With what can we compare the kingdom of God, or what parable shall we use for it? It is like a grain of mustard seed
(Mark 4:30-31) ✝️
ജീവിതത്തിൽ നമ്മുടെ ദൃഷ്ടിയിൽ ഒരു കടുകുമണിയോളം നിസ്സാരമായ മറ്റൊന്നും തന്നെ കണ്ടെന്നു വരികയില്ല. ഒരു കടുകുമണി നിലത്തു പോയാൽ അതെവിടെയെന്ന് അന്വേഷിക്കുവാനോ, ഒരു കടുകുമണി നിലത്തു കിടക്കുന്നതു കണ്ടാൽ അത് കുനിഞ്ഞെടുക്കുവാനോ നാമാരും ഉദ്യമിക്കാറില്ല. എന്നാൽ, ദൈവരാജ്യത്തിന്റെ സ്ഥിതി അതല്ല. എന്തൊക്കെ ക്ലേശങ്ങൾ സഹിച്ചിട്ടാണെങ്കിലും ദൈവരാജ്യത്തിലെ ഒരു അംഗമാകുകയെന്നതു നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെ വചനഭാഗത്തിൽ, ദൈവരാജ്യത്തെ കടുകുമണിയോട് ഉപമിച്ചുകൊണ്ട് ഈശോ അനുദിന ജീവിതത്തിൽ പലതവണ നമ്മൾ അവഗണിക്കുന്ന ഒരു ചെറിയ വലിയ തെറ്റിലേക്ക് വിരൽ ചൂണ്ടുകയാണ്.
ദൈവസ്നേഹത്തെ പ്രതി ഒട്ടേറെ വലിയ കാര്യങ്ങൾ ഈ ലോകത്തിൽ ചെയ്യാനുള്ള ആഗ്രഹം നമ്മിൽ ധാരാളംപേർക്കുള്ളതാണ്. എന്നാൽ, വലിയ കാര്യങ്ങൾ ചെയ്യാനുള്ള വ്യഗ്രതയിൽ ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കാറുമുണ്ട്. സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരിയോ, ആശ്വാസകരമായ ഒരു വാക്കോ, ആദരവ് നിറഞ്ഞ പെരുമാറ്റമോ പോലുള്ള, ലഭിക്കുന്ന ആളല്ലാതെ മറ്റാരും അറിയുക പോലുമില്ലാത്ത നിസ്സാരങ്ങളായ പ്രവൃത്തികൾ ദൈവസന്നിധിയിൽ എത്രയധികം വിലപ്പെട്ടതാണ് എന്ന് പലപ്പോഴും നമ്മൾ വിസ്മരിക്കാരുണ്ട്. എന്നാൽ, ഇതുപോലുള്ള ചെറിയ കാര്യങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന കൃപകളാണ് നമ്മെ വലിയ കാര്യങ്ങൾ അഹങ്കാരവും സ്വാർത്ഥതയുമില്ലാതെ ചെയ്യാൻ പ്രാപ്തരാക്കുന്നത്.
വലിയ കാര്യങ്ങൾ വലുതായി ചെയ്‌താൽ മാത്രമേ ദൈവം നമ്മിലൂടെ ആഗ്രഹിക്കുന്ന നന്മ ലോകത്തിനു ലഭിക്കുകയുള്ളൂ എന്ന ചിന്താഗതി ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകണം. ചെറിയ പ്രവർത്തികളിലൂടെ നമ്മൾ സ്നേഹപൂർവം ലോകത്തിൽ വിതയ്ക്കുന്ന കടുകുമണികളാണ് കാലക്രമത്തിൽ വളർന്നു പന്തലിച്ച് അനേകം പക്ഷികൾക്ക് തണലായി മാറുന്നത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏