ഇന്ന് സ്ത്രീകൾക്കെതിരെ ഉള്ള അക്രമരഹിത ദിനമായതിനാൽ അല്പം സ്ത്രീ വിചാരം… സ്ത്രീ എന്തിനാണ് തന്നോട് തന്നെ തോൽക്കുന്നത്?

ഒരു പെൺകുട്ടി കൂടി ഗാർഹിക – സ്ത്രീധന പീഡനവും അപമാനവും സഹിക്കാനാവാതെ ആലുവയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു!!എന്താണ് നമ്മുടെ തലമുറയിലെ മനുഷ്യർക്ക് പറ്റിയത്? ആരാണ് ഇതിനൊക്കെ ഉത്തരവാദി? എവിടെയാണ് നമുക്ക് തെറ്റിയത്? എന്താണ് നമ്മൾ തിരുത്തേണ്ടത്?ഉത്തരമില്ലെന്ന് തോന്നാവുന്ന ഒരായിരം ചോദ്യങ്ങളുമായി ഇന്ന് ഓറഞ്ച് ദിനം ആചരിക്കുകയാണ്. അതായത് “സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമ വിരുദ്ധ ദിനം”. നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കും ഭാര്യമാർക്കും പെൺ മക്കൾക്കും വേണ്ടി ഇങ്ങനെ ഒരു ദിനം ആചരിക്കേണ്ട ഗതികേടിലാണ് നാമിന്ന്.

“ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല” എന്ന മോട്ടിവേഷൻ കേട്ടു കേട്ട് നമ്മുടെ കാതുകൾ തഴമ്പിച്ചിരിക്കുകയാണ്. ഒന്നിനും പരിഹാരം ആവില്ല എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് നമ്മുടെ പെൺകുട്ടികൾ തങ്ങളോട് തന്നെ തോൽക്കുന്നത്? ആത്മഹത്യയിലൂടെ സ്വയം തോൽക്കാതെ, തോൽപ്പിക്കാൻ നോക്കിയവരുടെ മുന്നിൽ ആത്മാഭിമാനത്തോടെ ജീവിച്ചു കാണിച്ച് പൊരുതി ജയിക്കുകയാണ് വേണ്ടത് എന്ന് എന്തുകൊണ്ടാണ് നമ്മുടെ പെണ്മക്കൾ മനസിലാക്കാത്തത്??

സമൂഹത്തിലെ ദുർബല വിഭാഗം എന്നാണ് നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നാം വിശേഷിപ്പിക്കുന്നത്. എന്തിനാണ് അവരെ നാം ദുർബലരാക്കി വളർത്തിക്കൊണ്ട് വരുന്നത്?? ഏതെങ്കിലും തരത്തിൽ കുറവ് ഉള്ളവരെ ആണ് നാം ദുർബലർ എന്ന് വിളിക്കുന്നത്..ഉള്ളിലെ ശക്തി തിരിച്ചറിയാൻ അവരെ പ്രേരിപ്പിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. സമൂഹത്തിൽ നിലയും വിലയും ഉള്ളവർ എന്ന ആത്മാഭിമാനത്തിൽ ആണ് നാം അവരെ വളർത്തി എടുക്കേണ്ടത്.

സ്ത്രീ എപ്പോഴും ആരുടെയെങ്കിലും സംരക്ഷണയിലും ആരെയെങ്കിലും ആശ്രയിച്ചും മാത്രം കഴിയേണ്ടവളാണ് എന്നൊരു തെറ്റായ സന്ദേശം അവൾ ജനിച്ചുവീഴുന്ന കാലം മുതലേ അവളുടെ തലച്ചോറിൽ നാം അടിച്ചേൽപ്പിക്കുന്നുണ്ട്.കായിക ബലം കൊണ്ട് നിഷ്പ്രയാസം കീഴ്പ്പെടുത്താവുന്നവൾ, സ്നേഹിക്കപ്പെടുന്നു എന്നു തെറ്റിദ്ധരിപ്പിച്ചാൽ എന്തിനും വഴങ്ങുന്നവൾ, സമൂഹത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കപ്പെട്ടാൽ അല്പം പോലും താങ്ങാൻ ശേഷിയില്ലാത്തവൾ, ഭർതൃഗൃഹത്തിൽ മാനസികമായും ശാരീരികമായും തളർത്തപ്പെട്ടാൽ അടിമയെപ്പോലെ ഒരു മൂലയിലിരുന്ന് നിശബ്ദയായി കണ്ണുനീർ വാർക്കുന്നവൾ, നൊന്തുപെറ്റ കുഞ്ഞിന്റെ ഉടമസ്ഥത സ്വന്തം ഭർത്താവിനാൽ തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ പതറിപ്പോകുന്ന ദുർബല, ഭർത്താവും അയാളുടെ കുടുംബക്കാരും ഉപേക്ഷിച്ചാൽ സ്വന്തം വീട്ടിലേക്ക് കയറി ചെല്ലാൻ പറ്റാത്തവൾ, അപ്പനും ആങ്ങളയ്ക്കും ഭാരമാകും എന്നും അനുജത്തിയുടെ കല്യാണം മുടങ്ങും എന്നും ഭയന്നു തെരുവിൽ അലഞ്ഞു തിരിയുകയോ പുഴയിൽ ജീവിതം അവസാനിപ്പിക്കുകയൊ ചെയ്യുന്ന സ്ത്രീ ജന്മങ്ങൾ…….ഇതൊക്കെയാണ് ഇന്ന് കേരളത്തിലെ കുടുംബങ്ങളിൽ, സമൂഹത്തിൽ, സമൂഹമാധ്യമങ്ങളിൽ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാടും വിലയിരുത്തലുകളും.എന്താണ് ഇതിന്റെ അടിസ്ഥാനപരമായ കാരണം?? വിദ്യാഭ്യാസത്തിന്റെ കുറവാണോ? വിവര സാങ്കേതിക സംവിധാനങ്ങളുടെ കുറവാണോ? സാമ്പത്തിക പ്രതിസന്ധിയോ ദാരിദ്ര്യമൊ ആണോ… ഒന്നുമല്ല.. ജീവിതമൂല്യങ്ങളുടെ, ധാർമിക മൂല്യങ്ങളുടെ, സനാതന മൂല്യങ്ങളുടെ കൈമാറലിൽ വന്ന വീഴ്ചയാണ്…. ഈ വലിയ വിപത്തിന് കാരണം.

വിദ്യാഭ്യാസം എന്നാൽ അക്ഷര പരിജ്ഞാനവും ഡിഗ്രികളുടെ കനവും ആണെന്ന് നാം നമ്മുടെ തലമുറയെ തെറ്റിധരിപ്പിച്ചു!! ജീവിതം എന്നാൽ ആരെ കൊന്നിട്ടായാലും ജയിച്ചു നിൽക്കാൻ വേണ്ടി മാത്രം ഉള്ളതാണെന്ന് അവരുടെ കാതുകളിൽ നമ്മൾ ഓതിക്കൊടുത്തു! എന്ത് കൊള്ളരുതായ്മ ചെയ്താലും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് അതിൽനിന്നും രക്ഷപ്പെടാൻ നമ്മൾ അവരെ പരിശീലിപ്പിച്ചു!! അന്യവീട്ടിലെ അടുക്കളയിൽ ജീവിക്കാൻ ഉള്ളവൾ എന്ന ലേബൽ നൽകി നമ്മുടെ പെൺകുട്ടികളെ അടുക്കള ജോലി ശീലിപ്പിച്ച നമ്മൾ, അപ്പനും ഭർത്താവും ഉപേക്ഷിച്ചാലും സ്വന്തം കാലിൽ നിൽക്കാൻ, ആത്മാഭിമാനത്തോടെ ജീവിക്കാൻ അവളെ പഠിപ്പിക്കുന്നില്ല!! അവൾ ആഗ്രഹിക്കുന്ന അത്രയും പഠിക്കാൻ അവളെ അനുവദിക്കാതെ “പെണ്ണല്ലേ ആരുടെയെങ്കിലും തലയിൽ ഒന്നു കെട്ടിവയ്ക്കണം,” എന്ന് പറഞ്ഞ് നമ്മൾ ശല്യം ഒഴിവാക്കുന്നു!!

ജീവിതത്തിലേക്ക് കയറി വരുന്ന പെണ്ണിനെ പ്രാണനെ പോലെ സ്നേഹിക്കാനും ബഹുമാനിക്കാനും നമ്മുടെ ആൺമക്കളെ പരിശീലിപ്പിക്കാൻ നമുക്ക് എന്നാണ് കഴിയുക??

ഭാര്യയെ തല്ലുന്നത് പുരുഷ ലക്ഷണമല്ലെന്ന്, കുടുംബത്തിൽ വച്ച് അവനെ പറഞ്ഞ് പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ചെറിയ ചെറിയ വീട്ടുജോലികൾ നമ്മുടെ കുട്ടികളെ കൊണ്ട് അത് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും, വീടുകളിൽ ചെയ്യിക്കേണ്ടത് ആവശ്യമാണ്‌. ലിംഗ സമത്വം, ചിന്താ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്വാതന്ത്ര്യം, ഇവയൊക്കെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്നതിനു മുൻപേ.. സ്വന്തം വീട്ടിൽ, ആരംഭിക്കണം!! വിദ്യാലയങ്ങളിൽ അതിന്റെ തുടർച്ചയാണ് യഥാർത്ഥത്തിൽ ലഭ്യമാക്കേണ്ടത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ ഭൂരിഭാഗവും വീട്ടിൽ നിന്നു തന്നെയാണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു നമ്മുടെ മക്കളെ ജീവിക്കാൻ പഠിപ്പിക്കാം, പ്രതികൂല സാഹചര്യങ്ങളെ ചെറു പുഞ്ചിരിയോടെ അഭിമുഖീകരിക്കാൻ പഠിപ്പിക്കാം, അതിജീവിക്കാൻ പരിശീലിപ്പിക്കാം,

ചിത്രത്തിൽ കാണുന്ന FEARLESS GIRL നെ പോലെ, ജീവിതം അഴിച്ചു വിടുന്ന പ്രശ്നങ്ങൾ ആകുന്ന കാളകൂറ്റനു മുൻപിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ നമുക്ക് നമ്മുടെ മക്കളെ, യുവതയെ പഠിപ്പിക്കാൻ തീരുമാനം എടുക്കാം..ഫേസ്ബുക്കിലും Whatsapp ലും ഇൻസ്റ്റാഗ്രാമിലും കയറി സ്നേഹത്തേക്കുറിച്ച് വാചാലരാകുന്ന ന്യൂ ജൻ പ്രേമം അല്ല… ജീവിത യാഥാർഥ്യങ്ങളെ നേർക്കുനേർ കണ്ടും പരസ്പരം അറിഞ്ഞും കുറവുകൾ മനസിലാക്കിയും ബഹുമാനിച്ചും ജീവിക്കുന്ന അനശ്വരമായ ആത്മബന്ധമാണ്, മരണത്തോളം കൂടെ നിൽക്കുന്ന ഉറപ്പാണ് യഥാർത്ഥ പ്രണയം എന്നു മക്കളും തിരിച്ചറിയണം.. ചതിക്കുഴിയിൽ വീഴില്ല എന്ന് അവരും തീരുമാനിക്കണം..

2017 ലെ വനിതാ ദിനത്തോട് അനുബന്ധിച്ചു ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിൽ, പ്രസിദ്ധമായ CHARGING BULL എന്ന 11 അടി ഉയരവും 7100 പൗണ്ട് തൂക്കവും ഉള്ള കാളകൂറ്റന്റെ പ്രതിമയ്ക്ക് മുന്നിൽ ക്രിസ്റ്റൻ വിസ്‌ബാൽ എന്ന ശിൽപ്പി വെറും 4 അടി ഉയരവും 250 പൗണ്ട് തൂക്കവും ഉള്ള ഒരു പെൺകുട്ടിയുടെ പ്രതിമ FEARLESS GIRL എന്ന് പേരുമിട്ട് സ്ഥാപിച്ചു... ആത്മധൈര്യത്തിന്റെ, ഒറ്റയാൾ പോരാട്ടത്തിന്റെ ഒക്കെ പ്രതീകമാണ് അവൾ… ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന അപാര ശക്തിയുടെ പ്രതിരൂപം!!

ഈ കാളകൂറ്റനെപ്പോലെ, നമ്മെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ, പ്രതിസന്ധികൾ വഴിമുടക്കുമ്പോൾ അവയ്ക്കു മുൻപിൽ ഇങ്ങനെ നിവർന്നു നിൽക്കാൻ ആണ്, ധീരതയോടെ അവയെ നേരിടാനാണ് നമ്മുടെ മക്കളെ നാം പ്രാപ്തരാക്കേണ്ടത്..നമ്മൾ സ്വയം പരിശീലിക്കേണ്ടത്..ഈ കാലഘട്ടത്തിന്റെ ആവശ്യവും അത് തന്നെ ! ശ്രീ എ. പി. ജെ അബ്ദുൾ കലാം പറഞ്ഞ തീപാറുന്ന വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് അവസാനിപ്പിക്കട്ടെ... ” ജീവിതത്തെ ഒരു ബോക്സിങ് റിംഗ് നോട്‌ ഉപമിക്കാം. എതിരാളിയുടെ ഇടിയേറ്റ് താഴെവീഴുമ്പോൾ അല്ല നിങ്ങളുടെ തോൽവി പ്രഖ്യാപിക്കപ്പെടുന്നത് : മറിച്ച്, വീണിടത്തു നിന്ന് എഴുന്നേൽക്കാൻ നിങ്ങൾ വിസമ്മതിക്കുമ്പോൾ ആണ് ” ഇതിൽ പരം എന്ത് മോട്ടിവേഷൻ ആണ് വേണ്ടത്?? അതുകൊണ്ട് തീരുമാനം നമ്മുടേതാണ്.. ജീവിക്കണോ മരിക്കണോ… അതോ….. അതിമനോഹരമായി അതിജീവിക്കണോ???

ഇനി ഒരു ആത്മഹത്യാ കുറിപ്പ് വായിച്ച് കേരളത്തിന്റെ മനഃസാക്ഷി കരയാതിരിക്കട്ടെ… ഓറഞ്ചുദിന ആശംസകൾ🌹🌹

കടപ്പാട്: Sr. Adv. Josia SD