“ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ!”

വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ

നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 96-ാം ഓർമ്മ ദിനമാണ്. 1927 നവംബർ 23-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിതത്തെക്കുറിച്ചാണ് ഈ ചെറിയ കുറിപ്പ്

1891 ജനുവരി പതിമൂന്നാം തീയതി

മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു .

ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ

(José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണ നാമം.

പതിനൊന്ന് മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിൻ്റെ സുഖസമൃദ്ധമായ ബിസനസു തുടരുന്നതിനോ, തൻ്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ മിഗുവൽ തുനിഞ്ഞില്ല. തൻ്റെ മൂത്ത സഹോദരി മിണ്ടാമഠത്തിൽ ചേർന്ന ഉടനെ മിഗുവേലും തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞു. 1909 ൽ ഈശോസഭയിൽ ചേർന്ന മിഗുവേൽ വൈദീക പരിശീലനം പൂർത്തിയാക്കാൻ വിവിധ രാജ്യങ്ങളിൽ പോകേണ്ടി വന്നു. മെക്സിക്കൻ വിപ്ലവവനാന്തരം ഈശോ സഭയ്ക്ക് അവിടെ നിന്നു പാലായനം ചെയ്യേണ്ട അവസ്ഥ വന്നു.

1925ൽ ബെൽജിയത്തു വച്ചാണ് മിഗുവേൽ പൗരോഹിത്യം സ്വീകരിച്ചത്. തൊട്ടടുത്ത വർഷം സ്വദേശമായ മെക്സിക്കോയിലേക്ക് തിരിച്ചുപോയെങ്കിലും, മിഗുവേൽ എത്തി ഇരുപത്തിമൂന്നാം ദിനം പ്രസിഡൻ്റ് കായസ് പൊതുവായ ദൈവമായ ശുശ്രൂഷകൾ നിരോധിക്കുവാനും വൈദീകരെ അറസ്റ്റു ചെയ്യുവാനും ഉത്തരവിറക്കി.

ഒരു വൈദീകനടുത്ത ഉത്തരവാദിത്വങ്ങൾ, ഒരു ബിസനസുകാരൻ, ടാക്സി ഡ്രൈവർ, യാചകൻ, പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി വേഷങ്ങളിൽ അദ്ദേഹം നിർവ്വഹിച്ചു. മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ സാധിക്കുമായിരുന്ന എല്ലാ സഹായങ്ങളും മിഗുവേൽ ചെയ്തിരുന്നു. സാഹസികമായ പ്രോ അച്ചൻ്റെ കഥകൾ കുറഞ്ഞ കാലയളവിനുള്ളിൽ നാടെങ്ങും പരക്കാൻ തുടങ്ങി.

1927 ൽ പ്രസിഡൻ്റ് കയാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ പ്രോ അച്ചനെ അന്യായമായി അറസ്റ്റു ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി. കത്തോലിക്കരുടെ ആത്മധൈര്യം തകർക്കാൻ പ്രോ അച്ചൻ്റെ മരണത്തിലൂടെ കഴിയുമെന്ന് പ്രസിഡൻ്റ് വിചാരിച്ചു.

വധശിക്ഷ നടപ്പാക്കിയ ദിവസം പ്രോ അച്ചൻ തന്റെ സെല്ലിൽ നിന്ന് മുറ്റത്തേക്കും ഫയറിംഗ് സ്ക്വാഡിലേക്കും നടന്നു, സൈനികരെ അനുഗ്രഹിച്ചു, മുട്ടുകുത്തി, അൽപ്പനേരം നിശബ്ദമായി പ്രാർത്ഥിച്ചു. കണ്ണടച്ച്, ഒരു കൈയിൽ കുരിശും മറുകയ്യിൽ ജപമാലയുമായി തന്റെ ആരാച്ചാന്മാരുടെ സമീപം എത്തി.

തനിക്കു നേരേ വെടി ഉയർത്താൻ നിയോഗിക്കപ്പെട്ടവരോടു ക്ഷമിച്ച പ്രോ അച്ചൻ്റെ അന്ത്യ വചസ്സുകൾ ഇപ്രകാരമായിരുന്നു ” ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ! ദൈവമേ ഞാൻ നിരപരാധിയാണന്നു നീ അറിയുന്നുവല്ലോ! പൂർണ്ണ ഹൃദയത്തോടെ എൻ്റെ ശത്രുക്കളോടു ഞാൻ ക്ഷമിക്കുന്നു.”

കരങ്ങൾ ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ ബന്ധിച്ചു. വെടിയുണ്ടകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ “ക്രിസ്തു ജയിക്കട്ടെ” എന്ന അർത്തനാദത്തോടെ ആ പാവനാത്മാവ് സ്വർഗ്ഗത്തിലേക്കു പറന്നു. സ്വർഗ്ഗത്തിലെത്തി മറ്റു വിശുദ്ധന്മാരെ കാണുമ്പോൾ മെക്സിക്കൻ തൊപ്പി ധരിച്ച നൃത്തം ചെയ്യുമെന്ന് ജീവിച്ചിരിക്കുമ്പോൾ പ്രോ അച്ചൻ വാഗ്ദാനം ചെയ്തിരുന്നു.

തിരുഹൃദയ ഭക്തനായിരുന്ന പ്രോ അച്ചൻ, നിരന്തരം ചൊല്ലിയിരുന്ന ഒരു പ്രാർത്ഥന ഇപ്രകാരമായിരുന്നു:

” കർത്താവേ, ഞാൻ വിശ്വസിക്കുന്നു, എന്നാലും എന്റെ വിശ്വാസം ശക്തിപ്പെടുത്തുക.

ഈശോയുടെ തിരുഹൃദയമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു; എങ്കിലും എന്റെ സ്നേഹം വർദ്ധിപ്പിക്കേണമേ.

ഈശോയുടെ തിരുഹൃദയമേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു;

എങ്കിലും എന്റെ ആത്മവിശ്വാസത്തിന് ശക്തി പകരേണമേ.

ഈശോയുടെ തിരുഹൃദയമേ, ഞാൻ എന്റെ ഹൃദയം നിനക്കു സമർപ്പിക്കുന്നു; അതിനെ പൊതിയുക

നിന്നിൽ നിന്ന് അത് ഒരിക്കലും വേർപെടാതിരിക്കട്ടെ. “

പ്രോ അച്ചൻ്റെ രക്തസാക്ഷിത്വം മെക്സിക്കൻ കത്തോലിക്കരുടെ ആത്മധൈര്യം വർദ്ധിപ്പിക്കുകയാണ് ചെയ്ത് . പ്രോ മിഗുവേലച്ചൻ്റെ മരണം ഒരു ദുരന്തമായിരുന്നില്ല മറിച്ചൊരു ദൈവീക ദാനമായിരുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്