പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു.

സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ കടുത്ത ഭിന്നതയിലേക്കും അവസാനിക്കാത്ത നിയമപോരാട്ടങ്ങളിലേക്കും തള്ളിവിടാനുള്ള അല്മായമുന്നേറ്റത്തിന്റെ ശ്രമങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ജാഗ്രതയുണ്ടാകണം. പരിശുദ്ധ പിതാവിന്റെ നിർദ്ദേശങ്ങളെ അനുസരിക്കാത്ത ഒരു രൂപതയ്ക്കു കത്തോലിക്കാസഭയിൽ പ്രത്യേക വ്യക്തിസഭയുണ്ടാക്കാനാവില്ലെന്നും ലോകമെമ്പാടുമുള്ള സീറോമലബാർസഭയെ വെട്ടിമുറിക്കുകയാണിവരുടെ അജണ്ടയെന്നും എല്ലാവരും തിരിച്ചറിയണം.

കത്തോലിക്കാസഭയിലെ ഓരോ രൂപതയും ഓരോ സ്വാതന്ത്രസഭയാകുന്നതിലെ വൈരുധ്യം ചിന്താശക്തിയുള്ളവർ തിരിച്ചറിയും. അഹന്തയുടെയും പിടിവാശിയുടെയും പേരിൽ സഭാമാതാവിനെ കീറിമുറിക്കാനുള്ള സഭാവിരുദ്ധശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തണം. എന്തിനുമേതിനും കാനൻ നിയമം ഉദ്ധരിക്കുന്നവർ അതേ നിയമങ്ങൾ പൂർണ്ണമായും ലംഘിച്ച് ഇടവക പ്രതിനിധിയോഗങ്ങൾ പ്രമേയം പാസാക്കുന്നതിലെ വൈരുധ്യമറിയാത്തവരാണോ?


മാർപാപ്പയ്‌ക്കോ സിനഡിനോ രൂപതാധ്യക്ഷനോ എതിരായി പ്രമേയം പാസാക്കാൻ ഇടവക പ്രതിനിധിയോഗങ്ങൾക്ക് അധികാരമില്ലെന്നെങ്കിലും അറിഞ്ഞിരിക്കുന്നത് നന്ന്.

