കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്റെയും അധിപനാണ്. എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്.
(സങ്കീർത്തനങ്ങൾ 97:9)
“For you, O Lord, are most high over all the earth; you are exalted far above all gods.”
(Psalm 97:9)
നമ്മുടെ ദൈവം എത്ര വലിയവനാണ്. ഭൂമിയെയും സർവ്വപ്രപഞ്ചത്തെയും സൃഷ്‌ടിച്ച, സർവ്വവ്യാപിയായ ദൈവം എല്ലായിടത്തുമുണ്ട്. കർത്താവ് ഭൂമിയിലും സ്വർഗ്ഗത്തിലും വാഴുന്നു. അവൻ ഭൂമി മുഴുവന്റെയും അധിപനാണ്. ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവന്‍ ഭാഗ്യവാനാണെന്ന് വചനം പ്രസ്താവിക്കുന്നു. കാരണം, അവിടുന്നാണ് രക്ഷകനും ശക്തനും കൃപാലുവുമായ ദൈവം. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും നമുക്കായി സൃഷ്ടിച്ചത്, അവിടുന്ന് എന്നേയ്ക്കും വിശ്വസ്തനാണ്. അവിടുന്ന് മര്‍ദ്ദിതര്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുന്നു. കര്‍ത്താവ് ബന്ധനസ്തരെ സ്വതന്ത്രരാക്കുന്നു.
ഭൂമിയിൽ ബഹുമാന്യരായവരെയും, പ്രതാപികളെയും, സമ്പന്നരായവരെയും, ആധിപത്യമുള്ളവരെയും ആശ്രയിക്കുവാനാണ് സാധാരണ ഗതിയില്‍ മനുഷ്യനു താല്പര്യം. എന്നാല്‍ വചനം പറയുന്നു, മനുഷ്യര്‍ തന്നെ പ്രതാപികളും ശക്തന്മാരുമാണെങ്കിലും, അവര്‍ ബലഹീനരാകയാല്‍ മനുഷ്യനെ പിന്‍തുണയ്ക്കാന്‍ ശക്തി ഇല്ലാത്തവരാണവര്‍. എത്ര ശക്തരാണെങ്കിലും അവര്‍ മരണ വിധേയരാണ്. ഈ ഭൂമിയില്‍ നിന്നും കടന്നു പോകേണ്ടവരാണ്. എല്ലാ മനുഷ്യരെയും പോലെ അവര്‍ മണ്ണിലേയ്ക്ക് മടങ്ങും. അതുപോലെ അവരുടെ ഭാവനാസങ്കല്പനങ്ങളും കെട്ടടങ്ങും. ദൈവം മാത്രമാണ് എന്നും നിലനില്ക്കുന്നവന്‍, അചഞ്ചലനായവന്‍, അനശ്വരനായവന്‍. അതിനാല്‍, ‘നമ്മെ സഹായിക്കാന്‍ ശക്തി ഇല്ലാത്ത അധികാരികളിലും , പ്രതാപികളിലും ആശ്രയിക്കരുത്.
ദൈവത്തിന് സ്തുതിയർപ്പിക്കുന്നത് ന്യായമാണ് ഭൂമിയിലെയും സ്വർഗത്തിലെയും ഉന്നതാനാണ്, നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്. പിതാവായ ദൈവത്തിനു സ്തുതിയും, പുത്രനായ ദൈവത്തിനു ആരാധനയും, പരിശുദ്ധാത്മാവായ ദൈവത്തിനു സ്തോത്രവും അർപ്പിക്കുവാൻ നാം ഒരോരുത്തരും ബാദ്ധ്യസ്ഥരാണ്.
ഭൂമിയിൽ അനേകർ ഏകസത്യദൈവത്തെ അറിയാതെയും അവിടുത്തെ സ്തുതിക്കുവാൻ സാധിക്കാതെയും ജീവിക്കുന്നു. അവരെല്ലാവരും യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാനും, യേശുവിൽ വാഴുവാനും നമ്മൾക്ക് പ്രാർതിഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.