വത്തിക്കാന്‍ സിറ്റി: ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ലായെന്നും അവർ അൽമായരായി ഇരിക്കുന്നതാണ് നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാന്‍ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വ്യക്തിമാഹാത്മ്യം, സ്വയം പ്രമാണിത്വം, നിസ്സംഗത എന്നിവയാണ് സമൂഹ ജീവിതത്തിന്റെ വെല്ലുവിളികളെന്നും ദൈവമാണ് ഒരു പുരോഹിതനെ തിരഞ്ഞെടുത്തത് എന്നതിനാൽ അവന്‍ ദൈവജനത്തിനിടയിൽ ഒരു ഇടയനായിരിക്കണമെന്നും പാപ്പ പറഞ്ഞു.
ചെറിയ സംഘങ്ങൾ സൃഷ്ടിച്ച് ഉൾവലിയുന്നതും, ഒറ്റപ്പെടുത്തുന്നതിനും, മറ്റുള്ളവരെ വിമർശിക്കുന്നതിനും, മോശമായി സംസാരിക്കുന്നതിനും, സ്വയം ശ്രേഷ്ഠനും ബുദ്ധിമാനുമാണെന്ന് വിശ്വസിക്കാനുമുള്ള” പ്രലോഭനങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ മുന്നറിയിപ്പ് നൽകി. പരദൂഷണവും കുറ്റംപറച്ചിലും മറ്റുള്ളവരെ കുറച്ചു കാട്ടലും ഒഴിവാക്കി ദൈവത്തിന്റെ കരുണയെ നോക്കാനും ചിന്തിക്കാനും അപരനെ ഒരു ദാനമായി കണ്ടു സ്വാഗതം ചെയ്യാനും പാപ്പ ആഹ്വാനം ചെയ്തു. നമ്മുടെ ബലഹീനതകൾ കർത്താവുമായി കണ്ടുമുട്ടാനുള്ള ആധ്യാത്മികവിദ്യയുടെ ഇടമാണെന്നു പറഞ്ഞ പാപ്പ, തന്റെ ബലഹീനതകളെ തിരിച്ചറിയുന്ന ‘ബലഹീനനായ വൈദികൻ’ അവയെ കുറിച്ച് കർത്താവിനോട് സംസാരിക്കുമ്പോൾ നന്നായി വരുമെന്നും എന്നാൽ ‘സൂപ്പർമാൻ’മാരായ പുരോഹിതർ ദൗർഭാഗ്യത്തിൽ ചെന്നെത്തുമെന്നും പാപ്പ ഓർമ്മിപ്പിച്ചു.