കർത്താവ് തന്റെ ജനത്തിനു ശക്തി പ്രദാനം ചെയ്യുന്നത് ദൈവവചനത്താലും, ആൽമാവിന്റെ ശക്തിയാലും ആണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു.
എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളിലും പ്രവർത്തിക്കുന്ന ആ ആത്മാവിന്റെ ശക്തിക്ക് വേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയാൻ ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം. സമാധാനം എന്നത്, കേവലം പ്രശ്നങ്ങളുടെ അഭാവമല്ല; അതു ദൈവത്തിന്റെ സമ്പൂര്‍ണ്ണതയുടെ സാന്നിധ്യമാണ്. നമുക്കെല്ലാവര്‍ക്കും ഈ സമാധാനം ആവശ്യമാണ്, അതാകട്ടെ ക്രിസ്തുവിലും ദൈവത്തിന്റെ ആത്മാവിലും മാത്രമാണ് കണ്ടെത്തുന്നത്.
ദൈവത്തിന്റെ സമാധാനത്തിൽ ജീവിക്കാന്‍ ദൈവത്തിന്റെ ആത്മാവു നമ്മെ പ്രാപ്തരാക്കുമ്പോള്‍, നമ്മുടെ ആവശ്യങ്ങളും ആശങ്കകളും നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്റെയടുക്കല്‍ കൊണ്ടുവരുവാന്‍ നാം പഠിക്കുന്നു. ഫിലിപ്പി 4 : 7 ൽ പറയുന്നു, അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു ലോകം തരുന്നതു പോലെയല്ല എന്ന് അരുളി ചെയ്ത യേശു തരുന്ന സമാധാനമാണ് ദൈവീക സമാധാനം. ആ സമാധാനത്തിനായി നമുക്ക് ശ്രമിക്കാം , പ്രാർത്ഥിക്കാം. സമാധാനമില്ലാത്ത അനേകർക്ക് നമ്മിൽ കൂടി ദൈവീക സമാധാനം കൊടുക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.