കന്യാസ്ത്രീകളെ, നിങ്ങളുടെ ശക്തി ഞങ്ങൾ, ക്രിസ്ത്യാനികൾ മാത്രം തിരിച്ചറിഞ്ഞില്ല !!!

പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറാൻ പാടില്ല എന്ന് ഫത്വ ഇറക്കിയ മുസ്ലീം പണ്ഡിതനെ വിമർശിച്ചും അനുകൂലിച്ചും കേരളത്തിലെ പൊതുസമൂഹം വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലും വലിയ ചർച്ചകൾ നടത്തുന്നു. സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചും തുല്യ നീതിയെക്കുറിച്ചും ലോകം മുഴുവനും സംസാരിക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃത കാട്ടാള നിയമങ്ങൾ പിന്തുടരുന്നവർക്ക് ഇന്നും സമൂഹത്തിൽ പരശതം അനുഭാവികളുണ്ടെന്ന തിരിച്ചറിവിൽ ആളുകൾ മൂക്കത്ത് വിരൽ വെയ്ക്കുന്നു.

കേരള സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും ഉന്നമനത്തിനും കാരണം തങ്ങളുടെ അശ്രാന്ത പരിശ്രമമാണെന്ന് ഇവിടുത്തെ പാർട്ടികളും സംഘടനകളും ഊറ്റം കൊള്ളുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചതിൽ പ്രധാനികൾ കത്തോലിക്കാ കന്യാസ്ത്രീകളാണെന്ന സത്യം തമസ്കരിക്കപ്പെടുന്നു.എറണാകുളത്തെ സെന്റ് തെരേസാസ് കോളേജ്, തിരുവനന്തപുരത്തെ ആൾ സെയിന്റ്സ് കോളേജ്, കോഴിക്കോട് പ്രൊവിഡൻസ് കോളേജ്, തൃശൂർ സെന്റ് മേരീസ് കോളേജ്, പാലക്കാട് മേഴ്സി കോളേജ്, ആലപ്പുഴ സെന്റ് ജോസഫ് കോളേജ് തുടങ്ങിയ അസംഖ്യം കോളേജുകളും എണ്ണിയാലൊടുങ്ങാത്ത സ്കൂളുകളുമായി കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത് സിസ്റ്റേഴ്സാണ്. 1888ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ദക്ഷിണേന്ത്യയിലെ ആദ്യത്തെ പെൺപള്ളിക്കൂടംഹോളി ഏയ്ഞ്ചൽസ് സ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചപ്പോൾ തുടങ്ങിയ നിശബ്ദ വിപ്ളവമാണിതെന്ന് പ്രബുദ്ധ കേരളമെ തിരിച്ചറിയൂ…

കേരളത്തിൽ നിന്നുള്ള നഴ്സുമാരെക്കുറിച്ച് ഇന്ന് യൂറോപ്യൻ, അമേരിക്കൻ, ഗൾഫ് രാജ്യങ്ങളിലെല്ലാം വലിയ മതിപ്പാണ്. കേരളത്തിലെ ആദ്യ നേഴ്സുമാർ വിദേശികളായ കത്തോലിക്കാ കന്യാസ്ത്രീകളാണ്, ഹോളിക്രോസ് സിസ്റ്റേഴ്സ്. പഴയ തിരുവതാംകൂർ മഹാരാജ്യത്തിൽ അന്നത്തെ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1906ൽ ആദ്യത്തെ നേഴ്സിംഗ് വിദ്യാഭ്യാസം ആരംഭിച്ചത് അവരാണ്. കൊട്ടിയം ഹോളിക്രോസ് ആശുപത്രി, അടൂർ ഹോളിക്രോസ് ആശുപത്രി, അഞ്ചൽ സെന്റ് ജോസഫ് ആശുപത്രി, കോട്ടയം മെഡിക്കൽ സെന്റർ, പെരുമ്പാവൂർ സാൻ ജോസ് ആശുപത്രി, ആലുവ കാർമ്മൽ ആശുപത്രി അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളം ആശുപത്രികളും നേഴ്സിംഗ് കോളേജുകളും തുടങ്ങി അതിലൂടെ ക്രിസ്ത്യാനികളായ പെൺകുട്ടികളിൽ നല്ലൊരു പങ്കും സേവനത്തിന്റെയും ശുശ്രൂഷയുടേതുമായ ഈ പാതയിലേക്കു വന്നു, തുടർന്ന് ഇതര മതവിഭാഗത്തിൽ പെട്ട പെൺകുട്ടികളും കടന്നുവന്നുവെങ്കിലും ഇന്നും നേഴ്സിംഗ് മേഖലയിൽ കൂടുതലുള്ളത് ക്രിസ്ത്യൻ പെൺകുട്ടികൾ തന്നെയാണ് (കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും നേഴ്സുമാരുടെ കഥ പറയുന്ന Take off എന്ന മലയാള സിനിമ, ഇറാഖ് യുദ്ധകാലത്ത് കുടുങ്ങിപ്പോയ നേഴ്സായ മറീന ജോസഫിന്റെയും ഒപ്പമുളള നേഴ്സുമാരുടെയും യഥാർത്ഥ ജീവിതാനുഭവങ്ങളാണെങ്കിൽ സിനിമയിൽ നായിക സമീറയാക്കി, മുസ്ളീമാക്കി എന്നത് ഒഴിച്ച് നേഴ്സുമാരുടെ ജീവിതമെല്ലാം സിനിമ കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്).

കന്യാസ്ത്രീ സമൂഹത്തിന്റെ അധികാരികളെ നിയതമായ കാലപരിധിയിൽ തികച്ചും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കാനും സ്വന്തം സന്യാസ സമൂഹത്തിന്റെ നിയമങ്ങളെ രൂപപ്പെടുത്താനും ആവശ്യമെങ്കിൽ അതിനെ തിരുത്താനും അധികാരമുള്ള നിയമ സംവിധാനങ്ങളുളള സിസ്റ്റേഴ്സാണ് സ്ത്രീ സുരക്ഷയെക്കുറിച്ചും തുല്യതയെക്കുറിച്ചും കുടുംബത്തിൽ സ്ത്രീകൾക്കുള്ള അദ്വിതീയ സ്ഥാനത്തെക്കുറിച്ചും കത്തോലിക്കാ കുടുംബങ്ങൾക്ക് കൃത്യമായ ദിശാബോധം പകർന്നു നൽകിയത്.

ചുരുക്കത്തിൽ പറഞ്ഞാൽ കത്തോലിക്കാ സഭയിൽ പ്രത്യേകിച്ചും ക്രിസ്ത്യാനികളിൽ ആകമാനവും സ്ത്രീ ശാക്തീകരണത്തിലൂടെയുണ്ടായ മാറ്റങ്ങളെക്കുറിച്ച് നമ്മൾ അജ്ഞരെങ്കിലും മറ്റു പലരും ബോധവാൻമാരാണ്.

ഇതിന് തടയിടുക എന്ന ലക്ഷ്യമാണ് എറണാകുളം വഞ്ചിസ്ക്വയറിലും എട്ടും പൊട്ടും തിരിയാത്ത സ്കൂൾ കുട്ടികളുടെ ധർണയിലുമൊക്കെ കാണാൻ സാധിക്കുന്നത്.

കന്യാസ്ത്രീകളെ നിങ്ങൾ അബലരാണ്, അടിച്ചമർത്തൽ നേരിടുന്നവരാണ് എന്നൊക്കെ മുദ്രാവാക്യം വിളിക്കുമ്പോഴും നിങ്ങളിലൂടെയുണ്ടായ സ്ത്രീ ശാക്തീകരണത്തെ, സാമുദായിക നവോത്ഥാനത്തെ പലരും ഭയക്കുന്നു… കന്യാസ്ത്രീഫോബിയ പരത്തുന്നു…എത്ര ശ്രമിച്ചാലും കേരളത്തിൽ കന്യാസ്ത്രീകൾ ആരംഭിച്ച നിശബ്ദ വിപ്ളവത്തിന്, സ്ത്രീ വിമോചനത്തിന്, സ്ത്രീ ശാക്തീകരണത്തിന് തടയിടാനാവില്ല അതൊരു ജ്വാലയായി കത്തിപടരുകതന്നെ ചെയ്യും.

കടപ്പാട്:

✍️ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

നിങ്ങൾ വിട്ടുപോയത്