വിശദീകരണകുറിപ്പ്

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവ് 2022 നവംബർ 27-ാം തീയതി എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ വി. കുർബാന അർപ്പിക്കാൻ എത്തിയ സാഹചര്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നൽകുന്നത്.

സീറോമലബാർസഭയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കാനുള്ള സിനഡിന്റെ തീരുമാനം സഭയിലെ 35 രൂപതകളിൽ 34 രൂപതകളിലും നടപ്പിലാക്കിയെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിൽ അതിനെതിരെ സഭാത്മകമോ ക്രൈസ്തവമോ അല്ലാത്ത എതിർപ്പുകൾ തുടർന്നപ്പോഴാണ് പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവിനെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡുതീരുമാനം നടപ്പിലാക്കാനുള്ള നിർദേശം പരി. സിംഹാസനം നിയമനാവസരത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കു നൽകിയിരുന്നു. അജപാലനപരമായ ബോധനം ആവശ്യമുള്ള സ്ഥലങ്ങളിൽ കാനൻ നിയമം അനുശാസിക്കുന്ന ഡിസ്പെൻസേഷൻ നൽകാനും നിർദേശമുണ്ടായിരുന്നു. എന്നാൽ കത്തീഡ്രൽ, തീർത്ഥകേന്ദ്രങ്ങൾ, പരിശീലനഭവനങ്ങൾ എന്നിവിടങ്ങളിൽ ഉടനടി സിനഡു തീരുമാനം നടപ്പാക്കണമെന്ന് പരിശുദ്ധ സിംഹാസനം അനുശാസിച്ചിരുന്നു. അതനുസരിച്ച് ഏകീകൃത കുർബാനക്രമം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാനുള്ള തന്റെ ദൗത്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആരംഭിച്ചപ്പോൾ വിവിധ സമരമാർഗ്ഗങ്ങളിലൂടെ ചില വൈദികരും അല്മായരും എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

ഈ സാഹചര്യത്തിലാണ് അതിരൂപതയിൽനിന്നുള്ള പ്രതിനിധികളുമായി പെർമനന്റ് സിനഡ് നിയോഗിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചർച്ച നടത്തിയത്. ഏകീകൃത കുർബാനയർപ്പണരീതി ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെയും അതിനെ എതിർക്കുന്നവരുടെയും പ്രതിനിധികളെ ഈ പ്രത്യേക കമ്മിറ്റി കണ്ടു സംസാരിച്ചു. പരിശുദ്ധ സിംഹാസനം അംഗീകരിച്ച സിനഡ് തീരുമാനം മാറ്റാനാകില്ലെന്നും, എന്നാൽ ഇരുവിഭാഗങ്ങളും ഉന്നയിച്ച കാര്യങ്ങൾ പെർമനന്റ് സിനഡിനെ അറിയിക്കാമെന്നും ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ ജനുവരിയിൽ നടക്കുന്ന സിനഡിനെ ധരിപ്പിക്കാമെന്നും മാത്രമാണ് കമ്മിറ്റിയംഗങ്ങൾ ഇരുവിഭാഗങ്ങളോടും പറഞ്ഞിരുന്നത്.

നവംബർ 26-ന് രാവിലെ ഓൺലൈനായി കൂടിയ പെർമനന്റ് സിനഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വിശകലനം ചെയ്തു. കത്തീഡ്രൽ ദൈവാലയത്തിലും മൈനർസെമിനാരിയിലും ആദ്യപടിയായി സിനഡുതീരുമാനമനുസരിച്ചുള്ള കുർബാന ചൊല്ലുന്നതിനുള്ള നിർദേശം രേഖാമൂലം ബന്ധപ്പെട്ട വികാരിക്കും, റെക്ടറിനും സർക്കുലറിലൂടെ നൽകിയ കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പെർമനന്റ് സിനഡിനെ അറിയിച്ചു.

കത്തീഡ്രൽ ബസിലിക്കയിൽ 27-ാം തീയതി വി. കുർബാനയർപ്പിക്കാൻ വരുന്നകാര്യം നേരിട്ടും കത്തുവഴിയും കത്തീഡ്രൽ വികാരിയെ അറിയിച്ചിട്ടുണ്ടെന്നും അഭിവന്ദ്യ താഴത്തുപിതാവ് പറഞ്ഞു. വികാരിയുമായുള്ള ധാരണപ്രകാരമാണ് തീയ്യതിയും സമയവും നിശ്ചയിച്ചത്. ചിലപ്പോൾ എതിർപ്പുകൾ ഉണ്ടാകാമെന്ന് സൂചിപ്പിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ചെയ്യാമെന്ന് വികാരി എഴുതിയ കാര്യവും പിതാവ് പെർമനന്റ് സിനഡിനെ അറിയിച്ചു.

സിനഡുതീരുമാനവും പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശങ്ങളുമനുസരിച്ച് പ്രവർത്തിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ എന്ന നിലയിൽ അഭിവന്ദ്യ താഴത്തുപിതാവിന് ഉത്തരവാദിത്വമുണ്ടെന്ന് പെർമനന്റ് സിനഡ് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ നവംബർ 27-ന് കത്തീഡ്രൽ ദൈവാലയത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേർ വി.കുർബാനയർപ്പിക്കാനുള്ള തീരുമാനത്തിന് പെർമനന്റ് സിനഡ് അംഗീകാരം നല്കി.

നവംബർ 27-ന് അഭിവന്ദ്യ താഴത്തുപിതാവ് കത്തീഡ്രൽ പള്ളിയിൽ എത്തുന്നതിനുമുമ്പേ കത്തീഡ്രൽ ബസിലിക്കയും അങ്കണവും പ്രതിക്ഷേധക്കാർ കൈയടക്കുകയും ഗേറ്റ് പൂട്ടുകയും ചെയ്തതും സംഘർഷം ഒഴിവാക്കുന്നതിനുവേണ്ടി അഭിവന്ദ്യ പിതാവ് വി. കുർബാനയർപ്പിക്കാതെ തിരികെ പോന്നതും എല്ലാവരും മനസിലാക്കിയ കാര്യങ്ങളാണ്. പ്രതിഷേധക്കാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവന്നവരാണെന്ന വസ്തുതയും പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. കത്തീഡ്രൽ ബസിലിക്കയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിയുടെ ഗേറ്റ് പോലീസ് പൂട്ടിയത്.

എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള പിതാക്കന്മാരിൽ എട്ടുപേർചേർന്ന് സീറോമലബാർ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് കഴിഞ്ഞ ദിവസം ഒരു കോൺഫിഡൻഷ്യൽ കത്ത് എഴുതിയിരുന്നു. ഈ കോൺഫിഡൻഷ്യൽ കത്ത് മാധ്യമങ്ങൾക്കു ലഭിച്ച സാഹചര്യം സഭാസംവിധാനങ്ങളുടെ പ്രവർത്തനശൈലിയല്ല.

സഭയിലെ ചില അഭിവന്ദ്യപിതാക്കന്മാർ എഴുതിയ ഈ കത്തിന്റെ അടിസ്ഥാനത്തിൽ സീറോമലബാർ സഭയിലെ മെത്രാന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെന്നും സീറോമലബാർസഭ വലിയ പ്രതിസന്ധിയിലാണെന്നുമുള്ള പ്രചരണം വസ്തുതാവിരുദ്ധവുമാണ്. തന്നെ പരി.സിംഹാസനം ഏല്പിച്ച ഉത്തരവാദിത്വം നിർവഹിക്കാൻ ആദ്യപടിയായി കത്തീഡ്രൽ ദൈവാലയത്തിൽ വി. കുർബാനയർപ്പിക്കാൻ തയ്യാറായ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ ആൻഡ്രൂസ് താഴത്തുപിതാവിനെ കുറ്റപ്പെടുത്തുന്ന സമീപനവും അംഗീകരിക്കാനാവാത്തതാണ്. ആൻഡ്രൂസ് പിതാവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും പെർമനന്റ് സിനഡ് വിലയിരുത്തി.

സിനഡുതീരുമാനവും പരി. സിംഹാസനത്തിന്റെ നിർദേശങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിനെതിരെ തുടരുന്ന എതിർപ്പും അത് പ്രകടിപ്പിക്കാൻ സ്വീകരിക്കുന്ന സഭാപരമല്ലാത്ത സമരരീതികളുമാണ് അതിരൂപതയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം.

ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ പരി. സിംഹാസനത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് സഭാനേതൃത്വം സ്വീകരിക്കുന്നതാണ്. അതിരൂപതയിലെ ഈ പ്രത്യേക സാഹചര്യത്തിൽ, ബന്ധപ്പെട്ട എല്ലാവരും ആത്മസംയമനത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സഭാപരമായ അനുസരണത്തിന്റെയും മാർഗം സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

ഡിസംബർ 02, 2022

PR22DEC02_M_Explanatory-note

നിങ്ങൾ വിട്ടുപോയത്