• സകലനന്മസ്വരൂപനായ ദൈവമേ..
  • അവിടുത്തെ പരീക്ഷിക്കാത്തവർ അവിടുത്തെ കണ്ടെത്തുന്നു.അവിടുത്തെ അവിശ്വസിക്കാത്തവർക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു എന്ന തിരുവചനത്തെ ഹൃദയത്തിൽ സ്വീകരിച്ചു കൊണ്ട് ഈ പ്രഭാതത്തിലും നിറഞ്ഞ മനസ്സോടെ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.ഈശോയേ..ജീവിതത്തെ കുറിച്ച് ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ നിറച്ചു വച്ചാണ് ഞങ്ങൾ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്.ഇന്നിന്റെ കണ്ണീർ മഴകളെ തഴുകിയുണക്കുന്ന സന്തോഷത്തിന്റെ സൂര്യകിരണം തീർച്ചയായും നാളെ എന്റെ ജീവിതത്തിൽ ഉദിച്ചുയരുക തന്നെ ചെയ്യും എന്നു ഞാൻ നിരന്തരം വിശ്വസിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.എന്റെ കടഭാരങ്ങളൊക്കെ നീക്കി സമാധാനം നിറഞ്ഞ ഒരു ജീവിതം നൽകണമേ എന്നുള്ളതും ചിലപ്പോഴൊക്കെ എന്റെ പ്രാർത്ഥനയാണ്.കുടുംബ ജീവിതം സന്തുഷ്ടമായി തീരാൻ എന്റെ പങ്കാളിയെയും മക്കളെയും നല്ലവരാക്കി എനിക്കു തരണമേ എന്നുള്ളതും എന്റെ പതിവ് പ്രാർത്ഥന തന്നെയാണ്.പക്ഷേ അപ്പോഴൊക്കെയും എന്റെ ഇന്നത്തെ ജീവിതസാഹചര്യം എന്തു തന്നെയായിരുന്നാലും അതിന്റെ പിന്നിൽ അങ്ങേയ്ക്ക് വ്യക്തമായ ഒരു തീരുമാനം ഉണ്ടായിരിക്കുമെന്നുള്ളതും,ഇതിൽ നിന്നെല്ലാം വെളിവാകാനിരിക്കുന്ന എന്തോ ഒരു നന്മ എന്റെ ദൈവം എന്നിൽ നിന്നാഗ്രഹിക്കുന്നുണ്ട് എന്നുള്ളതും ഞാൻ അറിയാൻ ശ്രമിക്കാറില്ല.
  • ഈശോയെ..സന്തോഷങ്ങളിലും സഹനങ്ങളിലും ദൈവഹിതം നിറവേറുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും, ആഗ്രഹിക്കുകയും ചെയ്ത പരിശുദ്ധ അമ്മയുടെ മനസ്സ് ഞങ്ങളിലുമുണ്ടാവാൻ അനുഗ്രഹിക്കേണമേ.എന്നിലെ വിശുദ്ധിക്കു തടസമായി നിൽക്കുന്നതൊന്നും അവിടുന്ന് എന്റെ ജീവിതത്തിൽ അനുവദിച്ചു തരില്ല എന്ന സത്യം എന്നിലെ ഉൾവെളിച്ചമായി നിറഞ്ഞു നിൽക്കട്ടെ..അപ്പോൾ പിതാവിന്റെ ഹിതം ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നതിനു വേണ്ടി നിഷ്കളങ്കമായ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ദൈവപൈതലിന്റെ ഹൃദയഭാവം എനിക്കും സ്വന്തമായി തീരുക തന്നെ ചെയ്യും..
  • വിശുദ്ധ മലാക്കി..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. .ആമേൻ

നിങ്ങൾ വിട്ടുപോയത്