പത്താമത് ആഗോള കുടുംബസംഗമത്തിൻ്റെ ലോഗോയും ചർച്ചാ വിഷയവും ഫ്രാൻസിസ് പാപ്പ റോമ രൂപതയുടെ യൂട്യൂബ്ചാനൽ വഴി പുറത്തിറക്കി.
2022 ജൂൺ 22 മുതൽ 26 വരെയാണ് റോമിൽ വച്ച് ആഗോള കുടുംബസംഗമം ഒരുക്കുന്നത്. കുടുംബസ്നേഹം: ഒരു വിളിയും, വിശുദ്ധിയിലേക്കുള്ള വഴിയും എന്നതാണ് സംഗമത്തിൻ്റെ ചർച്ചാ വിഷയം.
വീഡിയോ സന്ദേശത്തിലൂടെ 2022 ജൂൺ മാസത്തിൽ ആഗോള കുടുംബസംഗമം നടക്കും എന്നും അതിന് വേണ്ട നിർദേശങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി വഴി നൽകും എന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞത്. കൊറോണ വ്യാപനത്തിന് മുമ്പ് 2021 ൽ നടത്താൻ വിചാരിച്ചതായിരുന്നു, എന്നാൽ 2022 ലേക്ക് പിന്നീട് മാറ്റിയതാണ്. ഈ പുതിയ കൊറോണ സാഹചര്യത്തിൽ യാത്രകൾക്ക് തടസങ്ങൾ ഉള്ളതിനാൽ പ്രാദേശിക തലത്തിലും കൂടുതൽ ആഘോഷങ്ങൾ ക്രമീകരിക്കാൻ വത്തിക്കാൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്.
റോമിൽ ദൈവശാസ്ത്ര – അജപാലന സെമിനാറുകളും, ചർച്ചകളും വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ചും, വി. ബലി അർപ്പണങ്ങൾ സാൻ പിയത്രോ ചത്വരത്തിലും വച്ച് ഒരുക്കാനുമാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. അതിനോട് കൂടെതന്നെ പ്രാദേശിക തലത്തിൽ ആഘോഷങ്ങൾ ഒരുക്കാൻ മെത്രാന്മാർക്ക് നിർദേശങ്ങൾ നൽകി. റോമിലെ ആഘോഷങ്ങളിൽ ആഗോളതലത്തിലുള്ള കുടുംബ സംഘടനകളെയും, മുന്നേറ്റങ്ങളെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും കുടുംബങ്ങൾ ആഗോളസംഗമത്തിൽ പങ്കെടുക്കാൻ പ്രാർത്ഥിച്ച് ഒരുങ്ങുന്നുണ്ട്.
കൈനീട്ടി സ്വീകരിക്കുന്ന തിരുസഭ മാതാവിനെ പോലെ നിൽക്കുന്ന വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ചത്വരവും, കുരിശിന് പിന്നാലെ അണിനിരക്കുന്ന അപ്പനും, അമ്മയും, മക്കളും, അപ്പൂപ്പനും, അമ്മൂമ്മയും ആണ് ലോഗോയിൽ ഉള്ളത്. ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ അമൊരിസ് ലറ്റീഷ്യയിൽ പറയുന്നത് പോലെ തിരുസഭ കുടുംബങ്ങളുടെ കുടുംബമാണ് എന്നാണ് സംഗമത്തിൻ്റെ ലോഗോ പറയുന്നത്. കൂടാതെ ഈ സംഗമം സഭാകൂട്ടായ്മയിൽ നിന്നും അകലെയുള്ള കുടുംബങ്ങളെ തിരുസഭയിലേക്ക് ക്ഷണിക്കാൻ ശ്രമിക്കുന്നതും ആണ് എന്നും ലോഗോ അർത്ഥം വയ്ക്കുന്നുണ്ട്.
കുടുംബം കൂട്ടായ്മയുടെ അടയാളമാണെന്നും, കൂട്ടായ്മക്ക് വേണ്ടി നിലനിൽക്കേണ്ടതാണെന്നും പാപ്പ സന്ദേശത്തിൽ പറയുന്നു. ലോഗോയിലുള്ള മഞ്ഞയും ചുവപ്പും നിറങ്ങൾ റോമിനേയും, സഭയുടെ രക്തസാക്ഷിതത്തെയും വിശുദ്ധിയെയും കാണിക്കുന്നു എന്നുപറയുന്നു.
ഫോട്ടോ കടപ്പാട്: വത്തികാൻ മീഡിയ
ഫാ ജിയോ തരകൻ