സ്നേഹത്തിന്റെ മുഖമുദ്രയാണ് ക്രിസ്തീയ ജീവിതം. സാവൂൾ രാജാവ് ദൈവത്തിന്റെ അഭിഷ്കതനായ ദാവീദിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ദൈവം സാവൂളിനെ കൊല്ലുവാൻ വേണ്ടി ദാവീദിന്റെ കൈയിൽ ഏൽപിച്ചിട്ടും, ദാവീദ് സാവൂൾ രാജാവിനെ കൊല്ലാതെ വെറുതെ വിടുന്നു. അപ്പോൾ സാവൂൾ രാജാവ് ദാവീദിനോട് പറയുന്നതാണ് പ്രസ്തുത വാക്യം. ദാവീദ് ചെയ്ത ഒരോ നൻമയ്ക്കും, പിൽകാലത്ത് ദൈവം ദാവീദിനെയും, അവന്റെ തലമുറയെയും അനുഗ്രഹിച്ചു. അതുപോലെ തന്നെ നാം ചെയ്യുന്ന ഓരോ നൻമയ്ക്കും ദൈവം നമ്മളെയും അനുഗ്രഹിക്കും. മറ്റുള്ളവർ അർഹിക്കുന്നതു പോലെ അവരോട് ഇടപഴകാതെ, ദൈവം ആഗ്രഹിക്കുന്നതുപോലെ എല്ലാവരോടും ഇടപെഴുകുവാൻ തിരുവചനം പറയുന്നു.

ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കുവാനും സ്നേഹിക്കുവാനും തീർച്ചയായും ജഡത്തിന്റെ പരിമിതികളുള്ള മനുഷ്യന് ബുദ്ധിമുട്ടാണ്. അതുകൊണ്ട്, ശത്രുത നേരിടേണ്ടി വരുന്ന അവസരങ്ങളിൽ നമ്മൾ എന്തുചെയ്യണം എന്നും ഈശോ വ്യക്തമാക്കുന്നുണ്ട്. നമ്മെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു. പകയുടെയും പ്രതികാരത്തിന്റെയും കെട്ടുകളെ തകർക്കാനും, തിന്മയുടെ സ്വാധീനങ്ങളെ തകർത്ത് നന്മയ്ക്ക് വിജയം നൽകുവാനും ദൈവത്തിനാകും.

ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിച്ച്, ദൈവത്തെപ്പോലെ പരിപൂർണ്ണനാകുവാനാണ് ഈശോ നമ്മെ ഓരോരുത്തരെയും വിളിക്കുന്നത്‌. നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും ദാനമായി നൽകുന്നുണ്ട്. നാം ഒരോരുത്തർക്കും മറ്റുള്ളവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ നൻമ ചെയ്യുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്