ഭാഗ്യസ്മരണാർഹനായ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പൊലീത്ത
(+ മാർച്ച് 18, 2023 )
“മാര്‍ ജോസഫ് പവ്വത്തില്‍ ഭാരതസഭയിലെ പിതൃസാന്നിധ്യമാണ്. അദ്ദേഹത്തിന്‍റെ സ്വരം ഉയരുമ്പോഴും തൂലിക ചലിക്കുമ്പോഴും നമുക്കൊരു സുരക്ഷിതത്വബോധം തോന്നുന്നത് അതുകൊണ്ടാവാം. വര്‍ത്തമാനകാലത്ത് സഭയെ രാഷ്ട്രീയ, വര്‍ഗ്ഗീയ ശക്തികള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോള്‍ നാം കേള്‍ക്കാന്‍ കൊതിക്കുന്നത് അദ്ദേഹത്തിന്‍റെ സ്വരമാണ്. സഭാവ്യത്യാസമേതുമില്ലാതെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഒരേ കുടക്കീഴില്‍ ഒത്തുകൂടി പ്രതിസന്ധികളുടെ പേമാരിയെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നാണ് എല്ലാവരുടെയും ആഗ്രഹം. ശ്രീ ശങ്കരാചാര്യരെ പറ്റി ശ്രീ. അരബിന്ദോ ഘോഷ് പറഞ്ഞത് ഇക്കാര്യത്തിലും വാസ്തവമാണ്: നിങ്ങള്‍ക്ക് അയാളെ വെറുക്കാം; അതല്ലെങ്കില്‍ സ്നേഹത്തോടെ ആദരിക്കാം. പക്ഷെ അയാളെ കണ്ടില്ലെന്നു നടിക്കാനാവില്ല!

തൊട്ടതെല്ലാം പൊന്നാക്കിയതിനൊരു സാക്ഷ്യപത്രമാണ് ആര്‍ച്ചുബിഷപ്പ് പവ്വത്തിലിന്‍റെ ജീവിതം. ധ്രുവത്തില്‍നിന്നു ധ്രുവങ്ങളിലേക്ക് യാത്രചെയ്യുന്ന ദേശാടനപ്പക്ഷിയെ അനുസ്മരിപ്പിക്കുംവിധം അദ്ദേഹം സഞ്ചരിച്ചു തീര്‍ത്ത അതിദീര്‍ഘ പാതയെ അടയാളപ്പെടുത്തുക അതീവ ദുഷ്കരം. കടന്നുചെല്ലാത്ത ഇടങ്ങളില്ല; പ്രതിഭയുടെ സ്പര്‍ശമെത്താത്ത മേഖലകളില്ല; വൈദഗ്ധ്യം ആര്‍ജ്ജിക്കാത്ത ജോലികളുമില്ല. ഓക്സ്ഫോര്‍ഡ് ശിക്ഷണമുള്ളൊരു സാമ്പത്തികശാസ്ത്ര വിശാരദനായിരിക്കുമ്പോഴാണ് ദൈവശാസ്ത്രവിഷയങ്ങളില്‍ അദ്ദേഹം പഠനശിബിരങ്ങള്‍ ക്രമീകരിച്ചത്; ഭാരതത്തില്‍തന്നെ ഇതാദ്യമായി ക്രൈസ്തവ യുവജനങ്ങളെ സംഘടിപ്പിച്ചു സുഘടിതമായ സംഘടനാ സംവിധാനമൊരുക്കിയത്.

ഭാരതത്തിലെ തലമുതിര്‍ന്ന കത്തോലിക്കാ ബിഷപ്പുമാര്‍ ഉള്‍പ്പെടുന്ന മെത്രാന്‍സമിതിയുടെ ഏറ്റവും പ്രിയപ്പെട്ട അധ്യക്ഷനായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെടുക, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തദ്ദേശീയമായ ഭാഷ്യം ചമച്ച് മാതൃകാപൂര്‍ണമായ ജീവിതവും അതുല്യമായ വൈജ്ഞാനികമികവുംവഴി പത്രോസിന്‍റെ പിന്‍ഗാമിക്കു പ്രിയപ്പെട്ടവനാവുക, പൗരസ്ത്യ ആരാധനക്രമവും സ്വത്വബോധവും വീണ്ടെടുക്കാന്‍ അത്യധ്വാനം ചെയ്യുക തുടങ്ങിയവയെല്ലാം ആ ജീവിതചക്രത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ്.

ദളിത് വിമോചനത്തിന് സ്വീകരിച്ച ധീരമായ കാല്‍വയ്പുകളും, ന്യൂനപക്ഷാവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങളും, എക്യുമെനിക്കല്‍ രംഗത്തെ ആത്മാര്‍ത്ഥമായ സംഘാടനമികവും, മുന്‍വിധികളേതുമില്ലാതെ നയിച്ച മതാന്തര സംവാദങ്ങളും ആ ദീര്‍ഘസഞ്ചാരത്തിലെ ചില ഇടത്താവളങ്ങള്‍ മാത്രമാണെന്നു തിരിച്ചറിയുമ്പോള്‍ നാമെല്ലാം ഒരുവേള അത്ഭുതംകൂറും. ദേശാടനപക്ഷിയെപ്പോലെ പവ്വത്തില്‍ പിതാവും ധ്രുവത്തില്‍നിന്ന് ധ്രുവങ്ങളിലേക്ക് സഞ്ചരിച്ചു തന്‍റെ കര്‍മ്മപഥം വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇനി മറ്റൊരു രീതിയില്‍ നോക്കിയാലോ, ഇത്ര ദൂരം താണ്ടാനാകാത്തവര്‍ക്കു മാത്രമേ ധ്രുവങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കു കനംവയ്ക്കുകയുള്ളൂ. വിശ്വത്തോളം വ്യാപിച്ചുനില്ക്കുന്ന ചിന്തകളും കര്‍മപഥവും ആചരിക്കുന്നവര്‍ക്ക് ധ്രുവങ്ങളൊക്കെ വെറും സങ്കല്പം മാത്രം.”

മാർ തോമസ് പാടിയത്ത്
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ രണ്ടാം ചരമ വാർഷികം 2025 മാർച്ച് 18 ന്
*The Crown of Syro Malabar Church

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്.
1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു1972 ഫിബ്രവരി 13 ന് മെത്രാനായി അഭിഷിക്തനായി തുടർന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനുമായി .
1985 നവംബർ 5 ന് ചങ്ങനാശ്ശേരിഅതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ഭാരത സഭയുടെ അഭിമാനം അഭിവന്ദ്യ പൗവ്വത്തിൽ പിതാവിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം