അറുപതുകളിലാണ് എന്റെ ബാല്യം ചക്കിട്ടപ്പാറയിലും കുളത്തുവയലിലുമായി ഞാൻ ചിലവഴിച്ചത്. ഒന്നാം ക്ലാസ് മുതൽ ചക്കിട്ടപ്പാറ പള്ളിവക സ്‌കൂളിൽ, അഞ്ചിലെത്തിയപ്പോൾ കുളത്തുവയൽ സെന്റ് ജോർജ്ജ് സ്‌കൂളിലെത്തി. ചക്കിട്ടപ്പാറയിലെ പഴയകവലയ്ക്കടുത്താണ് എന്റെ കുടുംബം അന്ന് താമസിച്ചിരുന്നത്. ഒരു അംശം അധികാരിയുടെ ഏഴേക്കറിലധികം വരുന്ന പറമ്പിൽ ഒരു ഇടത്തരം വീട്. രണ്ട് ഫർലോംഗ് ഓടിയാൽ സ്‌കൂളിലെത്താം. അഞ്ച് വയസു തികയുന്നതിനു മുമ്പേ വീടിനു മുമ്പിൽ കൂടി നടന്നു പോകുന്ന ഒരു ടീച്ചറോടൊപ്പം ഞാനും ക്ലാസിൽ പോയിത്തുടങ്ങി. വീട്ടിൽ നിന്ന് ഒരു ചെമ്മൺ വഴി, വഴിക്കപ്പുറം കളിമണ്ണ് നിറഞ്ഞ ചെറിയ കുന്ന്, വഴിയിലേക്ക് കണ്ണീർച്ചാലൊരുക്കി ഒരു തോട്. പാലമൊന്നുമില്ല; തോട് നീന്തിക്കയറി ചെറിയ കുന്ന് ഓടിത്തീർന്ന് ഒരു വളവ് കഴിഞ്ഞാൽ ചക്കിട്ടപ്പാറ. വഴിയിൽ നിന്ന് അൽപ്പം അകലെയാണ് പള്ളിയും സ്‌കൂളും.

കുളത്തുവയൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ് അരിക്കു ക്ഷാമമുണ്ടായത്. അന്ന് സമ്പന്നരും ഇടത്തരക്കാരുമായ ക്രൈസ്തവ ഭവനങ്ങൾ ഊട്ടുനേർച്ച വീടുകളിൽ നടത്താൻ സഭാധികൃതർ നിർദ്ദേശിച്ചു. നോമ്പുകാലമായതിനാൽ പപ്പടം, പഴം, പായസം ഉൾപ്പെട്ട പച്ചക്കറി സദ്യയാണ് അപ്പനും അമ്മയും ഒരു മകനും ഉൾപ്പെട്ട കുടുംബത്തിന് സൗജന്യമായി വിളമ്പുക. അന്ന് കുടുംബയൂണിറ്റുകളൊന്നുമായിട്ടില്ല. പക്ഷേ താമരശ്ശേരി രൂപതയിലെ (അന്ന് തലശ്ശേരി രൂപത) ഭവനങ്ങളിൽ നിന്ന് എനിക്കും എന്റെ കുടുംബത്തിനും ലഭിച്ച ഊട്ടുനേർച്ചയുടെ രുചി ഓരോ നോമ്പുകാലത്തും എന്റെ ഓർമ്മകളിലെത്തുന്നു. ഊട്ടുനേർച്ചയ്ക്ക് മൂന്നു പേർ മാത്രമേ പാടുള്ളൂ; തിരുക്കുടുംബത്തെ ഓർമിപ്പിക്കാനാണത്. എനിക്കു താഴെ ഒരു സഹോദരിയുണ്ട്. അവളെ അടുത്ത വീട്ടിൽ ഏൽപ്പിച്ചാണ് അപ്പനും അമ്മയും ഞാനുമടങ്ങുന്ന കുടുംബം രാത്രി നേർച്ച സദ്യക്കായി പോവുക.കുടുംബക്കൂട്ടായ്മകളെ കുറിച്ച് എഴുതാനിക്കുമ്പോൾ നമുക്കു ചുറ്റുമായി ക്രൈസ്തവരായ നാം ഈ നോമ്പുനാളിൽ ഊട്ടി വളർത്തേണ്ട കരുണയുടെ തണലിടങ്ങളെ കുറിച്ച് ചിന്തിക്കാമെന്ന് തോന്നുന്നു. എങ്ങനെ മറ്റുള്ളവരോട് നാം കരുതലുള്ളവരായി മാറുന്നുവെന്ന ചോദ്യത്തിനാകട്ടെ ആദ്യം മറുപടി. എന്റെ സുഹൃത്തായ ഒരു വൈദികൻ ഡൽഹിയിലെ മയൂർ വിഹാർ ഫേസ് ഒന്നിലെ സെന്റ് മേരീസ് പള്ളിയിൽ വികാരിയായി കുറേക്കാലം സേവനമനുഷ്ഠിക്കുകയുണ്ടായി. എന്തിനും ഏതിനും ഒത്തൊരുമയോടെ വൈദികരോടു ചേർന്നു പ്രവർത്തിക്കുന്ന ഒരു ഇടവകാ സമൂഹമാണത്. ഒരു ക്രിസ്മസ് നോമ്പിനു മുന്നോടിയായി ചേർന്ന ഇടവകാ പ്രതിനിധി യോഗം ചർച്ച ചെയ്തത് കുടുംബങ്ങളിൽ നഷ്ടമാകുന്ന നോമ്പനുഷ്ഠാനം കൂടുതൽ തീവ്രതയോടെ കുടുംബങ്ങളിലേക്ക് എങ്ങനെ തിരികെ കൊുവരാം എന്നതായിരുന്നു. ഉരുത്തിരിഞ്ഞ പലവിധ ആശയങ്ങളോടു ചേർത്ത് വികാരിയച്ചൻ മുന്നോട്ടുവച്ച നിർദ്ദേശം ഇപ്രകാരമായിരുന്നു: ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങൾ നോമ്പുകാലത്ത് ഉപേക്ഷിക്കുകയും, നോമ്പ് കഴിയുമ്പോൾ നഷ്ടമായ പഴയ ദിനങ്ങളുടെ കണക്ക് തീർത്ത് വാശിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് നോമ്പേയല്ല. നമ്മുടെ ഇഷ്ടങ്ങൾ ത്യാഗത്തോടെ ത്യജിക്കാനാകണം. ഇപ്രകാരം ത്യജിച്ച ഇഷ്ടങ്ങളിലൂടെ സ്വരുക്കൂട്ടുന്ന പണം ദരിദ്രർക്കായി ചിലവഴിക്കുന്നതാണ് യഥാർത്ഥ നോമ്പ്. ഈ നോമ്പ് കാലം മുതൽ നമുക്ക് ഒരു പുതിയ നോമ്പ് സംസ്‌ക്കാരത്തിന് നാന്ദി കുറിയ്ക്കാം. ഏറെ താൽപ്പര്യത്തോടും ആവേശത്തോടും കൂടെയാണ് പ്രതിനിധി യോഗം ഈ നിർദ്ദേശത്തെ കൈക്കൊത്. മൂന്ന് വർഷമാണ് അച്ചൻ അവിടെയുണ്ടായിരുന്നത്. ആ മൂന്ന് വർഷവും നോമ്പനുഷ്ഠാനത്തിലൂടെ ആ ഇടവകയിൽ ശേഖരിക്കപ്പെട്ട കാരുണ്യനിധി അനേകർക്ക് ആശ്വാസമായി. പ്രധാനമായും നജഫ്ഖട്ടിലുള്ള എംഎസ്ടി വൈദികർ നയിക്കുന്ന ദീപ്തി ഫൗേഷന്റെ പ്രവർത്തനങ്ങൾക്കായാണ് ഇപ്രകാരം ശേഖരിച്ച തുക സംഭാവന ചെയ്തത്. ത്യജിക്കുന്നതിൽ നിന്നും മിച്ചം പിടിക്കുന്നത് അപരനായി വ്യയം ചെയ്യുന്ന ശൈലി ഇന്നും അവർ തുടരുന്നു.

കോവിഡ് നാളുകളിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയുണ്ട്. കടബാധ്യതകൾ ശ്വാസം മുട്ടിക്കുന്ന കുടുംബങ്ങളുണ്ട്. ഈ മഹാമാരി മൂലം വിവാഹം മുടങ്ങി പോയ യുവതികളുണ്ട്. ഉന്നത വിദ്യാഭ്യാസം പാതിവഴി നിലച്ചവരോ ഇനിയും ആരംഭിക്കാത്തവരോ ഉണ്ട്. സമ്പന്നകുടുംബങ്ങൾ ന്യൂനപക്ഷമാകാം. എങ്കിലും ചെറിയ സഹായങ്ങൾ, നമ്മുടെ ഇഷ്ടങ്ങൾ ബലികഴിച്ച് സ്വരുക്കൂട്ടുവാൻ നമുക്ക് കഴിയില്ലേ? കഴിയുമെന്ന് എന്റെ ബാല്യകാലത്തിലെ ഒരു സംഭവം കൂടി ഓർമിക്കവേ ഞാൻ തറപ്പിച്ചു പറയട്ടെ.നേരത്തെ പറഞ്ഞല്ലോ അഞ്ചാം ക്ലാസിലെത്തിയപ്പോൾ ഞാൻ കുളത്തുവയൽ ഹൈസ്‌കൂളിലെത്തിയ കാര്യം. ചക്കിട്ടപ്പാറയിൽ നിന്ന് ഏതാനും മലകളുടെ നെറുകെ അടിച്ചു പരത്തിയ ഒരു കുറുക്കു വഴിയുണ്ട് കുളത്തുവയലിലേക്ക്. ആ വഴിയിലൂടെയാണ് കുട്ടികളുടെ സ്‌കൂളിലേക്കുള്ള യാത്ര. ഏകദേശം ഒന്നരമൈലുണ്ട്, നടന്നും ഓടിയും സ്‌കൂളിലെത്തും. എല്ലാവരും തൂക്കുപാത്രത്തിൽ ഉച്ചഭക്ഷണം കൊണ്ടുവരും. എനിക്ക് ഉച്ചഭക്ഷണം തന്നുവിടുവാൻ വീട്ടിലെ സ്ഥിതി അനുവദിച്ചിരുന്നില്ല. ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഞാൻ വീട്ടിൽപോയി ഭക്ഷണം കഴിക്കാനെന്ന മട്ടിൽ ക്ലാസിൽ നിന്നിറങ്ങി ഓടും. ആ കാട്ടുവഴിയിൽ കുറേ നെല്ലിമരങ്ങളുണ്ട്. ചെറിയ നെല്ലിക്കകളായിരുന്നു അധികവും. കുറേ നെല്ലിക്കയും പറിച്ചു തിന്ന് പച്ചവെള്ളവും കുടിച്ച് ഞാൻ വീട്ടിൽ പോയി ഊണ് കഴിച്ചുവെന്ന മട്ടിൽ ക്ലാസിലെത്തും.ഒരു ദിവസം ക്ലാസിൽ ഞാൻ തലകറങ്ങി വീണു. അന്നത്തെ കണക്ക് ടീച്ചർ എന്നെ സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി. ഉച്ചയ്‌ക്കെന്തു കഴിച്ചുവെന്നു ടീച്ചർ ചോദിച്ചതും ഞാൻ വിതുമ്പി കരയാൻ തുടങ്ങി. പിന്നീട് ടീച്ചറൊന്നും ചോദിച്ചില്ല. ആ വീട്ടമ്മയായ ടീച്ചർക്ക് കൂടുതൽ വിശദീകരണം വേണ്ടിയിരുന്നില്ല. പിറ്റേന്ന് സ്‌കൂളിലെത്തിയ ഉടനെ ടീച്ചർ വീണ്ടും എന്നെ തേടിയെത്തി. അന്ന് സ്‌കൂൾ ഗ്രൗണ്ടിനപ്പുറത്ത് ഒരു മഹിളാ സമാജം പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്ക് സമാജത്തിന്റെ ഓഫീസിൽ വരണമെന്ന് ടീച്ചർ പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ ചൂടുചോറും പരിപ്പുകറിയും എന്നെ കാത്തിരിക്കുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഉച്ചയൂണ് കഴിക്കാൻ ഞാനടക്കം നാല് കുട്ടികളായി. ഞങ്ങൾക്ക് ഭക്ഷണം തരുന്ന കാര്യം ടീച്ചർ ആരോടും പറഞ്ഞിരുന്നില്ല. ഒരർത്ഥത്തിൽ നമുക്കുചുറ്റുമുള്ള ദരിദ്രരെ കണ്ടെത്താനും അവരോട് കരുതലുള്ളവരാകാനും കഴിയുന്നതിന് അത് കൂടുതൽ പരസ്യപ്പെടുത്താതെ ചെയ്യുന്നതിന് ഈ സംഭവകഥ മാതൃകയാകുമെന്ന് തോന്നുന്നു. ഈയിടെ ഒരു യുവാവിനെ പരിചയപ്പെട്ടു. ഗൾഫിലായിരുന്നു, കോവിഡ് കാലത്ത് ജോലി നഷ്ടമായി. വിദേശജോലിക്ക് പോകാൻ പണം നൽകി സഹായിച്ച സ്വകാര്യ ബാങ്കിപ്പോൾ അയാളെ ഭീഷണിപ്പെടുത്തുന്നു. രണ്ട് പെൺമക്കളുടെ ടെക്‌സ്റ്റൈയിൽ ഷോപ്പിലെ ജോലികൊണ്ട് ജീവിതം പുലർത്തിവന്ന മറ്റൊരു കുടുംബം. ഫോണിൽ അവർ ചോദിക്കുന്നു – മക്കളിൽ ഒരാൾക്ക് പാതി ശമ്പളം. മറ്റേയാൾക്ക് ജോലിയുമില്ല. ഞങ്ങൾ എന്തുചെയ്യും? ഓരോ കുടുംബങ്ങൾക്കു മുന്നിലും തൂങ്ങിക്കിടപ്പുണ്ട് ചോദ്യ ചിഹ്നങ്ങൾ. അതിനെല്ലാം മറുപടി നൽകാൻ ഈ നോമ്പ് കാലത്ത് നമ്മുടെ ഇടവകകളിൽ / കുടുംബക്കൂട്ടായ്മകളിൽ അപരനെ കരുതുന്ന ഒരു പുതിയ ജീവിതശൈലിക്ക് തുടക്കമിടേണ്ടേ നമുക്ക്?

കാപട്യവും പൊങ്ങച്ചവും നമ്മുടെ ക്രിസ്തീയ ജീവിതത്തെ കളങ്കിതമാക്കാൻ അനുവദിക്കരുത്. ലോകം മുഴുവൻ ഇന്ന് അനിശ്ചിതത്വത്തിന്റെ മുൾമുനയിലാണ്. ഫ്രാൻസിസ് പാപ്പായുടെ നോമ്പുകാല സന്ദേശത്തിൽ വിശ്വാസവും പ്രത്യാശയും സ്‌നേഹവും നവീകരിക്കുന്നതിനുള്ള കാലമായി ഈ ഉപവാസ ദിനങ്ങളെ രൂപാന്തരപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.ലോകത്തിനു മുമ്പിൽ യേശുശിഷ്യരായി ജീവിക്കാൻ നമുക്ക് ലഭിക്കുന്ന സുവിശേഷ ദിനങ്ങളാണ് നോമ്പുകാലം. വിശ്വാസത്തിന്റെ ഏതോ ഇടവഴികളിൽ വ്യക്തിപരമായ ജീവിതവിശുദ്ധിയിലൂടെ വിശുദ്ധരാകമെന്ന തോന്നൽ നമ്മെ നയിച്ചേക്കാം. ഓരോ ഇടവകയിലും വിശ്വാസത്തിന്റെ വ്യാജമായ ആത്മീയ കളരികൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ കേൾക്കൂ – ”ആരും വ്യക്തിയെന്ന നിലയിലോ സ്വന്തം പ്രയത്‌നത്താലോ രക്ഷിക്കപ്പെടുന്നില്ല. വ്യക്തിബന്ധങ്ങളുടെ സങ്കീർണമായ ശൃംഖല കണക്കിലെടുത്തുകൊണ്ടാണ് ദൈവം നമ്മെ ആകർഷിക്കുന്നത്. മറ്റുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രമാണി വർഗ്ഗമല്ല സഭ, മറിച്ച് ഏവരെയും സ്വീകരിക്കുകയും സ്‌നേഹിക്കുകയും ക്ഷമിക്കുകയും സുവിശേഷം ജീവിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ്.”

Article published in Malabar Vision on March -2021

ആൻ്റണി ചടയമുറി

നിങ്ങൾ വിട്ടുപോയത്