സ്വന്തം കൈകൾ കൊണ്ട് അധ്വാനിച്ചു ദൈവജനത്തിനു അന്നമേകാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ജില്ലയിലെ എടൂരിലുള്ള ദിവ്യരക്ഷക സന്യാസ സമൂഹത്തിലെ വൈദികർ.
കോവിഡ് കാലഘട്ടത്തിൽ ആശ്രമത്തിലുള്ള യുവ സന്യാസിമാർ ക്രിസ്റ്റി ചാക്കാനിക്കുന്നേൽ, സിജോ വെള്ളേടത്ത്, ബിജോ വള്ളിക്കാട്ട്, ഡെനിഷ് കന്നുകെട്ടിയേൽ എന്നിവരാണ് സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളും ഭക്ഷ്യ വസ്തുക്കളും ആശ്രമ പരിസരത്തുള്ള പാവപ്പെട്ട മനുഷ്യരെ സഹായിക്കാനായി മാറ്റിവച്ചത്. ആശ്രമ പരിസരത്തു അച്ചന്മാർ തന്നെ വളർത്തിയെടുത്ത കോഴികളുടെ മുട്ടയും കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്തു കുഴിച്ച മീൻ കുളത്തിൽ വളർത്തിയ മീനും അവർ ഈ ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
എടൂരിനു ചുറ്റുമുള്ള ഭവനങ്ങളിലെ ഹത ഭാഗ്യരായ മനുഷ്യരുടെ സങ്കടകരമായ അവസ്ഥ മനസിലാക്കിയപ്പോൾ പച്ചക്കറികളോടൊപ്പം പലവ്യഞ്ജനങ്ങളും എത്തിച്ചു നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. റിഡെംപ്റ്ററിസ്റ് വൈദികരായ ഇവരുടെ ഈ നിസ്വാർത്ഥ സേവനം ആശ്വാസമായത് പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അനേകം കുടുംബങ്ങൾക്കാണ്.
പരിസരവാസിയും പൊതു പ്രവർത്തകനുമായ പ്രകാശ് തൈപ്പറമ്പിലിന്റെ സഹായത്തോടെയാണ് അർഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്തതും സഹായം എത്തിച്ചതും ഏന്നു ബഹുമാനപ്പെട്ട വൈദികർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ രീതിയിൽ കൃഷി ഇറക്കാനും അർഹരായ കൂടുതൽ കുടുംബങ്ങളെ കണ്ടെത്താനും ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും, ആശ്രമം റെക്ടർ ക്രിസ്റ്റി ചാക്കാനിക്കുന്നേൽ പറഞ്ഞു. അടിയന്തിര ആവശ്യങ്ങൾ പരിഗണിച്ചു നിർധനരായവർക്ക് മരുന്നുകൾ ഉൾപ്പെടെ എത്തിച്ചു നൽകാനും തയ്യാറെടുക്കുകയാണ് ഇരിട്ടി എടൂർ റോഡിലുള്ള അൽഫോൻസ് ഭവൻ എന്ന റിഡംപ്റ്ററിസ്റ്റ് സന്യാസിമാരുടെ ഈ ഭവനം.
ACTS of Goodness