കാറിലേക്ക് കയറിയ ഉടനെ ഡ്രൈവറോട് ഞാൻ ചോദിച്ച ആദ്യ ചോദ്യം തന്നെ Ac കുറച്ചുകൂടി കൂട്ടാമോ എന്നതായിരുന്നു. എവിടേക്കാണ് പോകുന്നത് എന്നത് പോലും ഒരു നിമിഷം മറന്നുപോയി.
കാറിൽ ഒരു മിനിറ്റ് ചൂട് സഹിക്കാൻ വയ്യാത്ത ഞാൻ, ഒരു ഇരുമ്പ് കട്ടിലും ഒരു തടി ബെഞ്ചും ഡെസ്‌ക്കും മാത്രമുള്ള, ഇന്നും ഒരു ഫാൻ ഇല്ലാത്ത ഒരു മുറി കാണാൻ ആണ് എത്തിയത് എന്നത് വിരോധോഭാസം. ആ മുറിയുടെ ഉടമയെ കാണാൻ ഒരുകാലത്ത് ലോക പ്രശസ്തരായ അനേകം പേർ അവിടെ എത്തിയിട്ടുണ്ടാകണം. ആ മുറിയുടെ ഏകാന്തതയിൽ ഇരുന്നുകൊണ്ട് അവർ ലോകത്തോട് സംവദിച്ചു. വരുന്ന എഴുത്തുകൾക്ക് ഒക്കെ മറുപടി എഴുതി. തന്നെ ഏൽപിച്ച ഉത്തരവാദിത്വങ്ങൾ ആ ചെറിയ മുറിയിൽ ഇരുന്നുകൊണ്ടാണ് അവർ നിർവഹിച്ചത് . ആരോടും പരാതി ഇല്ലാതെ , പരിഭവം ഇല്ലാതെ ….ആ മുറിയുടെ ഉടമ മറ്റാരുമല്ല, കൽക്കട്ടയുടെ തെരുവീഥിയിൽ മരിച്ചുവീഴാൻ വിധിക്കപ്പെട്ട ഹതാശരായ മനുഷ്യരുടെ മുന്നിൽ ദൈവമായി അവതരിച്ച മദർ തെരേസയുടെ മുറി ആയിരുന്നു അത്.
1996 ൽ സംഘടനാ പ്രവർത്തനവുമായി നടക്കുന്ന കാലത്ത് അമ്മ ജീവിച്ചിരിക്കുമ്പോൾ കൽക്കട്ടയിൽ എത്തി അമ്മയെ കാണാനുള്ള ഒരു സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു. എന്തുകൊണ്ടോ അവസാന നിമിഷം ആ ടീമിനോടൊപ്പം പോകാൻ പറ്റിയില്ല . ജീവിതത്തിലെ അപരിഹാരമായ ഒരു നഷ്ടം. അധികം താമസിയാതെ ‘അമ്മ മരിക്കുകയും ചെയ്തു. പക്ഷെ ഭൗതീകമായി ഈ ലോകത്തിൽ ഇല്ല എങ്കിലും ഇന്നും കൽക്കട്ടയുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന അമ്മയുടെ സന്നിധിയിൽ എത്തുക എന്നത് ഒരു സ്വപ്നം ആയിരുന്നു. അതിന് അവസരവും സാഹചര്യവും ഒത്തത് ഇപ്പോൾ ആയിരുന്നു എന്ന് മാത്രം.
വർഷങ്ങൾ കഴിഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള വിഷനുകൾ മാറി മറിഞ്ഞുകൊണ്ടരുന്നു. ഞാൻ ഇല്ലങ്കിൽ ഇതൊന്നും നടക്കില്ല എന്ന് ചിന്തിച്ചിരുന്ന കാലഘട്ടത്തിൽ നിന്നും ഞാൻ ഇല്ലങ്കിൽ മറ്റൊരാൾ എന്ന രീതിയിലേക്ക് ചിന്തകൾ മാറി തുടങ്ങി… ഒരാളെ ഒരു വാക്ക് കൊണ്ടെങ്കിലും സഹായിക്കുമ്പോൾ ഞാൻ ഇല്ലങ്കിൽ കാണാമായിരുന്നു എന്ന് ചിന്തിച്ചിടത്ത് നിന്നും ഒരാളെ സഹായിക്കാൻ നമുക്ക് കിട്ടിയ അവസരം ആയിരുന്നു അതെന്നും നമ്മൾ ആ അവസരം ഉപയോഗിച്ചില്ലെങ്കിൽ മറ്റൊരാൾ അവർക്ക് തുണയായി ഉണ്ടാകുമെന്നുമുള്ള ബോധ്യങ്ങളിലേക്ക് എത്താൻ തുടങ്ങി.. നമ്മുടെ ജീവിതം നമ്മുടേത് മാത്രം അല്ലെന്നും സഹജീവികൾക്ക്കൂടി അവകാശപ്പെട്ടതാണെന്നും ചിന്തിച്ച് തുടങ്ങിയ കാലത്ത് വീണ്ടും മനസിൽ അങ്കുരിച്ച ആഗ്രഹമായിരുന്നു ജീവിച്ചിരിക്കുമ്പോൾ കണ്ടില്ല എങ്കിലും ആ അമ്മയുടെ കല്ലറയിൽ എത്തി അമ്മയോട് ഒന്ന് സംസാരിക്കണം എന്നത്. 2024 ജൂലൈ 17 ആയിരുന്നു അതിനുള്ള ദിവസം.
കൽക്കട്ടയുടെ ഹൃദയ ഭാഗത്ത് ആരാലും അധികം ശ്രദ്ധിക്കപ്പെടാതെയുള്ള ഒരു കെട്ടിടം. കൽക്കട്ട കോർപ്പറേഷന്റെ വക തുരുമ്പിച്ച് തുടങ്ങിയ ഒരു ബോർഡ്. മുറുക്കാൻ കട തുടങ്ങിയാൽ പോലും മൾട്ടി കളർ ഡിജിറ്റൽ ബോർഡ് ഒക്കെ വെക്കുന്ന കാലത്ത് ആ കെട്ടിടത്തിന്റെ ഗേറ്റ് കടക്കുമ്പോൾ മുതൽ ലാളിത്യത്തിന്റെ അടയാളങ്ങൾ മാത്രം. ചെറിയ ഒരു മുറിയിൽ ആണ് അമ്മയെ അടക്കം ചെയ്തിരിക്കുന്നത്. അതിന്റെ സൈഡിൽ ചെറിയ മേശയിൽ ഒരുക്കിയ അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു. വിദേശത്ത് നിന്നുള്ള ചെറുപ്പക്കാരായ യുവതി യുവാക്കൾ, ചെറിയ ഒരു സംഗീത ഉപകരണവുമായി ആ കുർബാനയിൽ പങ്കുകൊള്ളുന്നു. തൊട്ടപ്പുറത്തുള്ള ഒരു മുറിയിൽ അമ്മക്ക് ലഭിച്ച നോബൽ സമ്മാനവും ഭാരത് രത്നയും ഉൾപ്പടെയുള്ള മ്യൂസിയം. അമ്മയുടെ കൈപ്പടയിൽ എഴുതിയ ലെഡ്ജറുകൾ… അമ്മയെ കുറിച്ച് വിവിധ കാലഘട്ടങ്ങളിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ… ‘അമ്മ ഉപയോഗിച്ച സാധനങ്ങൾ… വളരെ ലളിതമായി അതൊക്കെ ഒരുക്കി വെച്ചിരിക്കുന്നത് കണ്ടപ്പോൾ എന്നിലെ പ്രൊഫഷണൽ ഉണർന്നു. “തീപിടുത്തമോ മറ്റോ ഉണ്ടായാൽ പോലും നശിക്കാത്ത വിധത്തിൽ ഇതൊക്കെ കുറച്ചുകൂടി സൂക്ഷ്മതയോടെ സംരക്ഷിക്കാൻ വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തുകൂടെ” എന്ന് തൊട്ടടുത്ത് കണ്ട സിസ്റ്ററിനോട് ചോദിക്കാൻ മടിച്ചില്ല. പക്ഷെ സിസ്റ്ററിന്റെ മറുപടി അമ്മയുടെ ചൈതന്യം മുഴുവൻ ഉൾക്കൊള്ളുന്നതായിരുന്നു. “വരുന്ന ഓരോരുത്തർക്കും ഓരോ ആശയങ്ങൾ ഉണ്ടാകും. അതൊക്കെ നല്ലതും ആയിരിക്കും. പക്ഷെ അങ്ങനെ ഒരുപാട് പ്രൊഫഷണലിസവും സംവിധാനങ്ങളും കൊണ്ടുവന്നാൽ ഇത് മദർ തെരേസയുടേത് അല്ലാതായിപോകും”. നീല വരയുള്ള ഒരു കോട്ടൺ സാരിയുമായി ലോകം മുഴുവൻ സഞ്ചരിച്ച അമ്മയുടെ പേരിലുള്ളത് എന്നും ലളിതമായി തന്നെ തുടരട്ടെ…
മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ രണ്ടു സന്യാസിനികൾ തുണി കഴുകുന്നു. പൈപ്പിൽ വരുന്ന വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കിൽ നിന്നും സ്വയം വെള്ളം കോരി ആ തറയിൽ ഇരുന്നുകൊണ്ട് തുണി കഴുകുന്ന ഇരുപത്തിയഞ്ച് വയസിനകത്ത് മാത്രമുള്ള രണ്ടു മാലാഖമാർ… രണ്ടുദിവസമായി വാഷിങ് മെഷീൻ ഇല്ലാത്തത് കൊണ്ട് തുണികഴുകൽ മാറ്റിവെച്ചിരിക്കുന്ന ഞാൻ വീണ്ടും …
മദർ തെരേസ ഒരു വ്യക്തി ആയിരുന്നോ എന്ന് ചോദിച്ചാൽ പലർക്കും അതേ എന്നായിരിക്കും ഉത്തരം. പക്ഷെ അമ്മ ഒരു ആശയം ആയിരുന്നു. സഹജീവി സ്നേഹവും കാരുണ്യവും ലാളിത്യവും മാണ് ജീവിതത്തിന്റെ കാതൽ എന്ന ആശയം. ആ ആശയത്തിൽ നിന്നും കൽക്കട്ടയിൽ പിറവിയെടുത്ത സ്ഥാപനങ്ങൾ നിരവധിയാണ്. അതിൽ ചിലതെങ്കിലും പോയി കാണാൻ ഇടയായി. അതിൽ ഒരെണ്ണം ആയിരുന്നു അമ്മയുടെ കൂടെ ഇരുപത് വർഷത്തോളം പ്രവർത്തിച്ചതിനു ശേഷം ദാസ് എന്ന് പറയുന്ന മനുഷ്യൻ മനോരോഗികൾക്ക് വേണ്ടി തുടങ്ങിയ സ്ഥാപനം. ഒരു രൂപ പോലും ഉണ്ടായിരുന്നില്ല ആ മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ. പക്ഷെ ഇന്ന് അതൊരു വലിയ സ്ഥാപനം ആണ്. അങ്ങനെ എത്ര എത്ര സംവിധാനങ്ങൾ.. എല്ലാം മദർ തെരേസ എന്ന ആശയത്തിൽ നിന്നും ഉടലെടുത്തവ.
ഞാൻ , എന്റെ കുടുംബം എന്നതിനോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ അതിനും അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്നു നമുക്ക് ബോധ്യം തരുന്ന മനോഹരമായ ആശയം, അതാണ് മദർ തെരേസ.
NB : കബറിടത്തിന്റെ ഫോട്ടോ എടുക്കാൻ അനുവാദം ഉണ്ടെങ്കിലും മ്യൂസിയം ഉൾപ്പടെയുള്ളവയുടെ ഫോട്ടോ എടുക്കാൻ അനുവാദം ഇല്ലാത്തതിനാൽ എടുക്കാൻ സാധിച്ചില്ല.
Babu K Thomas