കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിനിമയത്തില്‍ അപാകതകളുണ്ടെന്ന കേരള ഹൈകോടതി വിധിയെ തെറ്റായി വ്യഖ്യാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും നിയമവ്യവസ്ഥകളെ ആദരിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പിന്തിരിയണമെന്നു കെസിബിസി പ്രൊലൈഫ് സമിതി. ഹൈകോടതിയുടെ വിധിയെ ആദരിക്കുവാനും അംഗീകരിക്കുവാനും ജനാധിപത്യ വ്യവസ്ഥയില്‍ ഏതൊരു പൗരനും പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് ചൂണ്ടികാട്ടി.


നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ തെളിവുകളോടെ കോടതിയില്‍ വാദംകേട്ടു വിധി പ്രഖ്യാപിക്കുമ്പോള്‍ ് ഉള്‍കൊള്ളാനുള്ള മനസുണ്ടാകണം. അര്‍ഹതപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ വിവിധ അനുകൂല്യങ്ങള്‍ നീതിപൂര്‍വം വിതരണം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭരണകൂടങ്ങള്‍ക്ക് ജനങ്ങളെ തുല്യതയോടെ കാണാന്‍ ബാധ്യതയുണ്ട്. സമൂഹത്തില്‍ സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാകാതെ മതസൗഹാര്‍ദ്ധം സംരക്ഷിക്കുവാന്‍ എല്ലാ വിഭാഗം ജനങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.