ലൂയി മാർട്ടിൻ എന്ന അപ്പനും സെലി മാർട്ടിൻ എന്ന അമ്മയ്ക്കും 9 മക്കളുണ്ടായിരുന്നു. നാലു പേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. കാൻസർ ബാധിതയായി ഭാര്യ മരണപ്പെട്ടതോടെ അഞ്ചു പെൺമക്കളുടെ അപ്പനും അമ്മയുമെല്ലാം ലൂയി തന്നെയായിരുന്നു.
വായനയും മീൻപിടിത്തവും ഒക്കെ ഇഷ്ടമുള്ള ഒരു വാച്ചു പണിക്കാരനായിരുന്നു ലൂയി. അദ്ദേഹത്തിന്റെ വൈകുന്നേരങ്ങളെല്ലാം കടന്നുപോയിരുന്നത് മക്കൾക്കൊപ്പമായിരുന്നു. കളിയും ചിരിയും കഥകളുമായി നീണ്ടുപോകുന്ന സായംസന്ധ്യകൾ. പക്ഷെ ഒരു ദിവസവും പ്രാർത്ഥനയോടെയല്ലാതെ അവസാനിച്ചിരുന്നില്ല. ‘അപ്പൻ പ്രാർത്ഥിച്ചിരുന്നത് വിശുദ്ധരെപ്പോലെ ആയിരുന്നു’ എന്ന് മക്കളിലൊരാൾ പിന്നീട് എഴുതിയിട്ടുണ്ട്.
വളർന്നു വന്നപ്പോൾ സന്യാസം സ്വീകരിച്ചു ക്രിസ്തുവിന്റെ മണവാട്ടിമാരാകാൻ മക്കൾ ആഗ്രഹിച്ചു. നിറഞ്ഞ മനസ്സോടെ ലൂയി അതനുവദിച്ചു. ഒന്നും രണ്ടുമല്ല, ഈ പിതാവിന്റെ അഞ്ചു പെൺമക്കളും ദൈവവിളി സ്വീകരിച്ചു സന്യാസിനിമാരായി. ആ മക്കളിലൊരാൾ വിശുദ്ധയുമായി – ഉണ്ണീശോയുടെ വിശുദ്ധ തെരേസ!
ഫ്രാൻസിൽ ജീവിച്ചിരുന്ന ലൂയി മാർട്ടിനെന്ന ഈ അപ്പനേയും പ്രിയ പത്നി സെലി മാർട്ടിനെയും ഫ്രാൻസിസ് മാർപാപ്പ 2015 ൽ വിശുദ്ധരായി പ്രഖ്യാപിച്ചു.
അച്ചൻമാർക്കു മാത്രമല്ല, അച്ഛൻമാർക്കും വിശുദ്ധരാകാം! Happy Father’s Day!
ഫാ. ഷീൻ പാലക്കുഴി