കിൻഷാസ: ഫ്രാൻസിസ് മാർപാപ്പ കോംഗോയിൽ അർപ്പിച്ച ദിവ്യബയിൽ പങ്കുകൊണ്ടത് പത്തുലക്ഷത്തിലധികം വിശ്വാസികൾ. പതിറ്റാണ്ടുകളായി പലവിധ അക്രമങ്ങൾ സഹിക്കുന്ന കോംഗോ ജനത തങ്ങളുടെ അതിക്രമികൾക്കു മാപ്പുകൊടുക്കാൻ തയാറാകണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. തലസ്ഥാനമായ കിൻഷാസയിലെ എൻഡോളോ വിമാനത്താവളമാണ് ദിവ്യബലിക്കു വേദിയായത്.
തലേന്നു രാത്രിതന്നെ വിമാത്താവളവളപ്പ് ജനങ്ങളാൽ നിറഞ്ഞിരുന്നു. രാവിലെ ഒന്പതിനു പോപ്പ് മൊബീലിലെത്തിയ മാർപാപ്പയെ ജനങ്ങൾ ആർത്തുവിളിച്ചു സ്വീകരിച്ചു. മാർപാപ്പയുടെ ചിത്രങ്ങൾ പതിച്ച വേഷമാണു പലരും ധരിച്ചിരുന്നത്. പ്രാദേശികഭാഷയായ ലിങ്കാലയിൽ ഫ്രാൻസിസ് മാർപാപ്പ അഭിവാദ്യം ചെയ്തപ്പോൾ ജനങ്ങൾ വീണ്ടും ആർത്തുവിളിച്ചു. യേശുവിനെ മാതൃകയാക്കി കോംഗോ ജനതയും തങ്ങളെ ദ്രോഹിച്ചവർക്കു മാപ്പു കൊടുക്കണമെന്ന് ദിവ്യബലി മധ്യേയുള്ള സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു.
ദേഷ്യം, അമർഷം, ദുഃഖം, ശത്രുത എന്നിവ നീക്കംചെയ്തു ഹൃദയത്തെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയാണു ക്ഷമനൽകലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകുന്നേരം മാർപാപ്പ കിഴക്കൻ കോംഗോയിൽ വിമതരുടെ ആക്രമണത്തിനിരയാകുന്നവരുമായി കൂടിക്കാഴ്ച നടത്തി. കിഴക്കൻ കോംഗോയിലെ നോർത്ത് കിവി പ്രവിശ്യ സന്ദർശിക്കാൻ മാർപാപ്പ പദ്ധതിയിട്ടിരുന്നെങ്കിലും ഒഴിവാക്കുകയായിരുന്നു. കോംഗോയിലെ 10 കോടി ജനങ്ങളിൽ പകുതിയിലേറെയും കത്തോലിക്കരാണ്.
ആറു ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് മാർപാപ്പ കോംഗോയിലെത്തിയത്. ചൊവ്വാഴ്ച പ്രസിഡന്റിന്റെ വസതിയിൽ ലഭിച്ച ഔദ്യോഗിക സ്വീകരണത്തിനിടെ, വിദേശശക്തികൾ നൂറ്റാണ്ടുകളായി ആഫ്രിക്കയെ കൊള്ളയടിക്കുന്നതിനെ അദ്ദേഹം അപലപിക്കുകയുണ്ടായി. ഇന്ന് കോഗോ സന്ദർശനം പൂർത്തിയാക്കുന്ന മാർപാപ്പ ഉച്ചയ്ക്കു മൂന്നിനു ദക്ഷിണസുഡാനിൽ വിമാനമിറങ്ങും. ഞായറാഴ്ചയാണ് റോമിലേക്കു മടങ്ങുന്നത്.