തിങ്കൾ മുതൽ വെള്ളിവരെ 6 PM മുതൽ 9 PM വരെ സീരിയലുകൾ നടത്തുന്നത് സാംസ്കാരിക ശൂന്യമായ അധമ വ്യാപാരം. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത വലിച്ചു നീട്ടിയ കോപ്രായങ്ങൾ, ഗർഭം അലസിപ്പിക്കൽ, കുശുമ്പ്, കുന്നായ്മകൾ, ആത്മഹത്യകൾ, വിവാഹമോചനം, അവിഹിത ബന്ധം, കൊലപാതകങ്ങൾ, ആഭിചാര ക്രിയകൾ, ഗുണ്ടാ പ്രവർത്തനം തുടങ്ങി അങ്ങനെ പോകുന്നു തിന്മയുടെ ചിത്രങ്ങൾ. 50,000 രൂപയുടെ സാരിയുടുത്ത് വലിയ സ്വർണമാലയും ഇട്ടു ലിപ്സ്റ്റിക്കും തേച്ചുള്ള കെട്ടുകാഴ്ച്ച അമ്മായി അമ്മമാർ, കുടുംബ അന്തരീക്ഷത്തിൽ നന്മയുടെ സന്ദേശം അല്പംപോലും കടന്നു വരരുത് എന്ന് ശഠിക്കുന്ന എരപ്പാളിയായ എഴുത്തുകാരനും സംവിധായകനും കൂട്ടാളികളും ഇതാണ് മലയാള സീരിയൽ.
വ്യക്തികളുടെയും കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കാൻ പര്യാപ്തമാണ് ഈ സീരിയലുകൾ, മാനസിക ആരോഗ്യത്തിലും കുടുംബ ഭദ്രതയും കുട്ടികളുടെ മനോ പദങ്ങളിലും കാഴ്ചപ്പാടുകളിലും ഈ ക്രൂരത ഏൽപ്പിക്കുന്ന ആഘാതങ്ങൾ അത്ര നിസാരമല്ല, ഒരു വീട്ടിൽ വെറുതെ ഒരു സംശയരോഗം സൃഷ്ടിക്കുവാൻ പര്യാപ്തമാണ് ഈ സീരിയലുകൾ. ആണിനും പെണ്ണിനും തമ്മിൽ ഒരേ ഒരു ബന്ധം മാത്രമേ അവർക്ക് ചിന്തിക്കാനാവു. വൈകുന്നേരം ആറു മണിക്ക് തുടങ്ങുന്ന സീരിയലുകളുടെ അങ്കം ചില ചാനലുകളിൽ 11:00 വരെ നീളുന്നു, മലയാള ടെലിവിഷനിൽ ഇന്ന് നിറയുന്ന പരമ്പരകൾ എല്ലാം ഇങ്ങനെ വിഷം വമിക്കുന്നവയാണ്.
ആരോഗ്യപരമായ ചിന്തിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഇത്തരത്തിലുള്ള കലാ സൃഷ്ടികൾക്ക് സാധിക്കുകയില്ല, നേരെമറിച്ച്, സമൂഹത്തിന് ഗുണം ചെയ്യുന്ന പോസിറ്റീവ് ആശയങ്ങളുള്ള കലാസൃഷ്ടികൾ പ്രോത്സാഹിപ്പിക്കണം, പ്രേക്ഷകർ തുടർച്ചയായി നല്ല ആശയങ്ങൾ ഉൾക്കൊള്ളുമ്പോൾ അത് സമൂഹത്തിന് ചിന്താശേഷിയും ദിശാബോധവും നൽകും, നാം നിരന്തരം എന്തു ചിന്തിക്കുന്നുവോ അതായി തീരും നമ്മൾ എന്നതാണ് യഥാർത്ഥ സത്യം.എന്തായാലും ഇനിമുതൽ സെൻസറിങ്ങിനു വേണ്ടി ഇക്കണ്ട സീരിയലുകൾ എല്ലാം കുത്തിയിരുന്ന് കാണേണ്ടി വരുന്നവരുടെ അവസ്ഥ ഹോ ഭയങ്കരം
.Vinod Panicker