സ്വവർഗ വിവാഹം എന്ന പദപ്രയോഗം ഉചിതമല്ലെന്ന് പ്രൊലൈഫ്

കൊച്ചി: ഒരേ ലിംഗത്തിൽ പെടുന്നവർ ഒരുമിച്ചു താമസിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുമ്പോൾ വിവാഹമെന്ന പദം ഉപയോഗിക്കുന്നതു തെറ്റാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.

ലോകമെങ്ങും പരമ്പരാഗതമായി പ്രായപുർത്തിയായ പുരുഷനും സ്ത്രിയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നിയമപരമായി നടത്തുന്നതാണ് വിവാഹം .

സമൂഹത്തിൽ വിവിധ തരത്തിൽ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ഉണ്ടാകും. ലൈംഗീകതയുടെവികലമായ കാഴ്ച്ചപ്പാടിൽ ഒത്തു വാസം നടത്തുന്നവരുടെ സ്വകാര്യ സ്വാതന്ത്ര്യ നീക്കങ്ങൾക്ക് പരിപാവനമായ വിവാഹമെന്ന പദം ചേർത്ത് വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണജനകമാണ്. വിവാഹത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളിലൊന്നായ ജീവസന്താരണം എന്ന പ്രക്രിയ നടക്കാത്ത സ്വവർഗ പ്രണയ ഒന്നിക്കലിനെ സ്വവർഗ “വിവാഹം”- എന്ന് വിശേഷിപ്പിക്കാനാകില്ല.മറിച്ച് സ്വവർഗബന്ധം/സ്വവർഗ സഹവാസം എന്നൊക്കെയേ പറയാനാകൂ.

ഒത്തുവാസം, സ്വവർഗ പ്രണയം, സ്വവർഗ ജീവിതം ഇതുപോലുള്ള ഏതെങ്കിലും പദപ്രയോഗങ്ങൾ നിയമ -മാധ്യമ മേഖലയിൽ ഉള്ളവർക്ക് ഉപയോഗിക്കാമല്ലോയെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു.

സ്വവർഗ വാസം ആഗ്രഹിക്കുന്നവർക്ക് അംഗീകാരം നൽകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞുള്ള സുപ്രിം കോടതിയുടെ നോട്ടീസിനു കേന്ദ്രസർക്കാർ ഭാരതത്തിന്റെ ധാർമിക മുല്യങ്ങൾക്കനുസരിച്ചു ഉചിതമായ മറുപടി നൽകുമെന്നും പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്വവർഗ വാസത്തെ ശക്തമായി എതിർക്കുന്ന ക്രൈസ്തവ കാഴ്ചപ്പാടുകളെ വികലമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും പ്രധിഷേധം അർഹിക്കുന്നു.

ക്രിസ്മസ് നക്ഷത്രം, കാർഡുകൾ, ആഘോഷങ്ങൾ എന്നിവയിലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങളെയും മുളയിലേ നുള്ളികളയണമെന്നും അദ്ദേഹം വ്യക്തമാക്കി.





