”You may walk in a manner worthy of God, being pleasing in all things,
(Colossians 1:10)
കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാൻ നാം ഒരോരുത്തർക്കും സ്വന്തം കഴിവിനാൽ അല്ല, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ മാത്രമേ സാധിക്കുകയുള്ളു കാരണം കർത്താവ് തന്റെ ശുശ്രൂഷാ ദൗത്യം എൽപ്പിച്ചിരിക്കുന്നത് മാലാഖമാരെയല്ല. കുറവുകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ്. നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും പരിശുദ്ധാൽമാവിലൂടെ ദാനമായി നൽകുന്നുണ്ട്.
ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കാൻ, നാം പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശുവിൽ വിശ്വസിക്കുക. തിരുവചനത്തിൽ പറയുന്നതു പോലെ നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു തന്റെ ജീവൻ ക്രൂശിൽ ബലിയായി നൽകിയെന്നു നമ്മൾ വിശ്വസിക്കണം. ഒരുപക്ഷേ മുൻകാലങ്ങളിൽ നിങ്ങൾ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടാകാം. അല്ലെങ്കിൽ തെറ്റായ ഒരു ചിന്താഗതി നിങ്ങൾക്ക് ഉണ്ടായിരുന്നിരിക്കാം. ജീവിതത്തിൽ കര്‍ത്താവിനു യോജിച്ച ജീവിതം നയിക്കാൻ ആ കാര്യങ്ങളെക്കുറിച്ച് ഓർത്ത് നിങ്ങൾ ആത്മാർഥമായി പശ്ചാത്തപിച്ച്, മാനസാന്തരപ്പെടുകയും, വിശുദ്ധി പ്രാപിക്കുകയും യേശുവിൽ രക്ഷ പ്രാപിക്കുകയും ചെയ്യുക.
ഭൂമിയിലെ പിതാക്കൻമാർ പോലും സ്വന്തം മക്കൾ നേരായ വഴിയിൽ നടക്കുവാനും, അപകടത്തിൽപ്പെടാതിരിക്കുവാനും, നല്ലൊരു ഭാവി ലഭിക്കുവാനും, നൻമ പരിശീലിപ്പിക്കുന്നു. അപ്പോൾ സ്വർഗ്ഗീയ പിതാവ് ദൈവ മക്കളായ നമ്മളുടെ കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരിക്കും. യേശുക്രിസ്തു നമ്മളുടെ ഉള്ളിൽ ജീവിക്കുന്നു, കർത്താവിന്റെ ആലയം എന്നു പറയുന്നത് നമ്മുടെ ഹ്യദയങ്ങളാണ്. യേശു നമ്മളുടെ ഉള്ളിൽ വസിക്കുമ്പോൾ നാം നൻമയുടെയും, വിശുദ്ധിയുടെയും പങ്കുകാർ ആകണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








