ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന സുദിനം. ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയുടെമേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവാണ്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട അച്ചൻ, അല്ല കുഞ്ഞച്ചൻ ആ ഇടവകയിൽ ജനിച്ച് 47 കൊല്ലങ്ങൾ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച ഫാദർ അഗസ്റ്റിൻ തേവർപറമ്പിൽ ആയിരുന്നു. പൊക്കം അഞ്ചടിയിൽ കുറവായിരുന്നതുകൊണ്ട് കുഞ്ഞച്ചൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ബന്ധിതർക്ക് മോചനവും പീഡിതർക്ക് ആശ്വാസവും
രാമപുരത്ത് 1891ൽ ആണ് കുഞ്ഞച്ചൻ ജനിച്ചത്, ഇട്ട്യേപ്പ് മാണി – എലീശ്വ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി. പ്രാഥമിക പഠനത്തിന് ശേഷം ചങ്ങനാശ്ശേരി മൈനർ സെമിനാരിയിലും വരാപ്പുഴ പുത്തൻപള്ളി മേജർ സെമിനാരിയിലുമായി പൗരോഹിത്യപഠനം പൂർത്തിയാക്കി. 1921 ഡിസംബർ 17ന് മാർ തോമസ് കുര്യാളശ്ശേരി പിതാവിൽ നിന്ന് പട്ടം സ്വീകരിച്ചു.
രാമപുരം സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ അസിസ്റ്റന്റ് ഇടവക വികാരിയായി ഒരു കൊല്ലം ഇരുന്നതിന് ശേഷം കടനാട് പള്ളിയിലേക്ക് പോയെങ്കിലും അനാരോഗ്യം നിമിത്തം 1926ൽ രാമപുരത്തേക്ക് തന്നെ തിരിച്ചുവന്നു.
അവിടെ ആ സമയത്ത് അറുന്നൂറോളം ദളിത് കുടുംബങ്ങളുണ്ടായിരുന്നു. അവരുടെ അവസ്ഥ ശോചനീയവുമായിരുന്നു. തൊട്ടുകൂടാത്തവർ, തീണ്ടികൂടാത്തവർ എന്നും പറഞ്ഞു പറയ, പുലയ വർഗ്ഗത്തോട് ക്രൂരമായ പെരുമാറ്റം സമൂഹത്തിൽ നിലനിന്നിരുന്നു. പൊതുനിരത്തിലൂടെ നടക്കാനോ പൊതുകിണറുകൾ ഉപയോഗിക്കാനോ അവർക്ക് അനുവാദമുണ്ടായില്ല. വിദ്യാഭ്യാസം ഒട്ടും ലഭിക്കാത്തതുമൂലം അന്ധവിശ്വാസങ്ങളിൽ പെട്ടുഴറിയിരുന്ന അവരെ തരംതാഴ്ത്തി, അടിമകളെപ്പോലെ കണക്കാക്കി ഹീനവേലകൾക്കായി ഉപയോഗിച്ച്, ധാരാളമായി ചൂഷണം ചെയ്തുപോന്നിരുന്നു.
രാമപുരം സെന്റ് അഗസ്റ്റിൻ ദേവാലയത്തിലെ വാർഷികധ്യാനത്തോട് അനുബന്ധിച്ച് ധ്യാനഗുരുക്കന്മാർ ഇരുന്നൂറോളം ദളിതരെ ദേവാലയത്തിൽ കൊണ്ടുവന്ന് കത്തോലിക്കാവിശ്വാസത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പഠിപ്പിച്ചു. ശരിയായ നിർദ്ദേശങ്ങൾ ലഭിച്ചപ്പോൾ അവർ മാമോദീസ സ്വീകരിക്കാൻ ആഗ്രഹിച്ചു. പക്ഷെ ആരാണ് അവരെ സംരക്ഷിക്കുക,? ഫാദർ അഗസ്റ്റിൻ തേവർപറമ്പിൽ സന്നദ്ധനായി മുന്നോട്ടു വന്നു. അവരുടെ സേവനത്തിനായി ജീവിതം അർപ്പിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു. ആ തീരുമാനം കുഞ്ഞച്ചനെ ആ നാട്ടിൽ കഷ്ടതയനുഭവിക്കുന്ന ആയിരങ്ങളുടെ നേതാവും വിമോചകനുമാക്കി.
തന്റെ മക്കളിൽ ഓരോരുത്തരിലും ഈശോയുടെ മുഖം കണ്ടവൻ
പിന്നെയൊരു തിരിച്ചുപോക്കില്ലായിരുന്നു. കുഞ്ഞച്ചന് താഴ്ന്ന വർഗ്ഗക്കാരെല്ലാം ‘മക്കളായിരുന്നു’. അവരുടെ ക്ഷേമത്തിനായി തന്റെ അവസാനശ്വാസം വരെ വളരെ ക്ഷമയോടും അത്യന്തം കരുണയോടും കൂടെ അദ്ദേഹം വേല ചെയ്തു. അദ്ദേഹത്തിന്റെ കണ്ണിൽ അവർക്കെല്ലാം ഈശോയുടെ മുഖമായിരുന്നു. അവരുടെ ‘കുഞ്ഞച്ചന് ‘ അസാധാരണ കഴിവുകളോ പ്രത്യക്ഷത്തിലുള്ള കൃപകളോ ഇല്ലായിരുന്നു. എളിയ പുരോഹിതന്റെ ജീവിതശൈലി ആയിരുന്നു. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള തന്റെ അശ്രാന്തപരിശ്രമത്തിന് ആരുടെയും അംഗീകാരം കുഞ്ഞച്ചൻ ആഗ്രഹിച്ചില്ല. സത്യത്തിൽ അദ്ദേഹത്തിന് എതിർപ്പുകളും കടുത്ത വിമർശനവും നേരിടേണ്ടി വന്നത് സവർണ്ണഹിന്ദുക്കളിൽ നിന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രവൃത്തികളെ പുച്ഛത്തോടെ കണ്ട പാരമ്പര്യക്രിസ്ത്യാനികളിൽ നിന്നുകൂടെ ആയിരുന്നു. ഒരു മതാധ്യാപകൻ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സഹചാരി.
ഒന്നിനെയും ഭയപ്പെടാതെ കുഞ്ഞച്ചൻ ദളിത് സഹോദരന്മാരുടെയും സഹോദരിമാരുടെയും ഉന്നമനത്തിൽ ശ്രദ്ധ ചെലുത്തി. ദിനം പ്രതി അവരുടെ വീടുകൾ സന്ദർശിച്ചു. അവരുടെ പണിസ്ഥലങ്ങൾ പോയി കണ്ടു. ഏറ്റവും ഇളയവരിൽ നിന്ന് മുതിർന്നവർ വരെ ഓരോരുത്തരുടെയും പേര് കുഞ്ഞച്ചന് അറിയാമായിരുന്നു. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങൾ എഴുതിയ രജിസ്റ്റർ അദ്ദേഹം സൂക്ഷിച്ചു. യേശുവിന്റെ സുവിശേഷം അവരെ അറിയിച്ചു. അദ്ദേഹത്തിന്റെ തീക്ഷ്‌ണത മൂലം കുറഞ്ഞത് 5000 പേർ സഭയിലേക്ക് ചേർന്നു.
താഴ്ന്ന ജാതിക്കാരുടെ ആധ്യാത്മിക കാര്യങ്ങൾ മാത്രമല്ല, സാമൂഹിക, സാംസ്കാരിക, ബൗദ്ധിക, കലാപരമായ ക്ഷേമം തന്റെ ബുദ്ധിമുട്ടുകൾ നോക്കാതെ കുഞ്ഞച്ചൻ ലക്ഷ്യം വെച്ചു. ദളിതർ ക്രിസ്ത്യാനികളായിമാറിയപ്പോൾ ഗവൺമെന്റ് അവരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കിയപ്പോഴും അദ്ദേഹം തളർന്നില്ല. ശാന്തവും സൗമ്യവുമായ അദ്ദേഹത്തിന്റെ ഇടപെടലുകൾ അവസാനം ശത്രുപക്ഷത്തുള്ളവരുടെ മനസ്സ് പോലും മാറ്റി.
പ്രാർത്ഥനയിൽ നിന്ന് ശക്തി സംഭരിച്ച കുഞ്ഞച്ചൻ
ദുർബലശരീരവും അനാരോഗ്യവും എന്നും കൂട്ടിനുണ്ടായ കുഞ്ഞച്ചന് എവിടെനിന്നാണ് സമൂഹത്തിലെ ഉച്ചനീചത്വങ്ങളോടും താഴ്ന്നവരെ അവഗണിക്കുന്നതിനെതിരെയും ഒക്കെ പൊരുതി ജയിക്കാനുള്ള ശക്തി ലഭിച്ചത്? മാനുഷികശക്തിയിലല്ല ദൈവത്തിന്റെ ശക്തിയിലാണ് അദ്ദേഹം ആശ്രയിച്ചത്. ദിവ്യകാരുണ്യത്തിന് മുൻപിൽ ഏറെനേരം പ്രാർത്ഥിച്ചിരുന്നു. നല്ലൊരു മരിയഭക്തനായിരുന്നു. തന്റെ ഇടവകവികാരിയെയും മെത്രാനേയും അങ്ങേയറ്റത്തെ എളിമയോടെ കുഞ്ഞച്ചൻ അനുസരിച്ചു.
തന്റെ വിശ്വാസം കുഞ്ഞച്ചൻ ജീവിച്ചു കാണിച്ചു. തന്റെ ദിവ്യനാഥന്റെ വാക്കുകൾ അദ്ദേഹം തന്റെ ഹൃദയത്തിൽ ആഴത്തിൽ ആലേഖനം ചെയ്തിരുന്നു. ” സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്”. ദളിതരെ ശുശ്രൂഷിക്കുമ്പോൾ കർത്താവിനാണ് ഇതെല്ലാം ചെയ്യുന്നതെന്ന ബോധ്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്.
വീരോചിതമായ പ്രവർത്തികൾ ശ്രദ്ധിക്കപ്പെടുന്നു
കഠിനപരിശ്രമങ്ങളിൽ പരിക്ഷീണിതനായി ഒക്ടോബർ 16, 1973ൽ കുഞ്ഞച്ചൻ തന്റെ നിത്യസമ്മാനത്തിനായി യാത്രയായി. തീക്ഷ്‌ണമായ ദൈവസ്നേഹവും, പാവപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും സേവിക്കാൻ കാണിച്ച അർപ്പണബോധവും ദളിതരുടെ ഉന്നമനത്തിനായുള്ള കഠിനപ്രയത്നങ്ങളും നിമിത്തം ജീവിച്ചിരിക്കുമ്പോഴേ ഒരു വിശുദ്ധനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അധികം വൈകാതെ കുഞ്ഞച്ചന്റെ ശവകുടീരം ഒരു തീർത്ഥാടനകേന്ദ്രമായി. 1987ൽ അദ്ദേഹത്തിന്റെ നാമകരണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങി. 2004 ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ, കുഞ്ഞച്ചൻ വീരോചിതമായ രീതിയിൽ നന്മകൾ പ്രവർത്തിച്ചതിനെ ശ്ലാഘിച്ച് ഡിക്രി പുറപ്പെടുവിച്ചതോടെ ഫാദർ അഗസ്റ്റിൻ തേവർപറമ്പിൽ ധന്യനായി പ്രഖ്യാപിക്കപ്പെട്ടു.
ഡിസംബർ 19, 2005ൽ കുഞ്ഞച്ചന്റെ മധ്യസ്ഥതയിലൂടെ നടന്ന ഒരു അത്ഭുതം ബെനഡിക്റ്റ് പതിനാറാമൻ പാപ്പ അംഗീകരിച്ചു. ഇടുക്കി അടിമാലിയിലെ ഗിൽസൻ എന്ന് പേരുള്ള ബാലന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞിരുന്നത് നേരെ ആയിരുന്നു. കുഞ്ഞച്ചന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള വഴി തുറന്നത് ഈ അത്ഭുതമാണ്.
വാഴ്ത്തപ്പെട്ടവനായി കുഞ്ഞച്ചനെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടയിൽ നടന്ന കുർബാനമധ്യേയുള്ള പ്രസംഗം കർദ്ദിനാൾ വർക്കി വിതയത്തിൽ പിതാവ് ഉപസഹരിച്ചത് ഇങ്ങനെയാണ്, “ഈ ലോകത്തിലെ നമ്മുടെ ആത്യന്തികമായ ജീവിതലക്ഷ്യം എന്ന് പറയുന്നത് വിശുദ്ധി നേടുക എന്നുള്ളതാണ്. കുഞ്ഞച്ചൻ എന്ന ഈ ഇടവകവൈദികന്റെ വിശുദ്ധ ജീവിതം ഇടവകവൈദികരെ മാത്രമല്ല, എല്ലാ ജീവിതാവസ്ഥകളിലുമുള്ള വിശ്വാസികൾക്കും വിശുദ്ധിയുള്ള ജീവിതം നയിക്കാൻ പ്രചോദനമായി തീരട്ടെ “
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തേവർപറമ്പിലിന്റെ തിരുന്നാൾ മംഗളങ്ങൾ
ജിൽസ ജോയ്