“എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.

“നവജാത ശിശുവായ ഉണ്ണി ഈശോയേത്തേടി പൗരസ്ത്യ ദേശത്തു നിന്നും ജറുസലേമിൽ വന്നെത്തിയ മഹാജ്ഞാനികളുടെ ചോദ്യം സാമന്ത രാജാവായ ഹേറേദോസിനെ അസ്വസ്ഥനാക്കി .
രാജാവിനുണ്ടായ അസ്വസ്ഥത ജറുസലേം മുഴുവനും പടർന്നു.ഏതു വിധേനയും ശിശുവിനെ കണ്ടു പിടിച്ച് വധിക്കണം . അല്ലാത്തപക്ഷം തൻ്റെ രാജത്വവും സുഖലോലുപമായ ആഡംബര ജീവിതവും നഷ്ടമായാലോ ?
രണ്ടാം ജറുസലേം ദൈവാലയം പുതുക്കിപ്പണിത , തുറമുഖങ്ങളും കോട്ട കൊത്തളങ്ങളും നിർമ്മിച്ച് യൂദയാ രാജ്യത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയ, ചരിത്രം “ഹേറേദോസ് ദി ഗ്രേറ്റ്” എന്നു വാഴ്ത്തിപ്പാടിയ മഹാനായ രാജാവ് ഒരു നിമിഷം സ്വാർത്ഥതയാൽ പരമദരിദ്രനായി .
ഒരു ശിശുവിൻ്റെ ജനനം തൻ്റെ എല്ലാ സന്തോഷങ്ങളെയും കെടുത്തിക്കളയും എന്നു ചിന്തിക്കുന്ന ദരിദ്രമായ മനോഭാവം “മഹാനായ ഹേറോദോസി”നെ ശിശുക്കളുടെ കൂട്ടക്കൊല നടത്താൻ പ്രലോഭിതനാക്കി .
ജ്ഞാനികളിൽ നിന്നും മനസ്സിലാക്കിയ സമയമനുസരിച്ച് അവന് ബേത്ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.മത്തായി 2 : 16

ഇന്നും ഒരു ശിശുവിൻ്റെ വരവിനെ ഭയന്നു ഗർഭാവസ്ഥയിൽ തന്നെ ശിശുവിനെ വധിക്കുവാൻ വെമ്പൽ കൊള്ളുന്നവരുടെ ദരിദ്രമായ മനോഭാവം ദിനം പ്രതി ഒന്നേകാൽ ലക്ഷം ഗർഭസ്ഥ ശിശുക്കളുടെ കൂട്ടക്കുരുതിക്ക് കാരണമാകുന്നുണ്ട് .

സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വധം കൊലപാതകം തന്നെ എന്ന ബോധ്യം ലോകത്തിനു ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ! ആദിമുതൽ എന്നേയ്ക്കും ആമ്മേൻ .

ഈശോയേ , എല്ലാ ജീവനും സംരക്ഷണവും രക്ഷയും നൽകേണമേ !

ദൈവം ദാനമായി നൽകിയ ജീവനെക്കുറിച്ചുള്ള മനോഭാവം എന്താണ് ?
“സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ കാര്യത്തിൽ എന്തായിരുന്നു നമ്മുടെ നിലപാട് ?ഒരു കുഞ്ഞിൻെറ പിറവിയിൽ നിഷേധ നിലപാട് എപ്പോഴെങ്കിലും സ്വീകരിച്ചിട്ടുണ്ടോ ?
ആരോഗ്യ സംരക്ഷണ രംഗത്തെ സേവനത്തിനിടയിൽ ഗർഭാവസ്ഥയിൽ തന്നെ ശിശുവിനെ വധിക്കുവാൻ പിന്തുണ |പ്രോത്സാഹനം നൽകിയിട്ടുണ്ടോ ?
ഒരു കുഞ്ഞിനെ പ്രസവിക്കുവാൻ -വളർത്തുവാൻ വിഷമിക്കുന്ന മാതാവിനെ |മാതാപിതാക്കളെ സഹായിച്ചിട്ടുണ്ടോ ?
SAVE A CHILD ,SAVE A FAMILY ..കഴിയുമെങ്കിൽ അതിനുള്ള അവസരം പ്രയോജനപ്പെടുത്തിയോ ?ഇനിയും അത്തരം സാദ്ധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുമോ ?
അലങ്കാരം ,ഭക്ഷണം ,വസ്ത്രം ,ആഘോഷങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അർഹതയുള്ള വ്യക്തികൾക്ക് ,കുടുംബങ്ങൾക്ക് എങ്ങനെ സന്തോഷത്തിന്, പ്രത്യാശയ്ക്കുവേണ്ടി സഹായം എത്തിക്കും ?
ഒരു കുടുംബത്തിന് ഭക്ഷണം ,ഒരു കുഞ്ഞിന് പുതിയ ഉടുപ്പ് നൽകുവാൻ കഴിയില്ലേ ? ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മാതാവിനും ശിശുവിനുവേണ്ടിയും പ്രാര്‍ഥിക്കാറുണ്ടോ ?
ജീവൻെറ ശുശ്രുഷയായ പ്രൊ ലൈഫ് പ്രവർത്തനങ്ങളിൽ കൂടുതൽ സമയം കണ്ടെത്തുമോ ?
ജീവൻെറ മഹത്വം മനസ്സിലാക്കാതെ നിരാശയിൽ കഴിയുന്ന ,എന്തിന് ജീവിക്കണം എന്ന് കരുതി പ്രത്യാശ നഷ്ട്ടപ്പെട്ട് ആത്മഹത്യയെക്കുറിച് ചിന്തിക്കുന്നവർക്കായി പ്രാർത്ഥിക്കുകയും ,കർത്താവ് പ്രേരണ നൽകുന്നവരെകണ്ട് പ്രതീക്ഷ നൽകുവാനും ,അവരെ ദൈവ സ്നേഹത്തിലേക്ക് നയിക്കുവാനും ശ്രദ്ധിക്കുമോ ?
മദ്യം ,മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടവർക്കായി പ്രാർത്ഥിക്കുമോ?അങ്ങനെയുള്ളവരെ പിന്തിരിപ്പിക്കുവാൻ ശ്രമിക്കുമോ ?
കുറ്റവാളികളാകുവാൻ സാദ്ധ്യതയുള്ള വ്യക്തികളെ ധ്യാനം ,കൗൺസിലിംഗ് എന്നിവയ്ക്കായി അയക്കുമോ ?……
ഇങ്ങനെ നമ്മുടെ സമയവും സമ്പത്തും ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കുമായി വിനിയോഗിക്കുമെന്ന് തീരുമാനിക്കുമോ . ദൈവ കൃപകൾ ഏറെ ലഭിക്കും .നമുക്കൊരുമിച് പ്രാർത്ഥിക്കാം .,പ്രവർത്തിക്കാം . സാബു ജോസ് .9446329343




എക്സിക്യൂട്ടീവ് സെക്രട്ടറി
പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ,

