കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസം പകർന്ന് മാതാപിതാക്കൾക്ക് പ്രിൻസിപ്പാൾ അച്ചൻ്റെ കത്ത് .
2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വാർഷിക ഫീസ് അടയ്ക്കേണ്ടതില്ലെന്നാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ K.E കാർമ്മൽ സെൺട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാംജി വടക്കേടം അറിയിച്ചിരിക്കുന്നത് .
സാമ്പത്തിക പരാധീനതയുടെ പേരിൽ ഒരു കുട്ടിയ്ക്കു പോലും വിദ്യാഭ്യാസം മുടങ്ങില്ലെന്നും കത്തിൽ ഉറപ്പു നൽകുന്നുണ്ട്.കോവിഡ് മഹാമാരി യിൽ കുടുംബങ്ങൾ ഏറ്റവും അധികം തൊഴിൽ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്ന 2020-2021 അധ്യയന വർഷത്തിലും ഒരു കുട്ടിയോടു പോലും സ്കൂൾ അധികൃതർ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല .
ഓരോ പളളിക്കും ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിക്കാൻ കേരള സഭയെ ആഹ്വാനം ചെയ്ത് കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച നവോത്ഥാന നായകൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച CMI സന്യാസ സമൂഹത്തിലെ സെൻ്റ് ജോസഫ് പ്രൊവിൻസ് തിരുവനന്തപുരത്തിന് കീഴിലുള്ള നസ്രത്ത് കാർമ്മൽ എജ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് K.E കാർമ്മൽ സെൺട്രൽ സ്കൂൾ മുഹമ്മ.
CBSE സിലബസിലുള്ള പാഠ്യപദ്ധതി പിൻതുടരുന്ന K.E കാർമ്മൽ സെൺട്രൽ സ്കൂൾ 2001 ലാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ പ്രവർത്തനം ആരംഭിച്ചത് .റവ.ഫാ. റോബിൻ അനന്തക്കാട്ട് CMI മാനേജരായും , റവ.ഫാ.ഡോ. സാംജി വടക്കേടം CMI പ്രിൻസിപ്പാൾ ആയും , റവ.ഫാ. ജിനോ കണ്ണേകോണിൽ CMI ബർസാർ ആയും , ഷൈനി ജോസ് വൈസ് പ്രിൻസിപ്പാളായും സേവനം അനുഷ്ടിക്കുന്ന K.E കാർമ്മൽ സെൺട്രൽ സ്കൂളിൽ കിൻഡർഗാർട്ടൻ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തിൽപരം കുട്ടികൾ പഠിക്കുന്നുണ്ട്.
കടുത്ത പ്രതിസന്ധികൾക്കിടയിലും ശക്തമായ ക്രൈസ്തവസാക്ഷ്യം നിർവഹിച്ചുകൊണ്ട് മുന്നേറുന്ന മുഹമ്മ K.E കാർമ്മൽ സെൺട്രൽ സ്കൂളിനെയും അധികാരികളെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
ബോബി തോമസ്