1 ദൈവമേ, അങ്ങയുടെ ന്യായപ്രമാണങ്ങള്‍ രാജാവിനു നല്കണമേ; അങ്ങയുടെ നീതി രാജകുമാരനും!

2 അവന്‍ അങ്ങയുടെ ജനത്തെ നീതിയോടെ വിധിക്കും; അങ്ങയുടെ അഗതികളെ ന്യായത്തോടെയും.

3 മലകളും കുന്നുകളും ജനത്തിനുവേണ്ടിനീതിയോടെ സമാധാനം സംവഹിക്കട്ടെ!

4 ജനത്തിന്റെ അഗതികളെ അവന്‍ ന്യായവിചാരണചെയ്യട്ടെ;ദരിദ്രപ്രജകള്‍ക്ക് അവന്‍ രക്ഷ നിര്‍വഹിക്കട്ടെ;മര്‍ദകനെ തകര്‍ക്കുകയും ചെയ്യട്ടെ!

5 തലമുറതലമുറകള്‍ സൂര്യനോടൊപ്പവും ചന്ദ്രനുമുമ്പിലും അങ്ങയെ ആദരിക്കട്ടെ!

6 ഭൂമിയുടെ മഴ പെരുമഴപോലെ,ആട്ടിന്‍രോമത്തില്‍ മഴപോലെ, പെയ്യട്ടെ!

7 അവന്റെ കാലത്ത് നീതിമാന്‍ പുഷ്പിക്കട്ടെ;ചന്ദ്രനുള്ളിടത്തോളം സമാധാനത്തികവും!

8 സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍വരെയുംഅവന്‍ നിയന്ത്രിക്കട്ടെ!

9 മരുഭൂവാസികള്‍ അവന്റെമുമ്പില്‍ കുമ്പിടട്ടെ!അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ!

10 താര്‍ഷീഷിന്റെയും ദ്വീപുകളുടെയും രാജാക്കന്മാര്‍ കാഴ്ച സമര്‍പ്പിക്കട്ടെ!ഷെബായിലെയും സെബായിലെയും രാജാക്കന്മാര്‍ കപ്പം കൊണ്ടുവരട്ടെ!

11 എല്ലാ രാജാക്കന്മാരും അവന് പ്രണാമമര്‍പ്പിക്കട്ടെ!എല്ലാ ജനതകളും അവനെ സേവിക്കട്ടെ!

12 കേണപേക്ഷിക്കുന്ന ദരിദ്രനെയുംനിസ്സഹായനായ അഗതിയെയും അവന്‍ തീര്‍ച്ചയായും മോചിപ്പിക്കും.

13 ദുര്‍ബലന്റെയും ദരിദ്രന്റെയുംമേല്‍ അവന്‍ ദയാവായ്പുള്ളവനാണ്;ദരിദ്രരുടെ ആത്മാക്കളെ അവന്‍ രക്ഷിക്കും.

14 പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നുംഅവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും;അവരുടെ രക്തം അവന്റെ ദൃഷ്ടികളില്‍ വിലയേറിയതായിരിക്കും.

15 അവന്‍ ആയുഷ്മാനാകട്ടെ!ഷെബായിലെ സ്വര്‍ണത്തില്‍നിന്ന് അവിടന്ന് അവനു നല്കട്ടെ!അവനുവേണ്ടി നിരന്തരം മാധ്യസ്ഥ്യമുണ്ടാകട്ടെ!എല്ലാ ദിവസവും അവിടന്ന് അവനെ അനുഗ്രഹിക്കട്ടെ!

16 ധാന്യവയലിന്റെ സമൃദ്ധി ഭൂമിയില്‍ ഉണ്ടാകട്ടെ;ലബനോന്‍പോലെ മലകളുടെ ഉച്ചിയില്‍ അതിന്റെ ഫലം ഉലഞ്ഞാടട്ടെ!അവ വയല്‍സസ്യംപോലെ നഗരത്തെക്കാള്‍ പ്രഫുല്ലമാകട്ടെ!

17 അവന്റെ നാമം എന്നേക്കും നിലനില്ക്കട്ടെ!സൂര്യസമക്ഷം അവന്റെ പേര് വ്യാപിക്കട്ടെ!ജനതകളെല്ലാം അവനാല്‍ അനുഗൃഹീതരാകട്ടെ!അവര്‍ അവനെ ഭാഗ്യവാനാക്കുകയും ചെയ്യട്ടെ!

18 ഇസ്രായേലിന്റെ ദൈവം, ദൈവമായ കര്‍ത്താവ്, വാഴ്ത്തപ്പെടട്ടെ! അവിടന്നുമാത്രമാണ് വിസ്മയകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍.

19 അവിടത്തെ മഹത്ത്വത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ!അവിടത്തെ മഹത്ത്വം ഭൂമിമുഴുവന്‍ നിറയട്ടെ! ആമേന്‍, ആമേന്‍.

Joshyachan Mayyattil

നിങ്ങൾ വിട്ടുപോയത്