മാർ അപ്രേമിൻ്റെ നോമ്പുകാലപ്രാർത്ഥന
ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യത്തിൽ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളിവരെയുള്ള യാമപ്രാർത്ഥനകൾ സമാപിക്കുന്നത് മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന രണ്ടുപ്രാവശ്യം ചൊല്ലി പന്ത്രണ്ടു പ്രാവശ്യംവരെ നിലംപറ്റെ കുമ്പിട്ടാരാധിച്ചുകൊണ്ടാണ്. വലിയനോമ്പിന്റെ ചൈതന്യം മുഴുവനും നിറഞ്ഞുനിൽക്കുന്ന സുപ്രധാനപ്രാർത്ഥനയാ യാണ് ഈ അപേക്ഷയെ ഗ്രീക്കുസഭ കണക്കാക്കുന്നത്. പൗരസ്ത്യ ക്രിസ്തീയആധ്യാത്മികതയുടെ മഹാഗുരുവായ മാർ അപ്രേമിനാൽ വിരചിതമായ പ്രാർത്ഥനയാകയാൽ ഇത് സുറിയാനിസഭകൾക്കും ക്രിസ്തീയവിശ്വാസികളേവർക്കും പ്രിയങ്കരമായ ഒന്നാണ്. നോമ്പിന്റെ ഈ പ്രാർത്ഥന ഒരു ആധ്യാത്മികസാധനകൂ ടി വിഭാവനം ചെയ്യുന്നു.
പ്രാർത്ഥന ഇങ്ങനെയാണ്:
എന്റെ ജീവിതത്തിന്റെ ഉടയവനും നാഥനുമായ ദൈവമേ, എന്നിൽനിന്നും മന്ദതയുടെ അരൂപിയും ദുർബലഹൃദയവും അധികാരാസക്തിയും അലസഭാഷണവും എടുത്തുമാറ്റണമേ.
പകരം, എന്റെ നാഥനും രാജാവുമായവനേ, നിന്റെ ദാസനു/ദാസിക്ക് – ശുദ്ധതയുടെ അരൂപിയും എളിമയും ക്ഷമയും സ്നേഹവും നൽകണമേ.
എന്റെ തെറ്റുകൾ തിരിച്ചറിയുവാനും സഹോദരനെ വിധിക്കാതിരിക്കാനും എന്നെ അനുഗ്രഹിക്കണമേ.
എന്തുകൊണ്ടെന്നാൽ, നീ എന്നേക്കും വാഴ്ത്തപ്പെട്ടവനാകുന്നു, ആമ്മേൻ.
വലിയനോമ്പ് ലക്ഷ്യംവയ്ക്കുന്ന വ്യക്തിതല – സഭാതല ആത്മീയനവീകരണത്തിന്റെ വിവിധപടികളാണ് ഈ പ്രാർത്ഥനയിലൂടെ അനാവൃതമാകുന്നത്. ആത്മീയജീവിതനവീക രണത്തിന്റെ ആദ്യപടി, അത് ഒരു ദൈവികപ്രവർത്തനമാണെന്ന് അംഗീകരിക്കുകയാണ്. ദൈവമാണ് ഇവിടെ ആദ്യം പ്രവർത്തിക്കുന്നത്. മനുഷ്യന്റെ ആഗ്രഹങ്ങളോ നിശ്ചയങ്ങളോ അല്ല, ഇതിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് ആത്മീയജീവിതനവീകരണം ഒരു പ്രാർത്ഥനകൊണ്ട് ആരംഭിക്കുന്നത്. പ്രാർത്ഥന മാത്രമാണ് ഈ കൃപാവാതായനത്തിലേക്കു പ്രവേശിക്കാനുള്ള താക്കോൽ!
ഈ പ്രാർത്ഥനയുടെ ആദ്യഭാഗം മനുഷ്യനെ ആത്മീയജീവിതത്തിൽ ജഡനും നിഷ്ക്രിയനുമാക്കുന്ന നിഷേധാത്മകതയിൽനിന്ന് കരകയറ്റാനുള്ള യാചനകളാണ്. ഇതിന്റെ രണ്ടാംഭാഗമാകട്ടെ, മനുഷ്യന്റെ ഉള്ളിൽ വിതക്കേണ്ട നല്ല വിത്തുകളെക്കുറിച്ചുള്ള പ്രതിപാദനവുമാണ്.
1. ആത്മീയ ഉണർവ്
ആത്മീയ ആലസ്യമാണ് മനുഷ്യനെ ഉന്നതങ്ങളിലേക്കുയരാനാകാതെ തളർത്തിയിടുന്നത്. ആത്മീയാവസാദം, അഥവാ മന്ദത, ദൈവികകാര്യങ്ങളിൽ താല്പര്യക്കുറവും നൈരാശ്യവും ഉളവാക്കുന്നു. ഈ മന്ദതയുടെ അരൂപിയിൽനിന്നും ഉണർത്തണമേ, എന്നാണ് ആദ്യത്തെ അപേക്ഷ. പൗരസ്ത്യസുറിയാനി നിശാപ്രാർത്ഥനയിൽ (ലെലിയാ) ആലസ്യത്തിൽനിന്ന് ഉണർത്തണമേ, എന്നുണ്ടല്ലോ. (അലസതയിൽനിന്ന് ഉണർത്തണമേ, എന്നാണ് ഇപ്പോഴത്തെ ടെക്സ്റ്റിൽ).
ജഡികകാര്യങ്ങളിൽ മനസ്സുവയ്ക്കുന്നവൻ – പാപച്ചങ്ങലകളിൽ ബന്ധിതനായവൻ – മനുഷ്യാത്മാവിന്റെ ഈ അവസ്ഥാന്തരങ്ങളിൽ നിന്ന് അവനെ കരകയറ്റേണ്ടത് ആത്മീയ ഉണർവാണ്. “ഒരു മണിക്കൂർ എന്നോടുകൂടി ഉണർന്നിരിക്കാൻ” (മത്താ 26:40) കർത്താവ് ക്ഷണിക്കുന്നുണ്ടല്ലോ. എന്നാൽ ലൗകികനിദ്രാലസ്യത്തിൽനിന്നും ഉണർന്നുയരുന്നതിൽനിന്ന് ശരീരത്തെ തളർത്തിയിടുന്ന മന്ദതയെ ജയിക്കാൻ പകരംവയ്ക്കാനാവാത്ത ഒരേയൊരുപാധിയാണ് പ്രാർത്ഥന എന്ന് ഈ യാചനയുടെ മൂന്നാം ഭാഗം ചൂണ്ടിക്കാട്ടുന്നു.
2. ഹൃദയവിശുദ്ധീകരണം
ഹൃദയം ആഭ്യന്തരആത്മീയ യുദ്ധക്കളരിയാണ്. സെമിറ്റിക് ചിന്തയനുസരിച്ച് ഹൃദയം വികാരത്തിന്റെ മാത്രമല്ല, വിചാരങ്ങളുടെയും നന്മതിന്മകൾ തിരഞ്ഞെടുക്കുന്ന ഇച്ഛാശക്തിയുടെയും കേന്ദ്രമാണ്. ആഗ്രഹിക്കുന്ന നന്മ ചെയ്യാനാവാത്തത് ഹൃദയം ദുർബലമാകുന്നതിനാലാണ്. അതുകൊണ്ടാണ് പാപത്തിനു വഴങ്ങുന്ന ദുർബലഹൃദയത്തെ – മനസ്സാക്ഷി കല്ലിച്ചുപോയ ശിലാഹൃദയം – എടുത്തുമാറ്റി ജീവരക്തമൊഴുകുന്ന മാംസളഹൃദയം നമുക്ക് തരുമെന്ന് പ്രവാചകൻ പ്രവചിച്ചതും (എസക്കി യേൽ 36:25); നിർമ്മലഹൃദയം എന്നിൽ സൃഷ്ടിക്കണമേ, എന്ന് സങ്കീർത്തകൻ പ്രാർത്ഥിച്ചതും (51:10).
3. അധികാരാസക്തികളിൽനിന്നുള്ള മോചനം
അധികാരാസക്തിയാ ണ് നമ്മിൽനിന്ന് എടുത്തുമാറ്റേണ്ട അടുത്ത തിന്മ. രാഷ്ട്രീയ-മതാധികാരങ്ങൾക്കുവേണ്ടിയുള്ള ആസക്തിയെ മാത്രമേ ഈ വാക്കുകൊണ്ട് സാധാരണ അർത്ഥമാക്കാറുള്ളവെങ്കിലും ഇവിടെ ഉദ്ദേശിക്കുന്നത് എന്തു വിലകൊടുത്തും എന്റെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ നടപ്പിലാക്കണമെന്ന അഹത്തിന്റെ ഭാവവും സ്വാർത്ഥതയാണ്. മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതി ബഹുമാനിക്കാനാണല്ലോ വി. പൗലോസ് ശ്ലീഹാ ആവശ്യപ്പെടുന്നത് (ഫിലി 2:3). മറ്റുള്ളവരെ അടിച്ചമർത്താനും നിന്ദിക്കാനും നിരാകരിക്കാനും ശ്രമിക്കുന്ന അധികാരാസക്തിയിനിന്നാണ് നാം വിടുതൽ പ്രാപിക്കേണ്ടത്.
4. അലസഭാഷണം
അലസഭാഷണം കടിഞ്ഞാണില്ലാത്ത മനസ്സിന്റെ വ്യാപാരമാണ് വെളിവാക്കുന്നത്. ഓരോ വാക്കിനും കണക്കുകൊടുക്കേണ്ടി വരുമെങ്കിൽ (മത്താ 12:36) അർത്ഥം പൂഴ്ത്തിവയ്ക്കുന്ന പാഴ് വചനങ്ങൾ നമ്മിലെതന്നിലെ അന്തസ്സാരശൂന്യതയാണ് വെളിവാക്കുന്നത്. ദൈവത്തെയും മറ്റുള്ളവരെയും സ്വന്തം മനസ്സാക്ഷിയെത്തന്നെയും കേൾക്കുവാൻ മനസ്സില്ലാത്തവരുടെ ജല്പനങ്ങളാണ് അലസഭാഷണം. പകരം, ഉത്തരവാദിത്വപൂർണമായ മധുരോക്തികളും അനുഗ്രഹവചസ്സുകളുമാണ് നമ്മിലുണ്ടാകേണ്ടത്.
പ്രാർത്ഥനയുടെ രണ്ടാം ഭാഗമാകട്ടെ, നാം നേടിയെടുക്കേണ്ട സദ്ഗുണങ്ങൾക്കുവേണ്ടിയുള്ള അപേക്ഷയാണ്.
1. ശുദ്ധതയുടെ അരൂപി
ജീവിതസമഗ്രതയുടെ അരൂപിയാണിത്. ഹൃദയശുദ്ധിയുള്ളവനു ലഭിക്കുന്ന ദൈവികദർശനങ്ങളിലേക്ക് ഇതു വിരൽചൂണ്ടുന്നു. മനോ വാക് കർമ്മങ്ങളിലെ ശുദ്ധിയും വിശുദ്ധിയും നിലനിർത്താൻ ഒരു ചെറുനോട്ടത്തിൽപോലും എത്രമാത്രം സൂക്ഷിക്കണമെന്ന് നമ്മുടെ കർത്താവ് നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ (മത്താ 5:28).
2. എളിമയും ക്ഷമയും
എളിമയും ക്ഷമയും സ്നേഹവും ഒരുവനെ ക്രിസ്തീയജീവിതസമ്പ ന്നതയിലേക്ക് നയിക്കുന്ന സുകൃതങ്ങളാണ്. ഈശോയുടെ ജീവിതമാതൃകയാണ് ഇവിടെ ഭക്തൻ തേടുന്നത്. കുരിശോളം, അതെ, മരണത്തോളം അവിടുന്ന് തന്നെത്തന്നെ വിനീതനാക്കി (ഫിലി 2:8). കുരിശിൽക്കിടന്ന് ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് (ലൂക്കാ 23:34) അവൻ ക്ഷമയുടെ വലതുകരണം കാട്ടിക്കൊടുത്തു. സ്നേഹിതനുവേണ്ടിയല്ല; പാപംവഴി തന്റെ ശത്രുക്കളായിത്തീർന്നവർക്കുവേണ്ടിയും മരണംവരിച്ചുകൊണ്ട് (റോമാ 5:8) അവിടുന്നു ലോകം കണ്ട ഏറ്റവും വലിയ സ്നേഹരാജാവായിത്തീർന്നു. പുത്രനിൽ വിളങ്ങിയ മഹനീയസുകൃതങ്ങൾ തേടി പിതാവിന്റെ പൂർണ്ണതയിലേക്കെത്താൻ ഒരു വിശ്വാസിയെ ഒരുക്കുന്ന പ്രാർത്ഥന തന്നെയല്ലേ ഇത്?
3. തെറ്റുതിരുത്തൽ
അവസാനത്തെ യാചനയാകട്ടെ, മനുഷ്യജീവിതം അനുദിനം നേരിടുന്ന സ്ഥലജലഭ്രമത്തിൽനിന്നുള്ള മോചനമാണ് തേടുന്നത്.
സ്വന്തം തെറ്റുകളുടെ മുമ്പിൽ കണ്ണടയ്ക്കുകയും മറ്റുള്ളവരുടെ കണ്ണിലെ കരട് തുലാം ആയി കാണുകയും ചെയ്യുന്ന ഇന്ദ്രജാലം! സ്വന്തം തെറ്റുകളും കുറവുകളും തിരിച്ചറിഞ്ഞാൽ അതുതന്നെയല്ലേ രക്ഷയുടെ കവാടം? “മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക” എന്ന പ്രാചീന ഗ്രീക്ക് ഓറക്കിൾ ഓരോ മനുഷ്യന്റെയും മുമ്പിൽ ഒരു ചോദ്യചിഹ്നമായി ഉയരുന്നു. പക്ഷേ, പ്രാർത്ഥനയിൽ, ദൈവകൃപയുടെ വെളിച്ചത്തിൽ, നമ്മിൽത്തന്നെ ഒളിപ്പിച്ചുവച്ചിരിക്കുന്ന വൈരുദ്ധ്യങ്ങളും തിന്മകളും നമ്മുടെ മുമ്പിൽ വെളിവാകുന്നു എന്ന ബെനഡിക്റ്റ് പാപ്പായുടെ വാക്കുകൾ നമുക്ക് ഇവിടെ ഓർക്കാം (പ്രത്യാശയിൽ രക്ഷ). മറ്റുള്ളവരെ വിധിക്കാനും അവരെ തേജോവധംചെയ്യാനുള്ള പ്രവണതയിൽനിന്നും നാം മോചനം പ്രാപിക്കണം. വിധി ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് അപരനുവേണ്ടി പ്രാർത്ഥിക്കുകയല്ലേ കരണീയം?
ആത്മീയജീവിതത്തിന്റെ പടവുകളോരോന്നും ചവിട്ടിക്കയറാനുള്ള ക്ഷണംപകരുന്ന മാർ അപ്രേമിന്റെ പ്രാർത്ഥനയിലൂടെ വലിയനോമ്പുകാലം അനുഗ്രഹപ്രദമാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
– ഫാ. ജോസ് കൊച്ചുപറമ്പിൽ