ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.” – ജ്ഞാനപ്പൂ (ദേവസഹായം പിള്ളയുടെ ഭാര്യ )
കുടുംബ ജീവിതത്തിലെയും വിശ്വാസ ജീവിതത്തിലെയും പ്രതിസന്ധിയിലും വിഷമ ഘട്ടങ്ങളിലുമെല്ലാം ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും പിന്തുണയും ധൈര്യവും പകരുന്നത് ഇമ്പമുള്ള കാര്യമാണ് . അതിലുപരി സത്യദൈവത്തിൽ ആശ്രയിച്ചു മുന്നോട്ട് പോകുമ്പോൾ തടസ്സങ്ങളെ നിസ്സാരമായി കാണാൻ ദമ്പതികൾക്ക് സാധിക്കുന്നു.
ഡച്ച് പടത്തലവനായ ഡിലനോയിയിലൂടെ സത്യദൈവമായ യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ക്ഷേത്ര പൂജാരിയുടെ മകനും ഉന്നതകുലജാതനുമായ നീലകണ്ഠപിള്ള എന്ന ദേവസഹായം (ലാസർ എന്ന് അർഥം ) പിള്ളയുടെ കുടുംബ ജീവിതവും തുടർന്നുള്ള വിശ്വാസ ജീവിതവും ഒട്ടനവധി സംഘർഷ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത് .
ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തിയ ഭാരതത്തിന്റ പുത്രനും രക്തസാക്ഷിയുമായ ദേവസഹായം പിള്ളയുടെ ഭാര്യ തിരുവിതാംകൂറിന്റെ പടിഞ്ഞാറ് അമരാവതിക്കുളത്തിന്റെ അടുത്തുള്ള മേക്കോടു കുടുംബത്തിലെ ഭാര്‍ഗവിയമ്മയെ ( ത്രേസ്യാമ്മ എന്നർത്ഥമുള്ള ജ്ഞാനപ്പൂ ) ഈ അവസരത്തിൽ സ്മരിക്കാതിരിക്കാൻ നമുക്കാവില്ല .
ഉത്തമ കുടുംബിനിയായ അവരോടൊപ്പം ദേവസഹായം തന്റെ ജീവിതം ആരംഭിച്ചു. സത്യദൈവമായ യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞ ദേവസഹായം തന്റ ജ്ഞാനസ്നാനത്തിനുശേഷം ഭാര്യയോട് ഇപ്രകാരം പറഞ്ഞു ഭാര്‍ഗവീ, സകല നന്മകള്ക്കും ഉറവിടമായ ദൈവം പാപങ്ങളില്ലാത്തവനാണ്. ആ നല്ല ദൈവത്തെ ആരാധിക്കുന്നത് നമുക്ക് കിട്ടുന്ന ഭാഗ്യമാണ്. അതിനാല്‍ നീയും ഏക ദൈവവും സത്യദൈവവുമായ യേശു ക്രിസ്തുവിനെ മനസിലാക്കി എന്നെന്നും സന്തോഷം നിറഞ്ഞ ജീവിതം നയിക്കണമെന്നാണ് എന്റെ ആഗ്രഹം.”
വളരെയേറെ ആലോചനകള്‍ക്കുശേഷം വിശ്വാസം സ്വീകരിക്കാന്‍ അവരും സന്നദ്ധയായി. ദേവസഹായത്തോടൊപ്പം വടക്കന്കുളത്തുചെന്ന് ത്രേസ്യാമ്മ എന്ന അര്‍ത്ഥം വരുന്ന ജ്ഞാനപ്പൂ എന്ന പേരില്‍ അവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അയൽക്കാരിലേക്കും , ബന്ധു ജനങ്ങളിലേക്കും മറ്റനേകരിലേക്കും ജീവിക്കുന്നവനായ ഏക ദൈവത്തെ പകർന്നുകൊടുക്കാൻ അവർ പരമാവധി ശ്രമിച്ചു . വിശുദ്ധരെപ്പോലെയാണ് അവർ ജീവിച്ചിരുന്നത് .
ജ്ഞാനപ്പൂ താൻ യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച കാര്യം തന്റ അമ്മയെ അറിയിച്ചു . ഇത് അവർക്ക് വലിയ പരിഭ്രാന്തിക്ക് ഇടയാക്കി . എന്നാൽ ജ്ഞാനപ്പൂ ക്രിസ്തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ അമ്മയ്ക്ക് വ്യക്തമാക്കിക്കൊടുത്തു . ഈ ദമ്പതികൾ ലോകത്തിലെ സുഖഭോഗങ്ങളെല്ലാം വെറുത്തുപേക്ഷിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ സ്വത്തും ധനവും മറ്റുള്ളവര്‍ക്ക് ദാനമായി കൊടുത്തു .
ക്രിസ്തു വിശ്വാസം സ്വീകരിച്ച കൊട്ടാരത്തിലെ കാര്യക്കാരനായ ദേവസഹായത്തെ രാജാവ് തടവിലാക്കി . തുടർച്ചയായി മൂന്ന് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്ക് അദ്ദേഹത്തിന് ഇരയാകേണ്ടി വന്നു. ക്രിസ്തു വിശ്വാസത്തിന്റ പേരിൽ തടവിലാക്കപ്പെട്ട ദേവസഹായത്തെ ഭാര്യ ജ്ഞാനപ്പൂ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നു. പൊട്ടിക്കരയുന്ന അവരെ ദേവസഹായം എപ്പോഴും ആശ്വസിപ്പിച്ചിരുന്നു വിശ്വാസത്താൽ ധൈര്യപ്പെടുത്തിയിരുന്നു . പല സ്ഥലങ്ങളിലായി മൂന്ന് വര്‍ഷത്തോളം ജയില്‍വാസവും പീഡകളും ദേവസഹായം അനുഭവിച്ചു.
എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന് രക്ഷപെടും. ( മത്തായി 10 : 22 )
ഒരിക്കൽ തിരുവന്തപുരത് മരത്തിൽ കെട്ടിയിട്ട അവസ്ഥയിൽ അദ്ദേഹത്തെ കണ്ട ജ്ഞാനപ്പൂ ഒത്തിരി സങ്കടത്തോടും വിഷമത്തോടെയും പൊട്ടികരഞ്ഞു , എന്നാൽ അവരെ കണ്ട ദേവസഹായം ഒത്തിരി സന്തോഷിച്ചു കാരണം രക്ഷയുടെ അടയാളമായ കുരിശ് ജ്ഞാനപ്പൂ കഴുത്തിൽ ധരിച്ചിരുന്നത് അദ്ദേഹം കണ്ടു . അവർ ശരിയായ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിൽ ദേവസഹായം അതിയായി സന്തോഷിച്ചു . ദേവസഹായം ഇപ്രകാരം പറഞ്ഞുകൊണ്ട് അവരെ ധൈര്യപ്പെടുത്തി ” ദൈവത്തിനായി നമ്മള് എല്ലാം സഹിക്കുമ്പോള്‍ ദൈവം നമുക്കു തുണയായിരിക്കും. നമ്മള് രണ്ടുപേരെയും ദൈവം അവസാനം വരെ കാത്തുസൂക്ഷിക്കും. യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ അമ്മയുടെ പക്കല്‍നിന്നും നിനക്ക് ആശ്വാസം ലഭിക്കും.” ദേവസഹായം ഭാര്യയെ ആശ്വസിപ്പിച്ചു. ഭര്‍ത്താവിന്റെ ശാന്തതയോടെയുള്ള സംസാരം അവരെ ധൈര്യപ്പെടുത്തി .
തുടർന്ന് അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു ” ഇതെല്ലാം ദൈവത്തിനു സമര്‍പ്പിക്കണം. അങ്ങനെ സ്വര്‍ഗഭാഗ്യത്തിന് അര്‍ഹയാകണം” ഇതുകേട്ട ജ്ഞാനപ്പൂ തേങ്ങികരഞ്ഞു. ”നീ ഭയപ്പെടേണ്ട, നമ്മെ കാത്തുസൂക്ഷിക്കുന്ന ദൈവം നമ്മോടുകൂടെ ഉള്ളപ്പോള്‍ എന്തിനു ഭയപ്പെടണം. നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” . ജ്ഞാനപ്പൂ ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയും പ്രാർത്ഥനയിലും വിശ്വാസത്തിലും ആഴപ്പെടുകയും ചെയ്തു .ദേവസഹായത്തിന്റെ മരണശേഷം ജ്ഞാനപ്പൂ തന്റെ അമ്മയോടുകൂടി വടക്കന്‍കുളത്ത് താമസിച്ചു. 14 വര്‍ഷം അവിടെ ദൈവകാരുണ്യത്തിലും ഭക്തിയിലും ജീവിച്ചശേഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവു മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു. ( 1 കൊറി 7 : 14 )
Courtesy: Sunday Shalom
റോബിൻ സക്കറിയാസ്
Robin Zacharias