ഒക്ടോബർ 31: റിഫോർമേഷൻ ദിനം ( Reformation Day )
പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ (Reformation) ഓർമ്മ ദിനമായി
പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31നാണ് പ്രൊട്ടസ്റ്റൻ്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്. പല പ്രൊട്ടസ്റ്റൻ്റ് സഭാ വിഭാഗങ്ങൾക്കും പ്രത്യേകിച്ച് ലൂഥറൻ സഭാ വിഭാഗങ്ങൾക്ക് ക്രിസ്തുമസും ഈസ്റ്ററും കഴിഞ്ഞാൽ വളരെ പ്രധാനപ്പെട്ട ദിനമാണ് റിഫോർമേഷൻ ദിനം. 2024 പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ 507 -ാം വാർഷിക ദിനമാണ്.
പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിലെ ആദ്യത്തെ സിസ്റ്റമാറ്റിക് ദൈവശാസ്ത്രജ്ഞനായി അറിയപ്പെടുന്ന ഫിലിപ്പ് മെലാഞ്ചത്തോണിൻ്റെ അഭിപ്രായത്തിൽ
ഹോളി റോമൻ സാമ്രാജ്യത്തിലെ
വിറ്റൻബെർഗിലെ സകല വിശുദ്ധന്മാരുടെയും ദൈവാലയത്തിൻ്റെ മുഖ്യ കവാടത്തിൽ മാർട്ടിൻ ലൂഥർ 95 വാദങ്ങൾ” (95 Theses) പതിപ്പിച്ചത് 1517 ഒക്ടോബർ 31നാണ്.
ലൂഥറൻ കാൽവിനിസ്റ്റ് സഭകൾക്കു വളരെ പ്രധാനപ്പെട്ട ദിനമാണ് ഒക്ടോബർ 31 ലെ നവീകരണ ദിനം. റോമൻ കത്തോലിക്കാ സഭാ പ്രതിനിധികളും സഭൈക്യത്തിൻ്റെ കാഴ്ചപ്പാടിൽ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. ജർമ്മനിയിലെ 9 സംസ്ഥാനങ്ങളിലും (ബ്രാൻഡൻബർഗ്, മെക്ലെൻബർഗ്-വോർപോമ്മർ, സാക്സോണി, സാക്സോണി-അൻഹാൾട്ട്, തുരിംഗിയ, ഷ്ലെസ്വിഗ്-ഹോൾസ്റ്റീൻ, ഹാംബർഗ്, ലോവർ സാക്സോണി, ബ്രെമെൻ) സ്ലോവേനിയ, ചിലി എന്നി രാജ്യങ്ങളിലും ഇന്നേ ദിനം പൊതു അവധി ദിനമാണ്. സ്വിറ്റ്സർലണ്ട്, ആസ്ട്രിയ എന്നി രാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻ്റു വിശ്വാസികൾ ഭൂരിപക്ഷമുള്ള മേഖലകളിൽ ഒക്ടോബർ 31 അവധി ദിനമാണ്.
ചരിത്ര പശ്ചാത്തലം
1516-17-ൽ റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ പുതുക്കിപ്പണിയാനുള്ള ധന സമാഹാരണത്തിനായി പേപ്പൽ പ്രതിനിധിയും ഡൊമിനിക്കൻ സന്യാസിയും ദണ്ഡവിമോചന പ്രസംഗകനുമായ ജൊഹാൻ ടെറ്റ്സലിനെ ( Johann Tetzel) മാർപാപ്പ ജർമ്മനിയിലേക്ക് അയച്ചു. മാർട്ടിൻ ലൂഥർ ദണ്ഡവിമോചനത്തെ ധനസമ്പാദന മാർഗ്ഗമായി കാണുന്നതിനെ ശക്തമായി വിമർശിച്ചു. 1517 ഒക്ടോബർ 31 തിയതി ലൂഥർ, ദണ്ഡവിമോചനവിപണനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, മൈൻസ് മാഗ്ഡേബുർഗ് മെത്രാപ്പോലീത്താ(Archbishop of Mainz and Magdeburg) ആൽബർട്ടിനു കത്തെഴുതി. കത്തിനോടൊപ്പം അദ്ദേഹം, “ദണ്ഡവിമോചനങ്ങളുടെ ശക്തിയേയും ഫലസിദ്ധിയേയും കുറിച്ച് മാർട്ടിൻ ലൂഥറുടെ തർക്കം” (Disputation of Martin Luther on the Power and Efficacy of Indulgences). ഇതു തന്നെെയാണ് പിന്നീട് “95 വാദങ്ങൾ” (95 Theses) എന്ന പേരിൽ പ്രസിദ്ധമായത് കത്തോലിക്കാ സഭാനേതൃത്വവുമായുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല ലൂഥറിൻ്റെ ഉദ്ദേശ്യം മറിച്ച് സഭയിൽ നിലനിന്നിരുന്ന ഒരു തെറ്റായ കീഴ് വഴക്കകത്തെക്കുറിച്ചുള്ള ഒരു പ്രതിഷേധമായിരുന്നു ഇത് പിന്നിടു പ്രൊട്ടസ്റ്റൻ്റു നവോത്ഥാനത്തിനു അടിത്തറ പാകി.
നവീകരണത്തിന്റെ മുദ്രാവാക്യം VDMA
ദൈവവചനത്തിന്റെ ശാശ്വതമായ ശക്തിയും അധികാരകതയും വെളിപ്പെടുത്തുന്നതാണ് റിഫോർമേഷൻ ഡേയുടെ മുദ്രാവാക്യം
Verbum Domini Manet in Aeternum (The Word of the Lord Endures Forever)
(കർത്താവിന്റെ വചനം എന്നേക്കും നിലനിൽക്കുന്നു) എന്നതാണ് നവീകരണത്തിൻ്റെ ആപ്തവാക്യം .
എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്ക്കൊടിക്കു തുല്യരാണ്; അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുല്ക്കൊടികള് വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു.
എന്നാല്‍, കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു.
1 പത്രോസ് 1 : 24-25 എന്നീ വചനങ്ങളെ ആസ്പദമാക്കിയാണ് ഈ മുദ്രാവാക്യം രൂപപ്പെട്ടത്.
1521 ജനുവരി മൂന്നിന് ദേച്ചെത്ത് റൊമാനും പൊന്തിഫിച്ചെം എന്ന തിരുവെഴുത്തു വഴി ലെയോ പത്താമൻ മാർപാപ്പ ലൂതറിനെ സഭയിൽ നിന്നു പുറത്താക്കി.1521 ഏപ്രിൽ 16 നു വേംസ് എന്ന സ്ഥലത്തു കൂടിയ സമ്മേളത്തിൽ ലൂതർ വിശദീകരണം നൽകാൻ നിർബന്ധിതനായി. ചാൾസ് അഞ്ചാമൻ ചക്രവർത്തി ലൂതറിനെ ചോദ്യം ചെയ്യുകയും കുറ്റവാളിയായി വിധിക്കുകയും ചെയ്തു. എന്നാൽ ജർമ്മനിയിലെ പല പ്രഭുക്കന്മാരും ലൂതറിനെ അംഗീകരിക്കുന്നവരായിരുന്നു. അത്തരത്തിൽ ലൂതറിനെ സഹായിച്ചിരുന്ന വ്യക്തിയായിരുന്നു സാക്സണിലെ പ്രഭുവായിരുന്ന
ഫ്രെഡറിക് ദി വൈസ്.
1522-ൽ ഫ്രെഡറിക് കോടതിയിലാണ് ഇത് ആദ്യമായി ഈ ആപ്തവാക്യം പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം അത് കോടതിയുടെ ഔദ്യോഗിക വസ്ത്രത്തിന്റെ വലതു കൈയിൽ തുന്നിച്ചേർക്കുകയും എല്ലാവരോടും അത് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
1530 ൽ പ്രൊട്ടസ്റ്റൻ്റ് അനുഭാവികളായ പ്രഭുക്കന്മാർ ഷ്മാൾക്കാൾഡൻ ലീഗു സ്ഥാപിച്ചപ്പോൾ VDMA ലീഗിന്റെ ഔദ്യോഗിക മുദ്രാവാക്യമായി മാറി
കത്തോലിക്കാ സഭയുമായുള്ള ബന്ധം
1999 ഒക്ടോബർ 31 ന്, ലൂഥറൻ വേൾഡ് ഫെഡറേഷനും ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലും നീതീകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനത്തിൽ (Joint Declaration on the Doctrine of Justification) ഒപ്പുവച്ചു. 2013 ൽ, ലൂഥറൻ വേൾഡ് ഫെഡറേഷന്റെയും കത്തോലിക്കാസഭയുടെയും സംയുക്ത അന്താരാഷ്ട്ര കമ്മീഷൻ്റെ പ്രതിനിധികൾ, സംഘർഷത്തിൽ നിന്ന് കൂട്ടായ്മയിലേക്ക് (Conflict to Communion) എന്ന ഒരു രേഖ പ്രസിദ്ധീകരിച്ചു, 2017 റിഫോർമേഷൻ 500-ാം വാർഷികത്തിൽ ലൂഥറൻ-കത്തോലിക്കാ സംയുക്ത ആഘോഷത്തിനു ഒരുക്കമായിട്ടായിരുന്നു ഈ രേഖ .
ലൂതറൻ വേൾഡ് ഫെഡറേഷനും ക്രൈസ്തവ ഐക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺൺസിലും റീഫോർമേഷന്റെ അഞ്ചൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഐക്യുമെനിക്കൽ അനുസ്മരണത്തിൽ സംബന്ധിക്കാനായി സ്വീഡനിലെ ലുണ്ടിലേക്കു പോകും മുമ്പ് സ്വീഡനിലെ ഈശോസഭക്കാരുടെ സാംസ്കാരിക ജേർണലായ സിഗ്നും (Signum ) ഡയറക്ടറായ ഫാ: ഉൾഫ് ജോൻസ്സോൺ S. J ( Father Ulf Jonsson S.J) ഫ്രാൻസീസ് പാപ്പയുമായി നടത്തിയ അഭിമുഖത്തിൽ കത്തോലിക്കാ സഭയ്ക്ക് ലൂതറൻ പാരമ്പര്യത്തിൽ നിന്ന് എന്താണ് പഠിക്കാൻ കഴിഞ്ഞത് എന്നു ചോദിക്കുന്നുണ്ട്. അന്നു പാപ്പയുടെ നൽകിയ മറുപടി ഇപ്രകാരമായിരുന്നു.
രണ്ട് വാക്കുകളാണ് എന്റെ മനസ്സിൽ വരുന്നത് : നവീകരണവും (reform ) വിശുദ്ധ ഗ്രന്ഥവും (Scripture). ആരംഭത്തിൽ സഭയുടെ വിഷമഘട്ടത്തിൽ നവീകരിക്കുക എന്നതായിരുന്നു ലൂഥറിന്റെ ലക്ഷ്യം. സങ്കീർണ്ണമായ ഒരു സാഹചര്യത്തിന് ഒരു പരിഹാരമാണ് ലൂഥറീനു വേണ്ടിയിരുന്നത്. പിന്നീട് ഈ ഭാവം – രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ആരൂടെ സമ്രാജ്യം, അവന്റെ മതം ( cuius regio eius religio) എന്ന നിലയിലേക്കു വന്നു.- ഒരു വിഭജനത്തിന്റെ അവസ്ഥ സൃഷ്ടിച്ചു. അല്ലാതെ സഭയെ മുഴുവനായി നവീകരിക്കാനുള്ള അടിസ്ഥാനപരമായ ഒരു പ്രക്രിയ ആയില്ല. സഭ അടിസ്ഥാനപരമായ എപ്പോഴും നവീകരണത്തിന്റെ (semper reformanda) പാതയിലാണ്.
രണ്ടാമത്തെ വാക്ക് വിശുദ്ധ ഗ്രന്ഥം, ദൈവചനം ആണ്. ദൈവവചനം ജനങ്ങളടെ കൈകളിലെത്തിക്കാൻ ലൂതർ വലിയ ചുവടു തന്നെ വച്ചു. നവീകരണവും വിശുദ്ധ ഗ്രന്ഥവും ഈ രണ്ട് കാര്യങ്ങളാണ് ലൂതറൻ പാരമ്പര്യത്തെ നോക്കി നാം ആഴപ്പെട്ടുത്തേണ്ടത്.
സഭ അതു ഏതു ക്രിസ്തീയ സഭാ വിഭാഗങ്ങളുടേതും ആയികൊള്ളട്ടെ അത് എപ്പോഴും നവീകരണത്തിൻ്റെ പാതയിൽ സഞ്ചരിക്കേണ്ടത് എന്ന സത്യം ഈ ദിനം നമ്മിൽ ഉണർത്തട്ടെ
ഫാ. ജയ്സൺ കുന്നേൽ mcbs