ഇന്ത്യന്‍ ക്രൈസ്തവര്‍ ഇനിയും വിഡ്ഢികളാകരുത്
ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ കേരളസര്‍ക്കാര്‍ പക്ഷപാതം കാണിച്ചു വിതരണം ചെയ്തതിന്റെ ഫലമായി കേരള ക്രൈസ്തവസമൂഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. ഈ വസ്തുതകള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതും കോടതി അവയെ വിശ്വാസത്തിലെടുത്തു എന്നതിൻ്റെയും ഫലമാണ് ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ 80ഃ20 എന്ന അനുപാതത്തില്‍ വിതരണം ചെയ്യുന്നത് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. ചരിത്രപരമായ ഈ വിധിയിലൂടെ ഈ വിഷയത്തില്‍ ക്രൈസ്തവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നാണ് തെളഞ്ഞിരിക്കുന്നത്.
ഹൈക്കോടതിയില്‍നിന്ന് ഇപ്രകാരമൊരു വിധി സമ്പാദിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ കഠിനാധ്വാനം ചെയ്തത് അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍, അമല്‍ സിറിയക് എന്ന രണ്ട് യുവാക്കളാണ്. സംവരണവിഷയത്തിലെ അശാസ്ത്രീയത കേരള ക്രൈസ്തവസമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണമായത് ഫാ റോയി കണ്ണഞ്ചിറ, ഫാ ജയിംസ് കൊക്കാവയലില്‍ എന്നിവരുടെ എഴുത്തുകളും പരാമര്‍ശങ്ങളുമാണ്. സമൂഹത്തിൻ്റെ യാതൊരു പിൻബലമോ സാമ്പത്തിക സഹായമോ യാതൊന്നും ഇല്ലാതെ സഭാ സ്നേഹികളായ രണ്ട് യുവാക്കൾ മുന്നിട്ടിറങ്ങി നടത്തിയ നിയമപോരാട്ടമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്.
മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി, കോണ്‍ഗ്രസ് പാർട്ടി നേതൃത്വം നല്കിയ യുഡിഎഫ് സര്‍ക്കാരാണ് ഇത്തരമൊരു അനീതിക്കു കൂട്ടുനിന്നത് എന്നും ഇടത് -വലത് ഗൂഡാലോചനയാണ് ക്രൈസ്തവ സമൂഹം നേരിട്ട നീതിനിഷേധത്തിന് പിന്നിലെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എഴുതിയത് കണ്ടു. എന്നാല്‍ ഒരു കാര്യം ഇവിടെ വ്യക്തമാണ്; ഇടത് -വലത് രാഷ്ട്രീയ പക്ഷഭേദമില്ലാതെ മുസ്ലിം ജനപ്രതിനിധികള്‍, തങ്ങളുടെ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ സംഘടതിമായി അധ്വാനിച്ചതിന്റെ ഫലമായിരുന്നു മുസ്ലിം സമുദായത്തിന് 2015 മുതൽ കുറച്ചു കാലത്തേക്കെങ്കിലും ന്യൂനപക്ഷ സംവരണത്തിന്റെ നേട്ടം അനുഭവിക്കാന്‍ കഴിഞ്ഞത്. അതിന് അവരെ അഭിനന്ദിക്കാതെ വയ്യ! എന്നാല്‍, ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്, ഇത്തരമൊരു നിയമം രൂപപ്പെടുന്ന ഘട്ടത്തില്‍ ക്രൈസ്തവരായ ജനപ്രതിനിധികള്‍ എന്തു ചെയ്യുകയായിരുന്നു? അധികാരത്തില്‍ കയറുവാന്‍ സഭാനേതൃത്വത്തെയും ക്രൈസ്തവസമുദായത്തെയും കൂട്ടുപിടിക്കുകയും അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ എല്ലാവരേയും വിസ്മരിച്ച് സ്വന്തംകാര്യം മാത്രം നോക്കുകയും ചെയ്യുന്ന ക്രൈസ്തവ നാമധാരികളായ ജനപ്രതിനിധികളാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്.
ന്യൂനപക്ഷസംവരണവും അനുബന്ധ നിയമയുദ്ധങ്ങളും ഇപ്പോഴുണ്ടായിരിക്കുന്ന കോടതി വിധിയും എല്ലാം കേരളത്തിലെ ക്രൈസ്തവസമൂഹത്തിനും അതിന് നേതൃത്വം നല്കുന്നവര്ക്കും മനസ്സ് തുറന്നു ചിന്തിക്കാന്‍ അവസരം നല്‍കുന്നതാണ്. ഗുരുതരമായ ഇത്തരം നീതിനിഷേധങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും എവിടെയും ഇതിനെതിരേ ശബ്ദിക്കാത്ത, ക്രൈസ്തവ പക്ഷത്തെ ജനപ്രതിനിധികള്‍ സഭയ്ക്കു വേണ്ടി എന്തു ചെയ്യന്നു ? സമുദായവഞ്ചകന്മാരായ ഇവരെ ആശ്രയിച്ചാണ് നമ്മുടെ തലമുറയുടെ ഭാവിയെക്കുറിച്ച് നാം ഇനിയും ചിന്തിക്കുന്നതെങ്കില്‍ അതിൽപരം ഭോഷത്വമുണ്ടോ ? ഈ സത്യങ്ങൾ ഓരോ ക്രൈസ്തവനും സമയം കളയാതെ തിരിച്ചറിയണം.
സ്വാര്‍ത്ഥലക്ഷ്യങ്ങളുടെ പൂരണത്തിനായി അധികാരസ്ഥാനങ്ങളിലെത്തി സ്വന്തം കീശ വീര്ത്തുവരുന്നതില് മാത്രം ഹരംകൊണ്ടിരിക്കുന്ന എല്ലാ ക്രൈസ്തവ രാഷ്ട്രീയ നപുംസകങ്ങളെയും നിഷ്പ്രഭരാക്കിയിരിക്കുകയാണ് ജസ്റ്റിന് പള്ളിവാതുക്കലും അമല്‍ സിറിയക്കും. ക്രൈസ്തവരെന്ന ഇന്ത്യന്‍ അതിന്യൂനപക്ഷത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച്, വരുംതലമുറയ്ക്ക് പ്രതീക്ഷനല്‍കുന്ന സാമൂഹികപ്രവര്‍ത്തകരാണ് തങ്ങളെന്ന് ഇരുവരും തെളിയിച്ചിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ക്രൈസ്തവസഭയ്ക്ക് രാഷ്ട്രീയ നേതൃത്വം നല്‍കുന്നതിനായി ജസ്റ്റിനും അമലും മുന്നോട്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് വിലപേശാനുള്ള വോട്ടുബാങ്കുകളായി ക്രൈസ്തവരെ കാണുന്ന ഇന്നത്തെ പ്രവണതയ്ക്ക് അറുതി വരണമെങ്കില്‍ സഭയ്ക്ക് ശക്തമായ അല്മായനേതൃത്വം ഉണ്ടാകേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഇടതുവലത് രാഷ്ട്രീയക്കാര്‍ തട്ടിക്കളിക്കുന്ന പാവകളായി മാറാന്‍ ക്രൈസ്തവസമൂഹം ഇനിയും അവസരം നല്കിയാല് 80ഃ20 പോലുള്ള പകല്‍കൊള്ളകള്‍ ഇനിയും സംഭവിക്കും എന്ന് നാം ഓര്‍മിക്കണം.
ന്യൂപക്ഷ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ക്രൈസ്തവസമൂഹം ഓര്‍മിക്കേണ്ട മറ്റൊരു സംഗതിയുണ്ട്; നാം ഇന്ത്യയില്‍ വെറും രണ്ട് ശതമാനം മാത്രമുള്ള ന്യൂനപക്ഷമാണെന്ന വസ്തുത. സംഘടിതബോധം നഷ്ടപ്പെട്ട്, രാഷ്ട്രീയനേതൃത്വമില്ലാതെ രാഷ്ട്രീയകൊടുങ്കാറ്റുകളില് ആടിയുലഞ്ഞുനീങ്ങുന്ന ദുർബല ന്യൂനപക്ഷം. ഇന്ത്യന്‍ ജനസമുദ്രത്തില്‍ വെറും രണ്ട് ശതമാനമായ ക്രൈസ്തവജനസംഖ്യ ഇപ്പോള്‍ അതിവേഗം എണ്ണത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രൈസ്തവരുടെ ജനനനിരക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നാം ഒരു ശതമാനത്തിലേക്ക് താഴ്ന്നുപോകും എന്നതാണ് വസ്തുത.
“ക്രൈസ്തവ ന്യൂനപക്ഷം” എന്നു രാജ്യത്ത് നാം അറിയപ്പെടുമ്പോഴും കത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍തോമാ, പെന്തക്കോസ്ത് എന്നിങ്ങനെ പേരുകളില്‍ അറിയപ്പെട്ടു പരസ്പരം കലഹിക്കാനാണ് നാം താൽപര്യപ്പെടുന്നത്! “ക്രിസ്ത്യാനി” എന്ന പൊതുവികാരം രൂപപ്പെടാതെ കഴിഞ്ഞകാല ചരിത്രം, ദൈവശാസ്ത്രം, പാരമ്പര്യ ആചാരങ്ങള്‍ എന്നിവയുടെ പേരില്‍ തമ്മിലടിച്ച് വിഘടിച്ച് നില്‍ക്കുന്നവരും അതിന് ഊര്‍ജ്ജം പകരുന്നവരും വരുംകാലങ്ങളിൽ വലിയ വിലകൊടുക്കേണ്ടിവരും. സഹകരിക്കാവുന്ന സകല മേഖലകളിലും ക്രൈസ്തവർ സഹകരിച്ചു പ്രവർത്തിക്കണം എന്ന ശക്തമായ മുന്നറിയിപ്പാണ് ന്യൂനപക്ഷ സംവരണവിഷയങ്ങള് പോലുള്ള കാര്യങ്ങൾ നമുക്കു നൽകുന്ന മുന്നറിയിപ്പ്.
രാഷ്ട്രീയനേതൃത്വം നല്കാന് ആരുമില്ലാതിരിക്കുമ്പോഴും കടുത്ത നീതിനിഷേധം സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉയരുമ്പോഴും ജനസംഖ്യ ഭീകരമായ വിധത്തില്‍ കുറയുമ്പോഴും നാം പാരമ്പര്യങ്ങളുടെ പേരില്‍ മേനിനടിക്കുന്നു, പള്ളികള്‍ക്കുവേണ്ടി പോരടിക്കുന്നു, റീത്തുകളുടെ പേരില്‍ കലഹിക്കുന്നു, ദൈവശാസ്ത്ര വ്യാഖ്യാനങ്ങളുടെ പേരില്‍ ശത്രുക്കളാകുന്നു… ഇത്തരം ബുദ്ധിശൂന്യത കാണിക്കാന്‍ മാത്രം ആരാണ് നമ്മെ ക്ഷുദ്രം ചെയ്ത് മയക്കിയിരിക്കുന്നത് ? ന്യൂനപക്ഷ മന്ത്രിസ്ഥാനം വളരെ സാഹസികമായി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള ക്രൈസ്തവസ്നേഹമെങ്കിലും ക്രൈസ്തവസഭാ നേതൃത്വങ്ങള്‍ക്ക് സഭയോട് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കുന്നവര്‍ അതിബുദ്ധിമാന്മാരാണ് എന്നാണ് പറയപ്പെടുന്നത്, സ്വന്തം അനുഭവത്തില്‍നിന്ന് പാഠം പഠിക്കുന്നവരാണ് ഭൂരിപക്ഷം സാധാരണക്കാരും. എന്നാല്‍ മറ്റുള്ളവരുടെ അനുഭവത്തില്‍നിന്നോ സ്വന്തം അനുഭവത്തില്‍നിന്നോ പാഠം പഠിക്കാത്തവർ വിഡ്ഢികളാണ്. ഒരു കാര്യമേ എനിക്കും ഇവിടെ കുറിക്കാനുള്ള, ഇന്ത്യന്‍ ക്രൈസ്തവര്‍ ഇനിയും വിഡ്ഢികളാകരുത്!
മാത്യൂ ചെമ്പുകണ്ടത്തിൽ