യാദൃച്ഛികമായാണ് ഇന്ന് ഒരു വോയിസ് മെസ്സേജ് കേട്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണീസ് ഇടവകയിലെ വികാരിയച്ചന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു അത്.

സീറോ മലബാർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടിരുന്ന ദേവാലയമാണ് ഇത് എന്നും എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിലർ ദേവാലയത്തിലെത്തി സഭയുടെ ഔദ്യോഗികമായി വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ നിന്നും വൈദികരെ തടയുകയും ദേവാലയത്തിലെ ബേമ്മ എടുത്തു മാറ്റുകയും ചെയ്തുവെന്നും ഒക്കെ അച്ഛൻ സങ്കടത്തോടെ പറയുന്നത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു.

തിരുസഭ നിർദേശിക്കുന്ന വിശുദ്ധ കുർബാന മാത്രമേ അർപ്പിക്കു എന്നും സഭയുടെ ആരാധനാക്രമം ഇടവക പൊതുയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ല എന്നുമുള്ള വികാരിയച്ചന്റെ വാക്കുകൾ കേട്ടപ്പോൾ ക്രിസ്തീയ പൗരോഹിത്യത്തെ ഒത്തിരി വിലമതിക്കുന്ന ആ വൈദികനെ കുറിച്ച് അഭിമാനവും തോന്നി.

തന്റെ ഇടവക ജനത്തിന് തിരുസഭ നിഷ്കർഷിക്കുന്ന ബലി അർപ്പിച്ചു നൽകുവാൻ സാധിക്കാത്ത ഒരു നല്ല ഇടയന്റെ സങ്കടം നിറഞ്ഞ വാക്കുകളാണ് ഞാൻ അദ്ദേഹത്തിൽ കേട്ടത്.താൽക്കാലികമായ നീക്കുപോക്കുകൾക്ക് വഴങ്ങാതെ യഥാർത്ഥ ക്രിസ്തീയ പൗരോഹിത്യത്തിന്റെ മൂല്യം എന്നുമുയർത്തിപ്പിടിക്കുവാൻ ആ നല്ല വൈദികർക്കും ഇടവക സമൂഹത്തിനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എനിക്ക് ഇനി പറയാനുള്ളത് വിശുദ്ധമായ ആ ബലിവേദിയിൽ നിന്നും ബേമ്മ എടുത്തു മാറ്റുകയും ജനങ്ങൾക്ക് തിരുസഭ അംഗീകരിച്ചിരിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള അവസരം നിഷേധിക്കുകയും ചെയ്ത ആ ഏതാനും ചില വ്യക്തികളോടാണ്. നിങ്ങൾ ചെയ്ത ആ പ്രവർത്തിയുടെ ദൂഷ്യഫലങ്ങൾ നിങ്ങൾക്ക് ഒരുപക്ഷേ ഇപ്പോൾ മനസ്സിലാവില്ല. ഒരിക്കൽ അത് നിങ്ങൾക്ക് മനസ്സിലാകും. ക്രിസ്തുവിന്റെ ബലിയർപ്പിക്കുന്നതിൽ നിന്ന് യോഗ്യതയുള്ള ഒരു വൈദികനെ തടഞ്ഞതിന്, ദൈവജനത്തിന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അവസരം നിങ്ങൾ നിഷേധിച്ചതിന് നിങ്ങൾ എത്രയേറെ കണ്ണീരൊഴുക്കേണ്ടി വരും സഹോദരങ്ങളെ. നിങ്ങൾ തെറ്റ് ചെയ്തിരിക്കുന്നത് കർത്താവിനും അവിടുത്തെ വിശുദ്ധ ബലിക്കും എതിരായിട്ടാണ്.

വിശുദ്ധ കുർബാനയെ ഒരു സമരമാർഗമായി കണ്ട് നിരന്തരമായി തിരുസഭ അംഗീകരിക്കാത്ത ബലിയർപ്പിച്ച് വിശുദ്ധ കുർബാനയെ അപമാനിച്ച അവിടുത്തെ ചില വൈദികർക്ക് ലഭിക്കാൻ പോകുന്ന വലിയ ശിക്ഷ തന്നെയായിരിക്കും ദൈവ തിരുമുമ്പിൽ നിന്ന് നിങ്ങൾക്കും ലഭിക്കുക.
ഒരു കാര്യം പ്രത്യേകമായി ഓർത്തിരുന്നു കൊള്ളുക. ആരുടെയെങ്കിലും ഒക്കെ വാക്ക് കേട്ടോ, ക്രിസ്തുവിനോട് സഭയോടുമുള്ള ദേഷ്യത്തെ പ്രതിയോ, കൂട്ടംകൂടിയാണ് നിങ്ങൾ ഇപ്രകാരം പ്രവർത്തിക്കുന്നതെങ്കിലും ശിക്ഷ ലഭിക്കുക ഓരോരുത്തർക്കും വ്യക്തിപരമായി ആയിരിക്കും. നല്ല ദൈവത്തിന്റെ മുമ്പിൽ അന്തിവിധിക്കായി കാത്തുനിൽക്കുമ്പോൾ നിങ്ങളോട് ഉത്തരവിട്ടവരോ നിങ്ങളുടെ കൂടെയുണ്ടായിരുന്നവരോ ഒന്നും നിങ്ങളെ സഹായിക്കില്ല എന്ന് തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാകുന്നത് നല്ലതാണ്. അവിടെ നിങ്ങളുടെ മുടന്തൻ ന്യായങ്ങൾ ഒന്നും സ്വീകരിക്കപ്പെടുകയില്ല.

ഒരുപക്ഷേ നിങ്ങളിൽ ചിലരെങ്കിലും പറഞ്ഞേക്കാം, ഞാൻ കർത്താവിൽ വിശ്വസിക്കുന്നില്ല അവന്റെ അന്ത്യവിധിയിലും വിശ്വസിക്കുന്നില്ല എന്നൊക്കെ. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതൊരു സത്യമാണ്. ഇന്നല്ലെങ്കിൽ നാളെ നിങ്ങളും നമ്മളെല്ലാവരും അഭിമുഖികരിക്കേണ്ട ഒരു സത്യം. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, അങ്ങനെ ചെയ്യുക ഇങ്ങനെ ചെയ്യുക, നിയമാനുസൃതമായ വിശുദ്ധ കുർബാന അർപ്പിക്കാതിരിക്കുവാൻ വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുക എന്നൊക്കെ നിങ്ങളെ പറഞ്ഞു ഇളക്കി വിടുന്നവർ ഒരുപക്ഷേ നിങ്ങൾ പോലും അറിയാതെ വലതുവശത്തെ കള്ളനെപ്പോലെ മാനസാന്തരപ്പെട്ടേക്കാം. എന്നാൽ നിങ്ങൾക്ക് അതിനുള്ള അവസരം പോലും ലഭിച്ചെന്നു വരികയില്ല.
അതുകൊണ്ട് ഇപ്പോൾ തന്നെ മാനസാന്തരപ്പെടുക. ക്രിസ്തുവിന്റെ സഭയോട്, സീറോ മലബാർ സഭയോട്, സത്യവിശ്വാസത്തോട് ചേർന്ന് നിൽക്കുക.

നിങ്ങൾ മൂലം വിശുദ്ധ കുർബാന നഷ്ടപ്പെട്ട ആ ജനത്തോട് കണ്ണീരോടെ മാപ്പ് ചോദിക്കുക. ദൈവത്തിനു മുമ്പിൽ യോഗ്യതയോടെ കാണപ്പെടുവാൻ വേണ്ടി നിങ്ങളെ തന്നെ ഒരുക്കുക. കാരണം ക്രിസ്തു നിങ്ങളെ ഈ ഭൂമിയിൽ നിന്ന് തിരിച്ചു വിളിക്കാൻ പോകുന്ന നാഴികയോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല. ദുഷ്പ്രവർത്തികളിൽ നിന്ന് പിന്തിരിഞ്ഞ് ആഴമായ മനസ്താപത്തോടെ നന്മ ചെയ്യുക. കർത്താവ് നമ്മളോട് കാരുണ്യം കാണിക്കും.

NB. തിരുസഭയുടെ ഔദ്യോഗികമായ പ്രബോധനങ്ങളെ എതിർത്തുകൊണ്ട്, സ്വന്തം താല്പര്യങ്ങൾക്കായോ മറ്റുള്ളവരുടെ പ്രേരണകൾക്ക് വഴങ്ങിയോ തിരുസഭയ്ക്ക് എതിരായി, സീറോ മലബാർ സഭയ്ക്കെതിരായി, ഔദ്യോഗികമായ വിശുദ്ധ കുർബാനയ്ക്കെതിരായി പ്രവർത്തിക്കുന്ന ഒരാൾ ആണ് ഇത് വായിക്കുന്ന നിങ്ങളെങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ള ഒരു മുന്നറിയിപ്പ് സന്ദേശമാണ് ഇത്.

ക്രിസ്തുവിന്റെ സ്നേഹത്തിലേക്കും അവന്റെ സഭയിലേക്കും തിരിച്ചുവരുവാനുള്ള ഒരു മുന്നറിയിപ്പ്. ക്രിസ്തു നിങ്ങൾക്ക് തരുവാൻ ആഗ്രഹിക്കുന്ന ഒരു മുന്നറിയിപ്പ്.
പ്രാർത്ഥനയോടെ ,

റോയിച്ചൻ
Roychen Sdv