നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം
ബെത്‌ലെഹെമിലെ തിരുക്കുടുംബത്തിന് ആരുടെയും സഹതാപം ആവശ്യമില്ല. ക്രിസ്മസിന് ആയിരങ്ങള്‍ ചെലവഴിച്ച് പുല്‍ക്കൂടുകളും ആഘോഷങ്ങളും നടത്തുമ്പോള്‍ ചുറ്റുപാടുകളില്‍ സാമ്പത്തിക ഞെരുക്കങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യരുണ്ടെന്നത് വിസ്മരിക്കരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്. ആഘോഷങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, വിശന്നുനിലവിളിക്കുന്ന ഉണ്ണീശോമാരും കാലിത്തൊഴുത്തിന് സമാനമായ സാഹചര്യങ്ങളില്‍ കുട്ടികളുമായി ജീവിക്കേണ്ടിവരുന്ന സ്ത്രീകളുമൊക്കെ ഇപ്പോഴത്തെയും യാഥാര്‍ത്ഥ്യങ്ങളാണെന്നത് ഓര്‍മയില്‍ ഉണ്ടാകണം.
മക്കളുടെ കരങ്ങള്‍ പിടിച്ച് അടുത്തുള്ള അനാഥാലയത്തിലേക്കോ ദുരിതങ്ങള്‍ അനുഭവിക്കുന്ന സഹോദരങ്ങളുടെ അടുത്തേക്കോ ഒക്കെ ക്രിസ്മസ് കാലങ്ങളില്‍ പോകാന്‍ സാധിച്ചാല്‍ ആഘോഷങ്ങള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകും. കാലംകഴിയുമ്പോള്‍ മക്കളുടെ മനസുകളില്‍ മാതാപിതാക്കള്‍ മനോഹരമാക്കിയ പുല്‍ക്കൂടുകളെക്കാള്‍ മായാതെ നില്ക്കുന്നത് മനുഷ്യത്വത്തിന്റെ സ്പര്‍ശനങ്ങള്‍ ഉള്ള ഇത്തരം സന്ദര്‍ശനങ്ങളായിരിക്കും. തിരുക്കുടുംബത്തിനും സന്തോഷം പകരുന്നത് ഇങ്ങനെ ആഘോഷങ്ങളായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരുടെ പട്ടിക വർഷന്തോറും ലോകത്തെ അറിയിക്കുമ്പോൾ സമൂഹത്തിൽ മനുഷ്യൻ എന്ന പട്ടികയിൽ പോലും പരിഗണിക്കപ്പെടാതെ നികൃഷ്ടരായി കഴിയുന്ന എത്രയോ സഹോദരങ്ങൾ നമ്മുടെ കൂടെ നമ്മോടൊപ്പം, നമുക്ക് ചുറ്റും ജീവിക്കുന്നു. അവരെ എല്ലാവർക്കും അവകാശപ്പെട്ട നമ്മുടെ ഭവനത്തിനുള്ളിൽ ചേക്കേറ്റുന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതിന്, നന്മ കേൾക്കുന്നതിനേക്കാൾ നന്മ പറയുന്നതിന്, സഹായം സ്വീകരിക്കുന്നതിനേക്കാൾ സഹായമായി മറ്റുള്ളവർക്കു മുന്നിൽ മാറുന്നതിന് കഴിയണം. അപ്പോൾ, നമ്മുടെ ക്രിസ്മസിന് ശോഭ ഏറി വരും.കാലിത്തൊഴുത്തിന്‍റെ കാലൊച്ച കാരുണ്യത്തിന്‍റേതാണ്.ഒന്നുമില്ലാത്തവർക്ക് നമ്മുടെ കൈയിലുള്ളത് കൊടുക്കാനുള്ള ധീരത നമുക്കുണ്ടാകട്ടെ.ഇല്ലായ്മകളുടെ കാലിത്തൊഴുത്തുകള്‍ സമൃദ്ധിയുടെ പിറവിയിടമാക്കാൻ നമുക്ക് നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം.
മത്തായി 10:42 “ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു”.
ടോണി ചിറ്റിലപ്പിള്ളി