2001 ലെ മണ്‍സൂണ്‍. മഞ്ഞുമ്മല്‍ സന്ന്യാസ ആശ്രമത്തിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ മുറികളിലൊന്നില്‍ എന്റെ പുലര്കാലങ്ങള് ആതുരങ്ങളായി. അധികാരികളുടെ താല്പര്യപ്രകാരം മലയാള സാഹിത്യത്തില്‍ ഉപരിപഠനത്തിന് ചേരാന്‍ കോട്ടയത്തേക്കുള്ള തുടര്‍യാത്രകള്‍ അവസാനിച്ചത് കടുത്ത പനിയിലും ഛര്‍ദിയിലും. പോരാതെ കാലില്‍ നീരും പുറം വേദനയും.
എറണാകളം ലിസി ആശുപത്രിയില്‍ നെഫ്രോളജി വിഭാഗത്തില്‍ വിദഗ്ദ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചപ്പോള്‍ പരിഭ്രമമോ ആശങ്കയോ തോന്നിയില്ല. വെളിപ്പെടാനിരിക്കുന്ന രോഗത്തിന്റെ ഗൗരവത്തെ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല എതാണ് കാരണം. ഒരു വൈദിക വിദ്യാര്‍ത്ഥി അനുഭവിക്കുന്ന സ്നേഹമയവും കരുണാമയവുമായ പരിചരണങ്ങള്‍. ഒപ്പം സന്ന്യാസ പരിശീലന കാലത്ത് അപൂര്‍വമായി വീണു കിട്ടുന്ന മാതാപിതാക്കളുടെ സാന്നിധ്യം. ഓരോ ദിവസവും മാറിമാറി ആശ്രമവാസികളായ സുഹൃത്തുക്കള്‍…
അതിലൊരാള്‍ ഓര്‍മയില്‍ പ്രകാശമായി ഇന്നും നില്ക്കുന്നു. അത് അക്കാലത്ത് ലിസി ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ ജോസിയ ആണ്. ആര്‍ക്ക് എന്ത് ഉപകാരമാണ് ചെയ്യേണ്ടതെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു, അവര്‍. മനസ്സു തളരുന്ന രോഗികളുടെ പക്കല്‍ പ്രതീക്ഷ പകരുന്ന ആത്മീയ മാസികകള്‍ എത്തിക്കുകയായിരുന്നു, അക്കാലത്ത് സിസ്റ്ററുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഞാന്‍ വന്ന നാള് മുതല്‍ എന്റെ മുറിയില്‍ ബൈബിളില്‍ നിന്നൊരു കുറിമാനം നല്ല ഭംഗിയായി വര്‍ണങ്ങളില്‍ എഴുതി എന്റെ മുറിയില്‍ എത്തിക്കൊണ്ടിരുന്നു.
ബയോപ്സി ചെയ്യണം എന്ന് ഡോക്ടര്‍ മാണി പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും കരുതിയില്ല. കുറേ വര്‍ഷങ്ങളായല്ലോ അകാരണമായി ശരീരത്തിലനുഭവിക്കുന്ന വേദനകളും ചുമന്നു നടക്കുന്നു. ചുമ്മാ പരിഗണന കിട്ടാനാണെന്ന് ചിലരെങ്കിലും അടക്കം പറയുന്നുണ്ട്. ഒരു കാരണം കണ്ടു പിടിച്ചാല്‍ അതിനെങ്കിലും ശമനം വരുമല്ലോ എതായിരുന്നു, ആശ്വാസം. ബയോപ്സി ഫലം വരുന്ന ദിവസം നേരം പുലരുമ്പോള്‍ ഞാന്‍ മുറിയില്‍ തനിച്ചായിരുന്നു.
പ്രഭാത ഭക്ഷണത്തോടൊപ്പം അന്ന്് രാവിലെ സിസ്റ്റര്‍ ജോസിയയുടെ കുറിപ്പ് എത്തി – ഒരു ബര്‍ത്ത്ഡേ കാര്‍ഡിന്റെ രൂപത്തില്‍ ഡിസൈന്‍ ചെയ്തെടുത്ത ബൈബിള്‍ വാക്യം.: ‘ഞാന്‍ നിന്നെ മറക്കുകയില്ല. ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളം കൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.’ (ഏശയ്യ 49: 16).
കേള്‍ക്കാത്ത വചനമല്ല. ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ സുവര്ണകാലങ്ങളായിരുന്നതിനാല് ഈ വചനം പലരും പലവട്ടം ഉരുവിടുന്നത് കേട്ടിട്ടുണ്ട്. ആ കാര്‍ഡ് സ്നേഹത്തോടെ എനിക്ക് നല്‍കിയിട്ട് സിസ്റ്റര്‍ മറഞ്ഞു. ഞാന്‍ ആ കാര്‍ഡിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഡോക്ടര്‍ റൗണ്ട്സിനെത്തി. ബയോപ്സി ഫലം എത്തിയിട്ടുണ്ട്.
എന്റെ വൃക്കകള്‍ക്ക് തകരാറുണ്ട്! ആ തകരാറ് എത്ര മാത്രം ഗൗരവമേറിയതാണെ് അന്നേരം എനിക്ക് വ്യക്തമായില്ല. ഞാന്‍ ബൈബിള്‍ വചനം രേഖപ്പെടുത്തിയ കാര്‍ഡിലേക്കു നോക്കി നോക്കിയിരുന്നു. ഒരു നൂറു തവണ കേട്ടു തഴമ്പിച്ച വാക്കുകള്‍ക്ക് ആ പുലരിയില്‍ ജീവന് വച്ചു. ഞാന്‍ ആ വാക്യത്തിന്റെ ഇടനെഞ്ചിലേക്ക് തല ചായ്ച്ചു: ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളം കൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു!
ആ വാക്കുകള്‍ ആ പുലരിയില്‍ എന്റെ കവിതയായി:’മറക്കില്ലൊരിക്കലും പ്രിയനേ, നിന്നെയെന്‍ കരതലത്തില്‍ വാര്‍ത്തു. ശില്പി പോലെ ഞാന്‍ ഓമനേ നിന്നെയെന്‍ കരതലത്തില്‍ തീര്ത്തുആലോലമാടിയെന് ഹൃത്തില്‍ പൈതലായ് നീയുറങ്ങൂ, കണ്മണി നീയുറങ്ങൂ…
നിറകതിര്ദീപങ്ങളെല്ലാം തെളിച്ചെന്റെ സ്വര്‍ഗം നിനക്കായ് തുറക്കാംപ്രണവം ഭജിക്കുന്ന മാലാഖമാരുടെ പറുദീസ ഞാന്‍ നിനക്കേകാം.നന്മകള് പൂക്കുന്ന ജീവന്റെ വൃക്ഷം ഞാന്‍ പൂക്കളാല്‍ വീണ്ടും നിറയ്ക്കാംനിന്റെ സ്നേഹത്തിനായ് വീണ്ടുമെന്നോമനേ സ്വര്‍ഗം വെടിഞ്ഞിറങ്ങാം…’
(പിന്നീട് എന്റെ സുഹൃത്ത് ഫാ. ഡോക്ടര്‍ രാജീവ് മൈക്കിള്‍ ആ വരികള്‍ക്ക് സംഗീതം പകരുകയും അതൊരു ഗാനമായി പരിണമിക്കുകയും ചെയ്തു. ബിജു നാരായണനും റിജോയ്സുമാണ് ആ ഗാനം ആല്‍ബത്തില്‍ പാടിയത്.)
അഭിലാഷ് ഫ്രേസര്‍