കൊച്ചി: ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച് അവരുടെ വിശ്വാസം നേടുന്നവരാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ ഈ ഉത്തരവാദിത്തം ദൈവനിയോഗമായി സ്വീകരിച്ചു പാവങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പം പക്ഷപാതരഹിതമായി നിലകൊള്ളണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
ജനങ്ങളുടെ മനസുകളില്‍ ഇടംനേടുന്നവിധം ജനപ്രതിനിധികള്‍ കര്‍മനിരതരാകണമെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിഭാഗീയതയ്ക്കെതിരേ ശക്തമായി നിലകൊണ്ട്, മതസൗഹാര്‍ദത്തിനും കൂട്ടായ്മയ്ക്കും വേണ്ടി ജനപ്രതിനിധികള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് വയനാട് ജില്ലാ പഞ്ചായത്ത് അംഗവും കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി അംഗവുമായ ബീന ജോസ്, കോട്ടയം ജില്ലാ പഞ്ചായത്തംഗവും കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സെക്രട്ടറിയുമായ ജോസ് പുത്തന്‍കാല, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗവും ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് വിമന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട് , മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സിനി ബിജു പൂനാട്ട്, പറപ്പുക്കര ബ്ലോക്ക് അംഗവും കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത വൈസ് പ്രസിഡന്റുമായ റീന ഫ്രാന്‍സിസ്, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ലീല വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.