പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ആദ്യ വിശ്വാസസത്യമാണ് അമ്മ ദൈവമാതാവാണെന്നത്. 431 ലെ എഫെസോസ് സൂനഹദോസിൽ വെച്ചാണ് അത് പ്രഖ്യാപിച്ചത്. മറിയം ദൈവമാതാവാണ്‌ എന്നതിനർത്ഥം അവൾ മിശിഹായുടെ ദൈവത്വത്തിനു ജന്മമേകി എന്നല്ല, അവളിൽ നിന്ന് ജനിച്ചവൻ ദൈവമായിരുന്നു കൊണ്ടാണ് അവൾ ദൈവ മാതാവായത്. ക്രിസ്തുവിനു ഒരേസമയം മനുഷ്യസ്വഭാവവും ദൈവസ്വഭാവവുമുണ്ടല്ലോ.

വിശുദ്ധ സിറിൽ പറയുന്നത് ‘ ആരും ഒരു സ്വഭാവത്തിന് ജന്മം നൽകുന്നില്ല, വ്യക്തിക്കാണ് ജന്മം നൽകുന്നത്. മറിയത്തിൽ നിന്ന് പിറന്നത് ദൈവിക വ്യക്തിയായ ക്രിസ്തുവാണ്. ഇക്കാരണത്താൽ അവൾ ദൈവമാതാവാണ്’. പരിശുദ്ധ അമ്മക്ക് ലഭിച്ചിട്ടുള്ള ഏറ്റം ഉന്നത സ്ഥാനമാണ് ദൈവമാതാവ് എന്നത്. മറ്റെല്ലാ സ്ഥാനമഹിമകളും കൃപകളും അവൾക്കു ലഭിച്ചതും സ്വർഗ്ഗത്തിൽ രാജ്ഞിയായി വണങ്ങപ്പെടുന്നതും എല്ലാം ഈ ഒരൊറ്റ കാരണം കൊണ്ടാണ്.

വിശുദ്ധ ബൊനവഞ്ചർ പറഞ്ഞു , ‘ കൂടുതൽ പരിപൂർണ്ണമായ ലോകത്തെ സൃഷ്ടിക്കാനും സ്വർഗ്ഗം വിശാലമാക്കാനും ദൈവത്തിനു കഴിയും. എന്നാൽ ഒരു സൃഷ്ടിയെ തന്റെ അമ്മയാക്കുന്നതിലുപരി ഒരു മഹത്തായ സ്ഥാനത്തേക്കുയർത്താൻ ദൈവത്തിനു കഴിയുകയില്ല ‘. ചെൽസിയിലെ വിശുദ്ധ പീറ്റർ പ്രസ്താവിക്കുന്നു , ‘ നീ എന്തെല്ലാം പേരുകൾ കൊണ്ട് മറിയത്തെ വിളിക്കാൻ ആഗ്രഹിച്ചാലും ദൈവമാതാവെന്നു വിളിക്കുന്നതിന്‌ ഒപ്പമാവുകയില്ല ‘, ദൈവമായിരിക്കുക എന്ന പദവി കഴിഞ്ഞാൽ ഏറ്റം സമുന്നത പദവി ആണ് ദൈവമാതാവായിരിക്കുക എന്നത്.

ദൈവമാതാവായ പരിശുദ്ധ അമ്മ നമ്മുടെയും അമ്മയാണ്. ദൈവം തന്റെ മക്കളാകാൻ ആഗ്രഹിക്കുന്നവരെയെല്ലാം മറിയം തൻറെ മക്കളായി കരുതുന്നു. പാവപെട്ട പാപികൾക്ക് അവൾ സുരക്ഷാ ഗോവണിയാണ്. മകൻ തന്റെ അമ്മയും സ്വർഗ്ഗരാജ്ഞിയുമായവളെ ശ്രവിക്കാതിരിക്കുകയില്ല. അതിനാൽ നമുക്ക് ധൈര്യവും പ്രത്യാശയുമുള്ളവരായിരിക്കാം. ഇത്തരത്തിലുള്ള ഒരു അമ്മ നമ്മൾക്ക് വേണ്ടി പ്രതിരോധിക്കുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ നമ്മൾ നശിക്കുമെന്നു നമുക്കെങ്ങനെ ഭയപ്പെടാനാകും ?

വിശുദ്ധ ആൻസലേമിനെ പോലെ നമുക്കും പറയാം, ‘ ഓ അനുഗ്രഹിക്കപ്പെട്ട പ്രത്യാശയെ, ഓ സുരക്ഷിത സങ്കേതമേ , ദൈവത്തിന്റെ അമ്മ എന്റെയും അമ്മയാണ്. എത്രയോ സുരക്ഷാബോധത്തോടെ എനിക്ക് നിത്യാനന്ദം പ്രതീക്ഷിക്കാം’.

ദൈവമാതാവേ , നിന്റെ നാമോച്ചാരണത്താൽ സംസിദ്ധമാകുന്ന മാധുര്യവിശേഷം ഹൃദയത്തിനു ആനന്ദവും നാവിനു മധുരവും ചെവികൾക്കു സംഗീതവുമാകുന്നു എന്നും യേശുവിന്റെ മഹനീയ നാമം കഴിഞ്ഞാൽ അവിടുത്തെ പാവന നാമധേയം വഴിയായിട്ടെന്ന പോലെ മറ്റു യാതൊന്നും വഴിയായി വിശ്വാസവും ധാരാളമായ ദൈവവരപ്രസാദവും ശരണവും ആശ്വാസവും പ്രാപിക്കുന്നില്ലയെന്നും ഞാൻ വിശ്വസിക്കുന്നു .

നീ ക്രിസ്തുവിനോടുകൂടി ഞങ്ങളുടെ സഹരക്ഷകയാകുന്നു എന്നും ദൈവം തന്റെ പ്രസാദവരങ്ങലെല്ലാം നീ വഴിയായി നൽകുന്നു എന്നും സ്വർഗ്ഗവാതിലായ നീ സ്വർഗത്തിലേക്ക് ഞങ്ങൾക്കുള്ള എളുപ്പമാർഗ്ഗം ആണെന്നും ഞാൻ വിശ്വസിക്കുന്നു. നിന്റെ നേർക്കുള്ള ഭക്തി നിത്യരക്ഷയുടെ അഭേദ്യമായ അടയാളമാകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നീ സകല വിശുദ്ധന്മാരെക്കാളും മാലാഖമാരെക്കാളും ഉന്നതയാണെന്നും നിന്നെക്കാളുപരിയായി ദൈവം മാത്രമെയുള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നു .സൃഷ്ടികൾക്കു നല്കപ്പെടാൻ കഴിയുന്ന ഏറ്റം പരിപൂർണ്ണ അളവിൽ പ്രത്യേകമായും പൊതുവായും ഉള്ള എല്ലാ വിധ പ്രസാദവരങ്ങളാലും ദൈവം അങ്ങയെ അലങ്കരിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ സൗന്ദര്യവും വൈശിഷ്ട്യവും മനുഷ്യരുടെയും ദൈവദൂതൻമാരുടെയും ഗുണങ്ങളെ അതിശയിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു .

നിന്റെ ദൈവമായ കർത്താവിനെ നീ സ്നേഹിക്കുക എന്ന പ്രമാണത്തെ നീ മാത്രമേ പരിപൂർണ്ണമായി നിറവേറ്റിയിട്ടുള്ളു എന്നും സ്വർഗ്ഗത്തിലുള്ള സ്രാപ്പേൻമാർക്കു പോലും ദൈവത്തെ എങ്ങനെ സ്നേഹിക്കണമെന്നു നിന്നിൽ നിന്ന് പഠിക്കാൻ സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു .

കന്യകയും മാതാവുമായവളെ , ദൈവത്തിന്റെ അമ്മയായ മറിയമേ , ഞങ്ങൾക്കുവേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ . ഞാൻ ചെയ്ത പാപങ്ങൾക്കുള്ള പൊറുതി ഈശോയിൽ നിന്ന് വാങ്ങിച്ചു തരണമേ . ഈശോയുടെ അമ്മെ , എന്റെയും അമ്മയായിരിക്കണമേ 🙏

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്