The time when you will seek the Lord is the time when he will arrive who will teach you justice. (Hosea 10:12) ✝️
ജീവിതത്തിൽ കർത്താവിൽ പൂർണമായി ആശ്രയിക്കുക. ദൈവത്തിന്റെ കരുണയിലും നന്മയിലും ശക്തിയിലും വാഗ്ദാനങ്ങളിലും നാം പൂർണമായും വിശ്വസിക്കണം. അവിടുത്തെ തിരുമനസിനായി സമ്പൂർണമായി സമർപ്പിക്കണം. അപ്പോൾ സമാധാനം ഉള്ളിൽ നിറയും. പാപത്തിന്റെ പരിണിതഫലമായി, ലോകത്തിൽ നിറഞ്ഞിരിക്കുന്ന ഉത്ക്കണ്ഠപ്പെടുത്തുന്ന സാഹചര്യങ്ങൾക്കുള്ള ഏകരക്ഷാമാർഗം യേശുവാണ്. യേശുവിലേക്ക് നോക്കുക. ”അവിടുത്തെ നോക്കിയവരെല്ലാം പ്രകാശിതരായിട്ടുണ്ട് (സങ്കീർത്തനങ്ങൾ 33:5).
ജീവിതത്തിൽ ഭയം ഉണ്ടാകുന്നത് കർത്താവിനെ കൂടുതലായി അന്വേഷിക്കുവാനുള്ള മുന്നറിയിപ്പാണ്. ക്രിയാത്മകമായ ചിന്തകൾകൊണ്ടോ ‘എനിക്ക് ഭയമൊന്നും ഇല്ല’ എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടോ ഭയത്തിൽനിന്നും രക്ഷപെടാനാകില്ല. ഉത്ക്കണ്ഠ, നിഷ്‌ക്രിയത്വം, തീരുമാനങ്ങൾ എടുക്കുവാൻ കഴിയാത്ത മാനസികാവസ്ഥ തുടങ്ങിയ പല രൂപത്തിലും ഭയം നമ്മെ കീഴടക്കും. ഒരു കൊച്ചുകുട്ടി പേടി തോന്നുമ്പോൾ അതിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിക്കും. അതുപോലെ ഭയം നമ്മെ ദൈവസാന്നിധ്യത്തിലേക്ക് നയിക്കണം. അവിടെ മാത്രമേ യഥാർത്ഥ സുരക്ഷിതത്വം അനുഭവപ്പെടുകയുള്ളൂ.
ഒരു വ്യക്തിയെ ആപത്തിൽ നിന്നോ നാശത്തിൽ നിന്നോ പാപത്തിൽ നിന്നോ ദൈവം രക്ഷിക്കുന്നതിനെ കുറിക്കാനാണ് വചനം രക്ഷ എന്ന വാക്ക് ഉപയോഗിക്കുന്നത്. രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. പൂര്‍ണമായും സൗജന്യവും നിരുപാധികവുമായ ദൈവസ്നേഹമാണ് നമ്മെ രക്ഷിക്കുന്നത്. സൃഷ്ടിച്ച ദൈവം തന്നെയാണു രക്ഷിക്കുന്ന ദൈവവും. രക്ഷിക്കപ്പെട്ട വ്യക്തിയെ അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു. നാം ഓരോരുത്തരെയും രക്ഷയാൽ ദൈവം വഴി നടത്തട്ടെ. ദൈവം എല്ലാവരെയും സമുദ്ധമായി അനുഗ്രഹിക്കട്ടെ.