ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം
ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്:
കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.
വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം സ്വന്തമാക്കാനും നശിപ്പിക്കാനുമുള്ള മനോഭാവം ഉചിതമല്ല.
ദൈവം ദാനമായി നല്‍കുന്ന മനുഷ്യജീവന്റെ ആയുസിന് പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് ധാര്‍മ്മികമല്ലെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു.
ശാരീരിക മാനസിക ശേഷികളുടെ പരിമിതികളോടെ ജനിച്ച അനേകര്‍ ലോകത്തിന് അനുഗ്രഹമായി ജീവിക്കുമ്പോള്‍ ഉദരത്തില്‍ വളരുന്ന ശിശുവിനെ കൊല്ലുവാനുള്ള തീരുമാനം പരിഷ്‌കൃത സമൂഹത്തിനു സ്വീകരിക്കാന്‍ സാധ്യമല്ല.
28 ആഴ്ചപ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഒരു കേസില്‍ ഡല്‍ഹി ഹൈകോടതി അനുവാദം നല്‍കിയത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുവാന്‍ ഇടയാകും.
നിലവിലുള്ള എല്ലാ നിയമങ്ങളെയും അവഗണിക്കുന്ന വിധി ജീവന്റെ സംസ്‌കാരത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വളരെ വേദന ഉളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഭാഗമായും ഗര്‍ഭചിദ്രത്തിനുള്ള അനുവാദത്തെ കാണുവാന്‍ ശ്രമിക്കുന്നതും ശരിയല്ല. സ്ത്രീ പുരുഷ സംയോഗത്തിലൂടെ ജന്മംപ്രാപിക്കുന്ന കുഞ്ഞിന്റെ ജനനത്തില്‍ ഇരുവര്‍ക്കും തുല്യപങ്കാളിത്തവും അവകാശവും ലഭിക്കുന്നതാണ്.
വിവാഹം കഴിഞ്ഞ ദമ്പതികളില്‍ ഒരാള്‍ ഗര്‍ഭധാരണത്തിന് ശേഷം ഏകപക്ഷിയമായി കുഞ്ഞിനെ വേണ്ടെന്നു വെയ്ക്കുന്നത് മാതൃ -പിതൃബന്ധങ്ങള്‍ക്ക് ഉലച്ചില്‍തട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ശാസ്ത്രിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ജീവിത ദൈർഘ്യം, വരുവാൻ സാധ്യതയുള്ള രോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ജനിക്കാൻ അനുവദിക്കണമോയെന്ന് തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുമോയെന്നും സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു
മനുഷ്യജീവന്റെ അന്തസ്സ് മാനിക്കണം. കുഞ്ഞിന്റെ രോഗം ഒരിക്കലും മനുഷ്യാവസ്ഥയ്ക്കും, മനുഷ്യജീവന്റെ അന്തസ്സിനും കോട്ടം സംഭവിക്കുന്നില്ല.ഇതാണ് അടിസ്ഥാനപരമായ നിയമം.
പിറന്ന കുട്ടിയും പിറക്കാത്ത കുട്ടിയും തമ്മിൽ പ്രായവ്യത്യാസമേ ഉള്ളു, പ്രാണവ്യത്യാസം ഇല്ല.
. ഏതൊരു കുഞ്ഞാണെങ്കിലുംഎപ്പോൾ ജീവൻ ആരംഭിച്ചുവോ അപ്പോൾമുതൽ അതൊരു പൂർണ മനുഷ്യനും പൂർണ മനുഷ്യവ്യക്തിയുടെ അന്തസ്സ് കൈയ്യാളുന്നവനുമാണ്.
കാരുണ്യവധം ഇതിന്റെ മറ്റൊരു രൂപം ആണ്. ഗുണമെന്മ നോക്കി മനുഷ്യജീവന് വില നിശ്ചയിക്കരുത്.
:“മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ” (ജെറ 1:5)
“ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല”(സങ്കീ 139:15)
നീ ഗർഭച്ഛിദ്രത്താൽ ഭ്രൂണത്തെ കൊല്ലുകയോ നവജാതശിശു നശിക്കുവാൻ ഇടവരുത്തുകയോ ചെയ്യരുത്. ” (ദിദാക്കെ 2: 2)