പരിശുദ്ധനായ ദൈവമേ..
തന്നെ ഭയപ്പെടുന്നവരെയും,തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരെയും അങ്ങ് കടാക്ഷിക്കുന്നു.അങ്ങ് ഞങ്ങളുടെ പ്രാണനെ മരണത്തിൽ നിന്നും രക്ഷിക്കുകയും,ക്ഷാമത്തിൽ ഞങ്ങളുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്നു.പലപ്പോഴും സങ്കടങ്ങൾ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി വന്നു ചേരുമ്പോൾ പ്രാർത്ഥനയിൽ വല്ലാതെ മടുപ്പ് തോന്നാറുണ്ട്.എത്ര പ്രാർത്ഥിച്ചിട്ടും ദൈവം കേൾക്കുന്നില്ലല്ലോ,ഇത്ര നാളും പ്രാർത്ഥിച്ചിട്ടും ദൈവം കേട്ടില്ലല്ലോ..അപ്പോൾ പിന്നെ പ്രാർത്ഥനയ്ക്കു വേണ്ടി വെറുതെ സമയം കളയുന്നതെന്തിനാ..അത്ര സമയം വേറേ എന്തെങ്കിലും കാര്യം ചെയ്യാമല്ലോ എന്നൊക്കെ കരുതി അലസതയുടെയും,മടുപ്പിന്റെയുമൊക്കെ വലിയ ചതുപ്പു നിലത്തേക്ക് ഞാനും വീണു പോകാറുണ്ട്.മിക്കപ്പോഴും ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും അതിനു കാരണമായി തീരാറുമുണ്ട്.പ്രാർത്ഥിച്ചില്ലെങ്കിലും ഞങ്ങളുടെ ജീവിതങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല എന്ന വാക്കുകളിൽ ചിലപ്പോഴെങ്കിലും എന്റെ മനസ്സുടക്കാറുമുണ്ട്.
എന്റെ നല്ല ദൈവമേ..അവിടുത്തെ വചനവഴിയേ,വിശ്വാസസത്യത്തിൽ അടിയുറച്ചു ഞാൻ ജീവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കിൽ എന്നെ കാരുണ്യപൂർവം കാടാക്ഷിക്കേണമേ..പ്രാർത്ഥനയിൽ എന്നും അവിടുത്തെ തിരുവിഷ്ടം തേടാനും,അതുവഴി എന്നിലെ സന്തോഷങ്ങളിൽ വേരാഴ്ത്തി നിൽക്കുന്ന പാപസുഖങ്ങളെ പിഴുതെറിയാനും അവിടുന്ന് എന്നെ സഹായിക്കേണമേ.അപ്പോൾ തിന്മയിലേക്ക് ചായാതെ സഹനങ്ങളിലും ദൈവേഷ്ടം തിരയുന്ന നന്മയുടെ വിളനിലമായി എന്റെ ഹൃദയവും രൂപപ്പെടുകയും,എല്ലാ തിന്മകളിൽ നിന്നും എന്നെ വീണ്ടെടുത്ത് തന്റെ സ്വർഗ്ഗരാജ്യത്തിലേക്ക് എന്നെ കാത്തു കൊള്ളുന്ന കർത്താവിനെ ഞാൻ എന്നും എപ്പോഴും മഹത്വപ്പെടുത്തുകയും ചെയ്യും..
വിശുദ്ധ അൽഫോൺസാ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ

നിങ്ങൾ വിട്ടുപോയത്