ദൈവത്തിൽ വിശ്വസിക്കുന്നവരോടുള്ള ദൈവത്തിൻറെ കരുതലാണ് പ്രസ്തുത വചനത്തിലൂടെ വെളിപ്പെടുന്നത്. ദൈവം മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിനു സ്വർഗ്ഗത്തിൽനിന്ന് മന്ന നൽകി അവരുടെ വിശപ്പടക്കി. മരുഭൂമിയിൽ ഭക്ഷണദൗർലഭ്യം നേരിട്ടിപ്പോൾ ജനങ്ങൾ നേതാക്കളായ മോശയ്ക്കും അഹറോനും എതിരെ പിറുപിറുത്തതിനെ തുടർന്ന് ആകാശത്തിൽ നിന്ന് ജനങ്ങൾക്കായി അപ്പം വർഷിക്കുമെന്ന ദൈവികവാഗ്ദാനത്തിന്റെ പൂർത്തീകരണമായിരുന്നു ഈ അത്ഭുതം. മന്നയെ ശക്തിമാന്മാരുടെ അപ്പം എന്നും സ്വർഗ്ഗീയധാന്യം എന്നും തിരുവചനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
സാബത്ത് ഒഴികെ എല്ലാ ദിവസവും രാവിലെ മന്നാ വീണിരുന്നു. അതു ഉറച്ച മഞ്ഞുപോലുള്ള നേരിയ വസ്തുവായിരുന്നു. വെയിലിൽ മന്നാ ഉരുകിപ്പോകും. അടുത്ത ദിവസത്തേക്കു സൂക്ഷിച്ചുവയ്ക്കുവാൻ പാടില്ല. പിറ്റേദിവസം അതു കൃമിയുടെ ശല്യത്താൽ നാറിപ്പോകും. എന്നാൽ സാബത്തിന്റെ തലേദിവസം പെറുക്കി സാബത്തിനു സൂക്ഷിച്ചുവെക്കുന്നത് നാറുകയില്ല. അതിനെ പാകം ചെയ്തതോ, ചുട്ടോ ഭക്ഷിക്കാം. മന്ന വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശ യുടെ രുചിയുള്ളതും ആയിരുന്നു. യിസ്രായേൽജനം നാല്പതു വർഷം മന്നാ ഭക്ഷിച്ചു. കാനാൻ ദേശത്ത് പുതിയ ധാന്യം ലഭിച്ച ഉടൻ മന്നാ നിന്നു പോയതായി തിരുവചനം പ്രതിപാദിക്കുന്നു
പുതിയ നിയമത്തിൽ നാലു സുവിശേഷകരും ഒരു പോലെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അത്ഭുതമാണ് ഈശോ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തിലധികം പേരെ തൃപ്തരാക്കിയ സംഭവം. വരാനിരിക്കുന്ന കാലങ്ങളിൽ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആത്മാവിന്റെ വിശപ്പടക്കുന്നതിനായി യേശു തന്റെ ശരീരം തന്നെ നൽകുന്നതിന്റെ ഒരു മുന്നോടിയും ആയിരുന്നു ഈ അത്ഭുതം. ജീവന്റെ അപ്പത്തെ യേശു മന്നയോടു സാദൃശ്യപ്പെടുത്തി. (യോഹ, 6:31, 49-58). സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവന്റെ അപ്പം ക്രിസ്തുവത്രേ. മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിച്ചവർ മരിച്ചു. എന്നാൽ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിയ ജീവന്റെ അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ ഒരിക്കലും മരിക്കയില്ല എന്നു അവിടുന്ന് സാക്ഷ്യപ്പെടുത്തി. നാം ഓരോരുത്തരും ആത്മീയമായും ഭൗതികമായും കാത്തുരക്ഷിക്കുന്ന കർത്താവിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏