തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഈയാഴ്ച മാറ്റമില്ലാതെ തുടരുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 24നും 25നും (ശനിയും ഞായറും) സമ്പുർണ്ണലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതിന് എതിരായ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്. ഇളവു നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി കന്‍വര്‍ യാത്രാ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്നു വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും. നിലവില്‍ അനുവദിച്ചിട്ടുള്ളവ അല്ലാതെ മറ്റ് ഒരു വിധത്തിലുള്ള ഇളവുകളും അനുവദിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശനിയും ഞായറും ഏര്‍പ്പെടുത്തുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണിന് മുന്‍ ആഴ്ചയിലെ അതേ നിയന്ത്രണങ്ങളാവും ഉണ്ടാവുക. എല്ലാ ജില്ലകളിലെയും മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ പല വിഭഗങ്ങളായി തിരിച്ചുള്ള നിയന്ത്രണത്തിനു പുറമെയാണിത്.

വെള്ളിയാഴ്ച സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു ലക്ഷം പരിശോധനയാണ് അന്നു നടത്തുക. ടിപിആര്‍ പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൂട്ട പരിശോധനയെന്ന് ഉത്തരവില്‍ പറയുന്നു.

നിങ്ങൾ വിട്ടുപോയത്