“കുട്ടിയെ എനിക്കും വേണ്ടാ, നിനക്കും വേണ്ടാ,അവനെ വിഭജിക്കുക”.പഴയ നിയമത്തിൽ സോളമൻ രാജാവിന്റെ പക്കൽ വന്ന രണ്ട് സ്ത്രീകളിൽ ഒരുവൾ പറഞ്ഞ പ്രസ്താവനയാണിത്. (1രാജാ 3:16-28). ഈ പ്രസ്താവനയോടെ കുഞ്ഞിന്റെ യഥാർത്ഥ അമ്മയാരെന്ന് രാജാവിന് മനസ്സിലാവുകയും അദ്ദേഹം യഥാർത്ഥ ഉടമയായ സ്ത്രീക്ക് കുഞ്ഞിനെ നൽകുകയും ചെയ്തു. അതായത് കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്ന് പറഞ്ഞവളാണ് യഥാർത്ഥ അമ്മ. അമ്മയല്ലാത്തവൾ കുഞ്ഞിനെ വിഭജിക്കാനാണ് ആവശ്യപ്പെട്ടത്.

ഒരു അപ്പസ്തോലിക സഭയായ സീറോ മലബാർ സഭ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളും മുകളിൽ പറഞ്ഞതിനോട് സമാനമാണ്.

സഭയുടെ കൂട്ടായ്മയുടെ ഏറ്റവും അടിസ്ഥാന ഘടകമായ വിശുദ്ധ കുർബാനയർപ്പണം 2021ലെ സിനഡ് തീരുമാനത്തോടെ സഭയിലാകമാനം ഏകീകൃതരൂപം കൈവരിച്ചപ്പോൾ ലോകമെങ്ങുമുള്ള സഭാംഗങ്ങൾ അതിനെ സഹർഷം സ്വാഗതം ചെയ്യുകയാണ് ചെയ്തത് .എന്നാൽ,കൂട്ടായ്മയുടെയും ഐക്യത്തിന്റെയും ബലിപീഠം സഭയിൽ യാഥാർത്ഥ്യമായപ്പോൾ മറുവശത്ത് നിർഭാഗ്യവശാൽ ഒരു കൂട്ടർ വിഭജനത്തിന്റെ കാഹളമാണ് മുഴക്കിയത്!

ഈ പശ്ചാത്തലത്തിൽ ഭാഗ്യസ്മരണാർഹനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ 2003 ഏപ്രിൽ 17ന് പുറത്തിറക്കിയ “സഭ വിശുദ്ധ കുർബാനയിൽ നിന്ന്” എന്ന ചാക്രിക ലേഖനത്തിലെ വാക്കുകൾ ശ്രദ്ധേയമാണ് :”വിശുദ്ധ കുർബാനയുടെ ആഘോഷം കൂട്ടായ്മയുടെ ആരംഭം ആയിരിക്കാൻ പറ്റുകയില്ല. കൂട്ടായ്മ മുൻകൂട്ടി ഉണ്ടായിരിക്കണം” (Ecclesia de Eucharistia,No.35). അതായത്, കൂട്ടായ്മയിലാണ് വിശുദ്ധ ബലി അർപ്പിക്കപ്പെടേണ്ടത് എന്ന വസ്തുത പരിശുദ്ധ പിതാവ് നമ്മെ എല്ലാവരെയും ഓർമ്മിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഏകീകൃത ബലിയർപ്പണം സഭയിൽ നടപ്പിലായി രണ്ടുവർഷം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ഇന്നും പരിഹരിക്കപ്പെടുന്നില്ല എന്നത് ഏറെ വേദനാജനകമാണ്. ചില വ്യക്തികളുടെ ഇടുങ്ങിയ കാഴ്ചപ്പാടുകളും പിടിവാശിയും ആണ് ഇതിന് കാരണം.ആഗോള സ്വഭാവം കൈവരിച്ച സീറോ മലബാർ സഭയുടെ നന്മയെക്കാൾ തങ്ങളുടെ പ്രാദേശിക സങ്കുചിത വികാരങ്ങൾക്ക് ചിലർ പ്രാധാന്യം കൊടുക്കുന്നു എന്നതാണ് ഇന്നത്തെ പ്രതിസന്ധി. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ നിർദ്ദേശങ്ങൾക്കു പോലും പലരും പുല്ലുവില കല്പിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. തന്റെ ചാക്രിക ലേഖനത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ചൂണ്ടിക്കാണിക്കുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആരാധനക്രമ പരിഷ്കരണ രംഗത്ത് ഉണ്ടായ ചില ദുരുപയോഗങ്ങളുടെ പശ്ചാത്തലം ഇന്നും ചിലയിടങ്ങളിൽ ആവർത്തിക്കപ്പെടുകയാണ്.മാർപാപ്പ സൂചിപ്പിക്കുന്നതു പോലെ അമിതമായ ആചാരപരതയോടുള്ള (formalism) പ്രതികരണം ചിലരെ, പ്രത്യേകിച്ച് ചില പ്രദേശങ്ങളിലുള്ളവരെ, സഭയുടെ മഹത്തായ ആരാധനക്രമ പാരമ്പര്യവും അവളുടെ പ്രബോധനാധികാരവും തിരഞ്ഞെടുത്ത ആചാരങ്ങൾ (forms) കടപ്പെടുത്തുന്നവയല്ലെന്ന ചിന്തയിലേക്ക് നയിച്ചു (Ecclesia de Eucharistia,No.52). വാസ്തവത്തിൽ ഇന്ന് സീറോ മലബാർ സഭയിലെ എറണാകുളം- അങ്കമാലി അതിരൂപതയിൽപ്പെട്ട ചിലർ ഉയർത്തുന്ന വാദഗതികൾ ഇതിനോട് സമാനമാണ്. സഭയുടെ മഹത്തായ ആരാധനക്രമ പാരമ്പര്യവും അവളുടെ പ്രബോധനാധികാരവും നിശ്ചയിച്ചു തന്ന വിശുദ്ധ കുർബാനയുടെ ഏകീകൃതബലിയർപ്പണ രീതിയെ വെറും ‘റൂബ്രിക്സ്’ (Rubrics)എന്ന് വിളിച്ച് അവഹേളിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്!

ഫ്രാൻസിസ് മാർപാപ്പ 2020 ഒക്ടോബർ 3ന് പുറത്തിറക്കിയ “എല്ലാവരും സഹോദരർ”(Fratelli Tutti) എന്ന തന്റെ ചാക്രിക ലേഖനത്തിൽ പ്രാദേശികതയെയും സാർവത്രികതയെയും കുറിച്ച് പ്രത്യേകം പറയുന്നുണ്ട് (Nos.142-153). ഒരുതരം “പ്രാദേശിക സ്വാത്മ പ്രേമ”ത്തെക്കുറിച്ച് ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സ്വന്തം ജനതയോടും സംസ്കാരത്തോടുമുള്ള ആരോഗ്യകരമല്ലാത്ത ഒരു സ്നേഹം ആയിട്ടാണ് അദ്ദേഹം ഇതിനെ അവതരിപ്പിക്കുന്നത്. ഇത് ഒരുതരം അരക്ഷിതത്വത്തിൽ നിന്നും മറ്റുള്ളവരോടുള്ള ഭയത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ചില കാര്യങ്ങളെ തള്ളിക്കളയുന്നതിലേക്കും സ്വയം സംരക്ഷണത്തിനു വേണ്ടിയുള്ള മതിലുകൾ പണിയാനുള്ള ആഗ്രഹത്തിലേക്കും ഇത് നയിക്കുന്നു എന്ന് പാപ്പ ഓർമിപ്പിക്കുന്നു. ഇത്തരത്തിലുള്ള “പ്രാദേശിക സ്വാത്മ പ്രേമം” മറ്റ് സംസ്കാരങ്ങളിൽ നിന്നുള്ള സമ്പന്നമാക്കലിനോട് തുറവില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ വലിയ ലോകം നൽകുന്ന വിപുലമായ കഴിവുകളെയും സൗന്ദര്യത്തെയും പ്രശംസിക്കാത്തവരായി ഇത്തരക്കാർ മാറുന്നുവെന്ന് അദ്ദേഹം പറയുന്നു (No.146).

ഇന്ന് എറണാകുളം- അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ ഉയർത്തുന്ന അവകാശവാദങ്ങളിൽ മുകളിൽ പറഞ്ഞ പ്രാദേശിക സ്വാത്മ പ്രേമം വളരെ പ്രകടമാണ്. സഭാശാസ്ത്രവുമായി (Ecclesiology) ബന്ധപ്പെട്ട് വളരെ വികലമായ ഒരു സമീപനമാണ് ഇക്കൂട്ടർ കൈക്കൊള്ളുന്നത്. സ്വന്തം സഭയുടെ ആരാധനാ പൈതൃകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പോലും നഷ്ടപ്പെടുത്തി തങ്ങൾക്ക് അഹിതമായവയെ ‘കൽദായം’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും തങ്ങളുടേതായ ആരാധനാ രീതിയാകുന്ന മതിലുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരുതരം സ്വാത്മ പ്രേമം ആണിത്.

സാർവത്രിക സഭയുടെ സമ്പന്നതയെ സ്വീകരിക്കുവാൻ സാധിക്കാത്തതിനാൽ വിശുദ്ധ കുർബാന എന്നത് തങ്ങളുടെ ഒരു സ്വകാര്യ അജണ്ടയായി ഇക്കൂട്ടർ മാറ്റിയിരിക്കുന്നു! വിശുദ്ധ കുർബാനയെപ്പോലും ഒരു സമരോപാധി ആക്കി മാറ്റുന്ന രീതിയിൽ ഈ സ്വാത്മ പ്രേമം വളർന്നിരിക്കുന്നു!

സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണം ഈ സഭയ്ക്ക് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.മേജർ ആർച്ച്ബിഷപ്പ് എമിരറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയുൾപ്പെടെ അനേകരുടെ സഹനങ്ങളാണ് സീറോ മലബാർ സഭയിലെ ഏകീകൃത വിശുദ്ധ ബലിയർപ്പണം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. നമുക്ക് അവരോട് എന്നും നന്ദിയുള്ളവരായിരിക്കാം. പ്രവാസിലോകത്തു പോലും ഉണ്ടായിരുന്ന ഗ്രൂപ്പുകളും വിഭജനങ്ങളും ഭിന്നതകളും സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയുടെ ഏകീകരണത്തോടെ ശിഥിലമായി എന്നത് എടുത്തു പറയേണ്ട ഒന്നാണ്. വ്യാജ വാർത്തകളുടെയും കുപ്രചരണങ്ങളുടെയും നടുവിൽപ്പോലും എറണാകുളം – അങ്കമാലി അതിരൂപതയിലെ ഒട്ടനവധി പേർ മാർപാപ്പയ്ക്കും സിനഡിനുമൊപ്പം നിലകൊള്ളുന്നുവെന്നത് ഏറെ പ്രതീക്ഷാജനകമാണ് . അങ്ങനെ, സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും ഒരുമയുടെ ബലിയർപ്പിക്കുന്ന ദിനം വേഗം സംജാതമാകട്ടെ.

നിങ്ങൾ വിട്ടുപോയത്