കൊച്ചി : സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ഒരു ആത്മവിമര്‍ശനത്തോടെ സ്വയം നവീകരിക്കപ്പെടാന്‍ അതിയായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥനയോടെ പ്രവൃത്ത്യുന്മുഖരായി സഭയെ നവീകരിക്കുകയും വേണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന കേരള സഭാനവീകരണകാലം ഇന്നലെ പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

കോവിഡ്കാലം പൊതുസമൂഹത്തിലെന്നതുപോലെ സഭാതലത്തിലും പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനിടയാക്കി. കോവിഡ് പ്രതിസന്ധി പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും ജാഗ്രതയോടെ ഒരുമിച്ചുകൂടുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും തടസ്സമില്ലാതായി തീര്‍ന്നിട്ടുള്ളതിനാല്‍ ഇടവകളും സ്ഥാപനങ്ങളും സംഘടനകളും കൂടുതല്‍ തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണദൗത്യം നിര്‍വ്വഹിക്കാന്‍ പ്രവര്‍ത്തനപദ്ധതികള്‍ രൂപപ്പെടുത്തുകയും, തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ടെത്തി പരിഹരിച്ച് സുതാര്യവും നിര്‍മ്മലവുമായ സഭാസമൂഹത്തെ കൂടുതല്‍ ശോഭയോടെ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും വേണം.

മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന സഭാനവീകരണകാലം സഭകള്‍ തമ്മിലും, വൈദിക മേലധ്യക്ഷന്മാരും വൈദികരും സന്യസ്തരും അത്മായ സഹോദരരും തമ്മിലുമുള്ള അകലം കുറക്കുന്നതിനും സൗഹൃദം ആഴപ്പെടുത്തുന്നതിനും അനുരഞ്ജനത്തിനും തുറവിയോടെയുള്ള പങ്കുവയ്ക്കലിനുമുള്ള അവസരമായി മാറണം.

പൗലോസ് ശ്ലീഹ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുപോലെ ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍പോലെ നാമെല്ലാവരും പരസ്പരം ചേര്‍ന്നു നില്ക്കേണ്ടവരും സഭാശരീരത്തെ പൂര്‍ണ്ണതയുള്ളതാക്കി തീര്‍ക്കേണ്ടവരുമാണ് എന്നും അദ്ദേഹം പറഞ്ഞു.


എല്ലാ മെത്രാന്മാരും സന്യസ്തസഭാ മേജര്‍ സൂപ്പീരിയര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരായ വൈദികരും ഒന്നുചേര്‍ന്ന് അര്‍പ്പിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടു കൂടിയാണ് സഭാനവീകരണകാലം 2022-2025 ഉദ്ഘാടനം ചെയ്യപ്പെട്ടത്. ദിവ്യബലിക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. ബിഷപ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. ബിഷപ്പ് ജോസഫ് മാര്‍ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

വൈകിട്ട് ആറു മണിക്ക് കെസിബിസി സമ്മേളനം ആരംഭിച്ചു.

ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.

ഫോട്ടോ മാറ്റര്‍: കേരള സഭാനവീകരണകാലം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. സ്റ്റീഫന്‍ തോമസ്, ഫാ. ജോജോ കോക്കാടന്‍, ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സിസ്റ്റര്‍ മേഴ്‌സി ജൂഡി എന്നിവര്‍ സമീപം.

Fr. Jacob G. Palackappilly
Secretariat Kerala Catholic Bishops’ Council’
Pastoral Orientation Center ( P O C )
PB No 2251,Palarivattom, Kochi – 682025

Press-Release-08.06.2022-1

നിങ്ങൾ വിട്ടുപോയത്