”God judges those outside. “Purge the evil person from among you.”“
(1 Corinthians 5:13)
ദൈവരാജ്യത്തിലെ ആട്ടിൻ കൂട്ടമാണ് നാം ഒരോരുത്തരും,യേശു നമ്മുടെ ഇടയനും നാം അവന്റെ കുഞ്ഞാടുകളുമാണ് എന്നാൽ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ നിന്നും ഒന്ന് കൂട്ടംതെറ്റി പോകുന്നത്, ആ കൂട്ടത്തിന്റെ ഭാഗമല്ലാതെ മാറിനിൽക്കുന്ന മറ്റെന്തെങ്കിലും ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ്. എല്ലാ ആപത്തുകളിൽ നിന്നും തന്നെ പരിരക്ഷിച്ച് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന തന്റെ യേശു ആകുന്ന ഇടയനെയും ഉപേക്ഷിച്ച്, വഴിയരുകിൽ കണ്ടുമുട്ടുന്ന ദുഷ്ടൻമാരുടെ ബാഹ്യമോടികളിൽ ആകൃഷ്ടരായി കൂട്ടം വിട്ടുപോകുന്നവർക്ക് പലപ്പോഴും ഒളിഞ്ഞിരിക്കുന്ന സാത്താന്റെ ദുഷ്ടൻമാർ നൽകുന്ന അപകടത്തെക്കുറിച്ച് ബോധ്യം ലഭിക്കുന്നത് വളരെ വൈകി ആയിരിക്കും.
ദുഷ്ടനായ ആട്ടിൻതോലിട്ട ദുഷ്ടനായ ചെന്നായ ആണ് ശ്രദ്ധ തെറ്റിച്ച് തന്നെ കൂട്ടത്തിൽനിന്നും പുറത്തുകൊണ്ടു വന്നത് എന്ന തിരിച്ചറിവ് ലഭിക്കുമ്പോൾ ബാക്കിയുള്ള ആട്ടിൻപറ്റം കാണാമറയത്ത് ആയിട്ടുണ്ടാകും. അതുകൊണ്ട് ദുഷ്ടൻമാരുടെ പ്രവർത്തികളെപ്പറ്റി ജാഗ്രത ഉള്ളവർ ആയിരിക്കണം. അതുകൊണ്ട് ദുഷ്ടനെ നമ്മളുടെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുക. ദുഷ്ടനെ മാത്രമല്ല ദുഷ്ടത ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരോ വ്യക്തികളെയും ജീവിതത്തിൽ നിന്നു മാറ്റികളയുക. ദുഷ്ടൻ ജീവിതത്തിൽ വരുന്നത് ജീവിതത്തിൽ നിന്ന് ദൈവത്തിന്റെ അനുഗ്രഹങ്ങളെ നശിപ്പിക്കാനും തടയാനും ആണ്
ദുഷ്ടൻ ജീവിതത്തിൽ വരുമ്പോൾ ദൈവഹിതത്തിനും വചനത്തിനും വിരുദ്ധമായ പ്രവർത്തികളിലേയ്ക്ക് നാം നയിക്കപ്പെടുന്നു. അതായത് അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, വ്യഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം എന്നിവയിലേയ്ക്ക് നയിക്കപ്പെടുന്നു. ദുഷ്‌ടന്റെ കൂടെ ഉള്ള പ്രവർത്തികൾ ആദ്യം സന്തോഷം തരുമെങ്കിലും പിന്നീട് തീരാ വേദനയായി മാറും. ആയതിനാൽ ദുഷ്ടനിൽ നിന്ന് അവന്റെ പ്രവർത്തികളിൽ നിന്നും അകന്ന് നിൽക്കുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.