ദൈവവിളിയെപ്പറ്റിയാണ് പ്രസ്തുത വചനം പ്രതിപാദിക്കുന്നത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാവരെയും ദൈവം തന്റെ അടുത്തേയ്ക്ക് വിളിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ പ്രവൃത്തിയിലോ ഉള്ള എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടല്ല ദൈവം ആ വ്യക്തിയെ തന്റെ അടുത്തേക്ക് വിളിക്കുന്നത്. അബ്രാഹം മുതൽ ഇന്നുവരെ ദൈവം പേരെടുത്തു വിളിച്ച വ്യക്തികൾക്കെല്ലാം പൊതുവായുള്ള ഒരു ഘടകം, ദൈവത്തിന്റെ വിളിക്ക് അവരെ അർഹരാകുന്ന യാതൊരു പ്രത്യേകതകളും അവരിൽ ഇല്ലായിരുന്നു എന്നതാണ്. ലൗകീക മാനദണ്ഡമനുസരിച്ചുള്ള ബുദ്ധിയും കുലീനതയും ശക്തിയും ഒന്നുമല്ല ദൈവത്തിന്റെ വിളിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഘടകം. തങ്ങളുടെ പോരായ്മകൾ തിരിച്ചറിഞ്ഞ്, ദൈവത്തിന്റെ ശക്തിയിൽ മാത്രം ആശ്രയിച്ചുകൊണ്ട്, ദൈവവിളി സ്വീകരിക്കാൻ തയാറാകുന്ന വ്യക്തിയുടെ വിശ്വാസമാണ്.
യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും കുറവുകളും അജ്ഞതയും ഒന്നും ആ വിളി സ്വീകരിക്കുന്നതിനു തടസ്സമായി നിൽക്കാൻ പാടില്ല. കാരണം,”വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു” (1 കോറിന്തോസ് 1:27). ദൈവത്തിന്റെ വിളി സ്വീകരിച്ച് അവിടുത്തെ സമീപിക്കുന്നവർക്ക് അവരുടെ പ്രവർത്തികളിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ കൃപകളും ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ധാരാളമായി നൽകുന്നുണ്ട്.
നമ്മൾ ആഗ്രഹിക്കുന്ന ഒരു മേഖലയിലേക്ക് ആകണമെന്നില്ല, പലപ്പോഴും ദൈവം നമ്മെ വിളിക്കുന്നത്. എന്നാൽ, അതുമൂലം ദൈവത്തിന്റെ വിളിക്ക് ചെവികൊടുക്കാതിരിക്കുന്നത് ബുദ്ധിമോശമാണ്. കാരണം, ദൈവവിളി തിരിച്ചറിഞ്ഞ് അത് സ്വീകരിക്കുന്നതിലൂടെയാണ് മനുഷ്യജീവിതത്തിനു അർത്ഥമുണ്ടാകുന്നത്. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാറ്റിനെയും ദൈവത്തിന്റെ പദ്ധതിയുടെ വെളിച്ചത്തിൽ കാണാൻ കഴിയുമ്പോൾ നമ്മുടെ ജീവിതം നമുക്ക് കൂടുതൽ വ്യക്തതയോടെ അറിയുവാനും ആസ്വദിക്കുവാനും സാധിക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.