അറപ്പുള്ളവർ വായിക്കരുത്
……………………….
ഒരു കാലത്തിലല്ല, എല്ലാ കാലത്തിലും , എൻ്റെ ജീവിതത്തിൽ മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളിക്കുള്ള സ്ഥാനം വളരെ വലുതാണ്.

രാവിലെ അവിടെ നിന്നും സ്വീകരിച്ച ജീവൻ്റെ അപ്പം നല്കിയ ഊർജ്ജത്തിലാണ് എത്രയോ നാളുകൾ ഞാൻ പ്രവർത്തന നിരതയായത്.

രാവിലെ അഞ്ചേമുക്കാലിനുള്ള വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുമ്പോൾ.. ഈശോയെ കരുത്ത് തരണേ… സ്നേഹം തരണേ..കാരുണ്യം നിറയ്ക്കണേ.. എന്ന് മാത്രമേ പ്രാർത്ഥിക്കാറുണ്ടായിരുന്നൊള്ളു.. കാരണം.. കുർബ്ബാന കഴിഞ്ഞ് തിരിച്ചു ചെല്ലുന്നയിടം അങ്ങനെയാണ്.

മനസു നിറയെ ശക്തി വേണം, ഉള്ളം നിറയുന്ന കാരുണ്യവും സ്നേഹവും വേണം.. അല്ലെങ്കിൽ മടുപ്പും അറപ്പും മൂലം തളർന്നും തകർന്നും പോയേക്കും. ജീവിതത്തിൻ്റെ വ്യർത്ഥതയോർത്ത് മനസ് മരവിച്ചു, പോയേക്കും.. ഹൃദയത്തിൻ്റെ ഉഷ്മളത നഷ്ടപ്പെട്ടു പോയേക്കും
കാരണം കാത്തിരിക്കുന്നത്..
പത്ത് നാനൂറോളം വരുന്ന അനാഥരായ മാനസിക രോഗികളാണ്. ചിലർ അപ്പിയിലും മൂത്രത്തിലും അങ്ങനെ തന്നെ കിടപ്പുണ്ടാകും..

പത്തു പന്ത്രണ്ടോളം ടോയ്ലറ്റുകളിൽ കിടപ്പു മുറിയുടെ വാതിൽ മുതൽ ടോയ്ലറ്റ് വരെ അപ്പിയിട്ട് നിരത്തി വച്ചിട്ടുണ്ടാവും .കുർബ്ബാന കഴിഞ്ഞു വന്നാൽ ഇതു വൃത്തിയാക്കലാണ് ആദ്യ പണി.

ഞാൻ,ജോഷി ചേട്ടൻ, ബിന്ദുവമ്മ,ഷൈജു.. തുടങ്ങിയവർ ഓരോ ഭാഗത്തു നിന്നും തോട്ടി പണി തുടങ്ങും… ഒരു പക്ഷെ യഥാർത്ഥ തോട്ടിപണിക്കാർ കോരിയിട്ടുള്ളതിനെകാൾ കൂടുതൽ അപ്പി ഞങ്ങൾ കോരിയിട്ടുണ്ടാവും.

ശുചിമുറി വൃത്തിയാക്കൽ കഴിഞ്ഞാൽ അപ്പിയിലും മൂത്രത്തിലും കിടക്കുന്നവരെ എടുത്തു കൊണ്ടു വന്ന് തേച്ചു കുളിപ്പിക്കും.. അതിനും ശേഷമാണ് ബാക്കിയുള്ളവരെ വിളിച്ചുണർത്തി പല്ലു തേപ്പിക്കുന്നതും. കുളിപ്പി ക്കുന്നതും.

ചൊറിയും ചിരങ്ങും ഉള്ളവരുണ്ട്, പാണ്ടും കുഷ്ഠവും ഉള്ളവരുണ്ട്.. പൈൽസ് താഴേയ്ക്കിറങ്ങി തൂങ്ങി കിടക്കുന്നവരുണ്ട്.. വേരിക്കോസ് വെയിൽ പൊട്ടി ഉണങ്ങാത്ത മുറിവുള്ളവരുണ്ട്.. അപ്പി വാരി കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്നവരുണ്ട്…
കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തുന്നവരുണ്ട്..

ഡിപ്രഷൻ മുതൽ… അപകടകരമായ വിധം ഉന്മാദാവസ്ഥയിലായവരുണ്ട്..
അടിയോ,തൊഴിയോ..കഴുത്തിൽ പിടിച്ച് ഞെരിക്കലോ കിട്ടാം..
ജീവൻ വാരി കയ്യിൽ പിടിച്ചാണ് ഇവരെ വൃത്തിയാക്കുന്നതും.. പരിചരിക്കുന്നതും..

വൃത്തിയാക്കി,കുളിപ്പിച്ച് ഭക്ഷണവും മരുന്നും കൊടുത്ത് നടു നിവരുമ്പോഴേയ്ക്കും പതിനൊന്നു മണിയെങ്കിലുമാവും അതിന് ശേഷമാണ് ഒരു തുള്ളി വെള്ളമെങ്കിലും ഞങ്ങൾ കുടിക്കുന്നത്.

എത്രയൊ രാവും പകലും മരണത്തിന് കാവലിരുന്നിട്ടുണ്ട്. മരണ ശേഷം അനാഥ ശവത്തെ അടക്കം ചെയ്യാനുള്ള അധികൃതരുടെ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്പോൾ.. ചാപ്പലിൽ വച്ചിരിക്കുന്ന ശവത്തിനരുകിൽ ക്ഷീണിച്ചു കിടന്നുറങ്ങി പോയിട്ടുണ്ട്.. ശവം കാണാനായി വന്നവർ കാലിൽ തൊട്ട് വണങ്ങി( മരിച്ച ആളാണെന്ന് കരുതി) പ്രാർത്ഥിച്ചു കടന്നു പോയതോർത്ത് പിന്നീട് പൊട്ടിച്ചിരിച്ചിട്ടുണ്ട്.

അപരനെ, പ്രത്യേകിച്ച് കിടപ്പു രോഗികളേയും മാനസിക രോഗികളേയും സ്നേഹത്തോടെ ശുശൂഷിക്കണമെങ്കിൽ
മനസ് മടുക്കാതെയിരിക്കണം.
അതിന് അപാര മാനസിക ശക്തിയും ക്ഷമയും സഹനവും വേണം.. ഞാൻ തന്നെയാണ് അവരും എന്ന ചിന്ത വേണം,
സർവ്വോപരി എല്ലാറ്റിനേയും അതിജീവിക്കുന്ന സ്നേഹം വേണം.

ആ സ്നേഹത്തിൻ്റെ ഉറവിടമായിരുന്നു ഞങ്ങൾക്ക് വിശുദ്ധ കുർബ്ബാന.

മൈലകൊമ്പ് പള്ളിയുടെ അൾത്താരയ്ക്കു മുന്നിൽ മുട്ടുകുത്തി… ഈശോയെ അപ്പി കോരാനുള്ള സ്നേഹം ഉള്ളിൽ നിറയ്ക്കണേ, സ്നേഹത്തിന് ഒരു കുറവു വരാതെ ഈ മക്കളെ ശുശ്രൂഷിക്കാൻ കരുത്ത് തരണേ ,,ബോധമില്ലാത്ത ഈ മക്കളുടെ തെറികേൾക്കാനും അടികൊള്ളാനും ക്ഷമ തരണേ എന്നൊക്കെ എത്രയോ വർഷം പ്രാർത്ഥിച്ചിട്ടുണ്ട്..

നടു റോഡിലൂടെ തുണിയില്ലാതെ ഒരു സ്ത്രീയോ പുരുഷനോ നടക്കുന്നു എന്നാരെങ്കിലും വിളിച്ചു പറയുമ്പോൾ ഓടി ചെന്ന്.. അതിനെ അനുനയിപ്പിക്കുവോളം ഒപ്പം നടന്നിട്ടുണ്ട്.
കിലോ മീറ്ററുകളോളം..
ഒപ്പം നടന്ന് ചിരിച്ചു കാണിച്ച്,പിന്നെ സൗഹൃദം സ്ഥാപിച്ച്,ശേഷം ഭക്ഷണം കാണിച്ചു മയക്കി സ്നേഹം നേടി,വണ്ടിയിൽ കയറ്റി കൊണ്ടു വന്ന് കുളിപ്പിച്ച് മനുഷ്യരൂപമാക്കുവോളം നീളുന്ന ക്ഷമ , ലഭിച്ചത് വിശുദ്ധ കുർബ്ബാനയിൽ നിന്നാണ് .

വല്ലാതെ തളർന്ന് ഇനി വയ്യാ.. എന്ന് തോന്നിയാലും രാവിലെ പള്ളിയിലെത്തി വിശുദ്ധ കുർബ്ബാനയിൽ പങ്കുകൊണ്ട് ഈശോയെ സ്വീകരിച്ചു കഴിയുമ്പോൾ..മറ്റൊരാളായി മാറും..

പിന്നെ എത്ര വൃത്തികേടായി കിടക്കുന്ന മനുഷ്യ ശരീരത്തേയും സ്പർശിക്കാൻ അറപ്പു തോന്നുകയില്ല…

മൈലകൊമ്പു പള്ളിയും അവിടുത്തെ അൾത്താരയും എൻ്റെ ശുശ്രൂഷാ ജീവിതത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

കുറേ വർഷങ്ങൾക്കിപ്പുറം പള്ളിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി ചെയ്യാനായി ക്യാമറയുമായി അൾത്താരയ്ക്കു മുന്നിൽ നിൽക്കുമ്പോൾ..എൻ്റെ കണ്ണു നിറഞ്ഞു.

ഈശൊയെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ,കരുണയും,അലിവും സ്നേഹവും ക്ഷമയുമുള്ള ഒരാളായി മാറാൻ എനിക്ക് അല്പമെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് നീ എൻ്റെ ഉള്ളിൽ വന്നപ്പോൾ മാത്രമാണ്..
അല്ലായിരുന്നെങ്കിൽ ഒരുപാട് അറപ്പും വൃത്തി ബോധവും കൊണ്ടു നടക്കുന്ന എനിക്ക്, ആരെയെങ്കിലും തൊട്ടാൽ പോലും ഓടി പോയി കൈ കഴുകുന്ന എനിക്ക്,പെട്ടെന്ന് കോപിഷ്ഠയാകുന്ന എനിക്ക്, പെട്ടെന്ന് ഫീലാകുന്ന എനിക്ക്, ചെറിയ കാര്യങ്ങൾക്കും തളർന്നു പോകുന്ന എനിക്ക്, ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെയാണ് കഴിയുക.

മതവിശ്വാസത്തിനപ്പുറം ഇതൊക്കെ ആയിരിക്കാനുള്ള എളിയ ശ്രമങ്ങളുടെ പ്രചോദനമാണ് എനിക്ക് വിശുദ്ധ കുർബ്ബാന.

ആ മൈലകൊമ്പുപള്ളിയുടെ അൾത്താരയിൽ ക്യാമറയുമായി നിൽക്കാൻ കഴിഞ്ഞതും ദൈവത്തിൻ്റെ അനുഗ്രഹം മാത്രമാണ്

(പള്ളിയുടെ വീഡിയോ ലിങ്ക് കമൻ്റു ബോകസിൽ)

ഗീതാദാസ്✍️

Geetha Das  (Geethamma)

നിങ്ങൾ വിട്ടുപോയത്