തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ ഓയൂരിൽനിന്നു ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ എന്ന ആറുവയസുകാരിയെ 20 മണിക്കൂറിനുശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി.
ഈ വാർത്ത കുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മാത്രമല്ല, കേരള സമൂഹത്തിനാകെ ആശ്വാസവും സന്തോഷവും നല്കുന്നു. എന്നാൽ പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല എന്നത് ആശങ്കാജനകമാണ്.
നാടുനീളെ സർക്കാർ സ്ഥാപിച്ചിരിക്കുന്ന കാമറകളിലോ സ്വകാര്യ സ്ഥാപനങ്ങളുടെയും വീടുകളുടെയും സിസി ടിവി കാമറകളിലോ ഈ കേസിൽ ഉപയോഗപ്രദമായ ദൃശ്യങ്ങൾ യാതൊന്നും ലഭിച്ചിട്ടില്ല എന്നത് എന്തുകൊണ്ടായിരിക്കാം?
തട്ടിക്കൊണ്ടുപോയ അജ്ഞാതർ രണ്ടുതവണ കുട്ടിയുടെ വീട്ടിലേക്ക് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടും ഇത്തരം കേസുകളിൽ പ്രതികളുടെ സന്ദേശം വരുമെന്നത് പോലീസിന് മുൻകൂട്ടി കാണുവാനും കുട്ടിയുടെ ബന്ധുമിത്രാദികളുടെ ഫോണുകൾ നിരീക്ഷണത്തിൽ വയ്ക്കാനും കഴിയാതിരുന്നതെന്ത്? സംഭാഷണം ദീർഘിപ്പിച്ച്, കുറ്റവാളികൾ എവിടെയാണ് എന്നുള്ള ലൊക്കേഷൻ കണ്ടെത്താൻ സാധിക്കുമായിരുന്നില്ലേ? അതിനുള്ള രഹസ്യനിർദേശങ്ങൾ കുട്ടിയുടെ മാതാപിതാക്കൾക്കു നല്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കു കഴിയാതിരുന്നതെന്ത്? പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി അന്വേഷിക്കുന്നതിൽ കാലതാമസം ഉണ്ടായി എന്ന ആരോപണം ഗൗരവതരമാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ ഉദ്ദേശ്യം മോചനദ്രവ്യമോ, അതോ ബാലപീഡകർക്കു കൈമാറി സാന്പത്തികനേട്ടം ഉണ്ടാക്കുവാനോ ആകാം. പോലീസ് കേസുകളെയും ശിക്ഷാവിധികളെയും തെല്ലും ഭയമില്ലാത്ത ഒരു വിഭാഗം മനുഷ്യർ സമകാലീന കേരള സമൂഹത്തിലുണ്ടെന്നത് ആശങ്കാജനകമാണ്.
വ്യാജ രജിസ്ട്രേഷൻ നന്പരുമായി നിരത്തുകളിലൂടെ പായുന്ന വാഹനങ്ങൾ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു കണ്ടെത്താൻ കഴിയേണ്ടതാണ്. ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ നന്പർ സ്കാൻ ചെയ്യുന്പോൾ അതേപ്പറ്റിയുള്ള സമഗ്രമായ വിവരങ്ങൾ ഉദ്യോഗസ്ഥർക്കു ലഭിക്കാൻ ഈ കംപ്യൂട്ടർ യുഗത്തിൽ സംവിധാനമുണ്ട്. എന്നിട്ടും വ്യാജനന്പരുകൾ ഉപയോഗിച്ച് നിരത്തിലിറങ്ങാൻ കുറ്റവാളികൾക്ക് എങ്ങനെ കഴിയുന്നു? വാഹനപരിശോധനയുടെ ലക്ഷ്യം പിഴയീടാക്കുക എന്നതു മാത്രമോ?
തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ചിത്രങ്ങളും മറ്റും ടെലിവിഷൻ ചാനലുകളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്, കുട്ടിയെ കണ്ടെത്താൻ സഹായകരമായി എന്നത് യാഥാർഥ്യം തന്നെ. എങ്കിലും പോലീസ് അന്വേഷിക്കുന്ന കാര്യങ്ങളും കേസിൽ ലഭിക്കുന്ന വിവരങ്ങളും തൽക്ഷണം ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു കാര്യമാണ്.
പ്രതികളും അവരുമായി ബന്ധമുള്ളവരും കേസന്വേഷണത്തിന്റെ പുരോഗതി മനസിലാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും ഇതുമൂലം ഇടയാകുന്നുണ്ട് എന്നത് ദൃശ്യമാധ്യമപ്രവർത്തകർ മനസിലാക്കേണ്ടതാണ്. കുട്ടിയെ കണ്ടെത്താൻ സഹായകരമായ വിവരങ്ങൾ മാത്രമാണ് പരസ്യമാക്കേണ്ടത്, പോലീസിന്റെ കേസന്വേഷണത്തിലെ പുരോഗതിയല്ല. അതിന് ഉത്തരവാദിത്വപ്പെട്ടവർ ഭരണസിരാകേന്ദ്രങ്ങളിലുണ്ടല്ലോ.
പ്രതികളെ കണ്ടെത്താനും മാതൃകാപരമായ ശിക്ഷ ലഭിക്കുമാറ് കാര്യക്ഷമമായ തെളിവുകൾ ശേഖരിക്കാനും പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കട്ടെ. അതോടൊപ്പം, ഇത്തരം കേസുകളിൽ പിഴവുകൾ ഉണ്ടാകാത്ത രീതിയിൽ അന്വേഷണം നടത്താൻ വേണ്ട പരിശീലനം പോലീസ് സ്റ്റേഷൻ തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കു നല്കേണ്ടതുമാണ്.
ഡോ. സിബി മാത്യൂസ്
(മുൻ ഡിജിപി)