ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള സ്വര്‍ഗ്ഗീയ മഹത്വത്തില്‍ പ്രവേശിക്കാൻ കഴിയും: ഈ പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല. കാരണം നമ്മുക്കു വേണ്ടി മരിച്ചു ഉത്ഥാനം ചെയ്ത യേശുക്രിസ്തുവാണ് നമ്മുക്ക് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ അനന്ത യോഗ്യതയാലും അവിടുത്തെ കൃപയാലും “അന്ത്യംവരെ” പിടിച്ചു നില്‍ക്കുമെന്നും, ദൈവം നല്കുന്ന നിത്യസമ്മാനമായ സ്വര്‍ഗ്ഗീയ സന്തോഷം ലഭിക്കുമെന്നും നാം പ്രത്യാശിക്കണം. ഇപ്രകാരം യേശുക്രിസ്തുവിൽ പ്രത്യാശ അർപ്പിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല.
ജീവിതത്തിൽ ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ പ്രതീക്ഷ കൈവിടാതെ ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക. 1 കോറിന്തോസ് 10 : 13 ൽ പറയുന്നു, മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. നമ്മളുടെ ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും, ദൈവം കാത്തു രക്ഷിക്കും എന്ന് തിരുവചനത്തിലൂടെ ഉറപ്പ് നൽകുന്നു. ദൈവം വിശ്വസ്തനാണ്, നമ്മളുടെ അപക്വമായ ജീവിതം പോലും കണക്കിലെടുക്കാതെ ഒരോ ദിവസവും വഴി നടത്തുന്ന നല്ല ദൈവമാണ് നമുക്ക് ഉള്ളത്. നമ്മളുടെ ദൈനംദിന ജീവിതത്തിൽ വരുന്ന വലുതും, ചെയുതും ആയ വിഷയങ്ങൾ ദൈവം അറിയാതെ സംഭവിക്കുന്നതല്ല, എന്നാൽ എന്റെ ഏതു പ്രശ്നവും മാറ്റാൻ ദൈവത്തിന് നിമിഷങ്ങൾ മതി എന്നുള്ള പൂർണ്ണ വിശ്വാസം മതി നമുക്ക് സഹനശീലമുണ്ടാകുവാൻ.
പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്; എല്ലാ സൃഷ്ടികളും ഒരർത്ഥത്തിൽ ദൈവവുമായി സംവദിക്കുന്നു. മനുഷ്യവ്യക്തിയിൽ, പ്രാർത്ഥന വചനവും, അപേക്ഷയും, ഗാനവും, കവിതയുമായി ഭവിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കരുത്, നമ്മളുടെ പ്രാർത്ഥന, ദിനം പ്രതി ഏതൊക്കെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാലും പ്രാർത്ഥന സ്ഥിരത ഉള്ളതായിരിക്കണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.