സമവായ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതല്ലേ?

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂൺ 9നു നൽകിയ സർക്കുലറിനെ (4/2024) തുടർന്ന്, 2024 ജൂൺ 21നു നൽകിയ സിനഡാനന്തര അറിയിപ്പിലെ (Ref. No. 5/2024) നമ്പർ 2നു 2024 ജൂലൈ ഒന്നിനു നൽകിയ വിശദീകരണം (Ref. No. 6/2024) പാലിക്കപ്പെടേണ്ടതല്ലേ? ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ടും ഡീക്കന്മാരുടെ തിരുപ്പട്ടവുമായി ബന്ധപ്പെട്ടും സമവായ ചർച്ചകളിൽ നല്കപ്പെട്ട വിശദീകരണം മാറ്റമില്ലാതെ നിലനിൽക്കുന്നതാണ് എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണം പൂർണ്ണമായും നടപ്പിലാക്കണമെന്ന സിനഡു തീരുമാനം ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സമവായ ചർച്ചകൾ നടന്നതും നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടതും.
2024 ജൂലൈ മൂന്നു മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത വിശുദ്ധ കുർബാനയെങ്കിലും അർപ്പിക്കുന്നവർക്ക് ശിക്ഷാനടപടികളിൽ നിന്നും ഒഴിവുനൽകാമെന്നതായിരുന്നു അംഗീകരിക്കപ്പെട്ട സമവായം. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിനനുസൃതമായി അതിരൂപതയിലെ എല്ലാ കാനോനിക സമിതികളുടേയും രൂപീകരണവും അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ടവും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ നടത്തുന്നതാണ് എന്ന തീരുമാനവും അറിയിച്ചിരുന്നതാണ്. എന്നാൽ, ഏകീകൃത വിശുദ്ധ കുർബാനയർപ്പണം പൂർണ്ണമായും നടപ്പിലാക്കാത്ത സാഹചര്യമാണ് അതിരൂപതയിൽ നിലവിലുള്ളത്. പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാസിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്.

തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാർ അറിയിക്കാത്തതുകൊണ്ടാണ് തിരുപ്പട്ട സ്വീകരണം നീണ്ടുപോകുന്നത്.

സീറോമലബാർസഭയിൽ അഭിഷിക്തരാകുന്ന വൈദികർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന ചെല്ലണം എന്നത് അടിസ്ഥാനപരമായ നിബന്ധനയാണ്.

അതിരൂപതാ കേന്ദ്രത്തിൽ ഉത്തരവാദപ്പെട്ടവരെ കണ്ടില്ലെങ്കിൽ ആർക്കും കയറി താമസിക്കാമെന്ന വാദവും ബാലിശമാണെന്ന് തിരിച്ചറിയുക. ഇത്തരം ധാഷ്ട്യ ചിന്തകളിൽനിന്നും ആശയപ്രചരണങ്ങളിൽനിന്നും പിന്തിരിയണമെന്നും സഭയുടെ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

കാക്കനാട്,മൗണ്ട് സെൻറ് തോമസിൽ നിന്നും മീഡിയ കമ്മീഷൻ ഔദ്യോഗികമായി പുറപ്പെടുവിക്കുന്നത്

നിങ്ങൾ വിട്ടുപോയത്