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴുള്ള ആംഗ്ലിക്കൻ തലവൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബി ഇതിനോടകം പല പ്രാവശ്യം മാർപാപ്പയെ സന്ദർശിച്ചിട്ടുണ്ട്.
മാത്യൂ ചെമ്പുകണ്ടത്തിൽ