തൊടുപുഴ: കലയന്താനി സെന്റ് മേരീസ് ഇടവക സെമിത്തേരിയിലെ കുഴിവെട്ടുന്ന ജോലിചെയ്യുന്ന ജോണിക്ക് സ്വന്തമായിട്ട് നല്ലൊരു വീടില്ലാത്തതായിരുന്നു ഏറ്റവും വലിയ വിഷമം.
ഭാര്യയും പ്രായമായ രണ്ടു പെണ്‍കുട്ടികളുമായി ചോര്‍ന്നൊലിക്കുന്നതും നിലംപൊത്താറായതുമായ കൂരയിൽ കഴിഞ്ഞിട്ടും തന്റെ വിഷമങ്ങള്‍ ആരോടും പറഞ്ഞില്ല.
എന്നാൽ, ഒരിക്കൽ വീട് സന്ദര്‍ശനത്തിനെത്തിയ ഇടവക വികാരിയുടെ മനസ്സിൽ നിന്ന് ആ വീടിന്റെ ദയനീയ ചിത്രം മാഞ്ഞില്ല. ജോണിക്കൊരു കൂരയുണ്ടാക്കി കൊടുക്കാമെന്ന ആശയം ഇടവകക്കാരുമായി പങ്കുവെച്ചപ്പോള്‍ എല്ലാവര്ക്കും സമ്മതം.
ഒടുവിൽ എല്ലാവരുടെയും സഹായവും പ്രയത്നവുംകൊണ്ട് വീടൊരുങ്ങിയപ്പോള്‍ ജോണിക്ക് ഈ ലോകം തന്നെ കൈപ്പിടിയിലൊതുക്കിയ സന്തോഷമായിരുന്നു. പള്ളിവികാരി ഫാ.ജേക്കബ് തലപ്പിള്ളിയുടെ മനസ്സിൽ ഉദിച്ച ആശയം കോവിഡ് പ്രതിസന്ധിക്കിടയിലും ഇടവക ജനം ഒന്നാകെ ഏറ്റെടുത്തു.കഴിഞ്ഞ ദിവസം വികാരി വീടിന്റെ താക്കോൽ ജോണിക്കും കുടുംബത്തിനും കൈമാറി. ജോണിയുടെ പിതാവ് മാണിയപ്പാപ്പനും പള്ളിയിലെ സെമിത്തേരി ജോലികള്‍ ചെയ്തിരുന്നയാളാണ്. അദ്ദേഹത്തിന്റെ മരണശേഷം ആ ജോലി ഏറ്റെടുക്കുമ്പോഴും നല്ലൊരു വീടെന്ന സ്വപ്നം അകലെയായിരുന്നു. പക്ഷേ, തങ്ങള്‍ക്ക് സേവനം ചെയ്യുന്നയാളെ ആ ഇടവക കൈവിട്ടില്ല. 77 ദിവസംകൊണ്ടാണ് വീടുപണി പൂര്‍ത്തിയാക്കിയത്.
അസി.വികാരി ഫാ.ജോസഫ് കുന്നുംപുറത്ത്, ഹൈസ്കൂള്‍ പ്രഥമാധ്യാപകന് ഫാ.ആന്റണി പുലിമല, സ്കൂള്‍ ജീവനക്കാര്‍, കോണ്‍വെന്റിലെ സിസ്റ്റേഴ്സ് എന്നിവരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
വീണ്ടുമൊരു മിന്നുകെട്ട്…..
.വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഒറ്റപ്പെട്ട ജീവിതത്തിരക്കിനിടയിൽ ആകസ്മികമായി കടന്നുവന്ന ഭാര്യ ബീനയെ പ്രാരബ്ധങ്ങള്‍ക്കിടയിൽ സഭയുടെ ആചാരപ്രകാരം താലിചാര്‍ത്താന്‍ ജോണിക്ക് കഴിഞ്ഞിരുന്നില്ല.വീടുപണിയോടൊപ്പം ഇടവക കൂടെനിന്ന് ആ കര്മവുമങ്ങ് നടത്തിക്കൊടുത്തു.
ഫാ.ജേക്കബ് തലപ്പിള്ളിയുടെ കാര്‍മികത്വത്തിൽ സെന്റ് മേരീസ് പള്ളിയിൽ വെച്ച് ബീനയ്ക്ക് താലിചാര്‍ത്തി. മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ACTS of Goodness